Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

28 Jan 2016

ഏറ്റുപറച്ചിലുകള്‍

ഈ ഭൂമിയില്‍ ഇത്രയും സുരക്ഷിതമായ മറ്റൊരു സ്ഥലമുണ്ടോ  എന്ന്  സംശയമാണ്. കണ്ണുനീരിന്റെ ഉറവകള്‍ നിറഞ്ഞ ആ മരകൂടുമുഴുവന്‍ സ്നേഹത്തിന്‍റെ കരവലയങ്ങളാണ്. അമ്മയുടെ ഉദരത്തിലെന്നപോലെ ദൈവത്തിന്‍റെ മടിത്തട്ടാണ് കുമ്പസാരകൂടുകള്‍. പാപത്തിന്‍റെ കലക്കവെള്ളത്തില്‍  നിറഞ്ഞു കുളിച്ചു നില്‍കുന്ന ഏതൊരുവനും  ഇതൊരു അരുവിയാണ്. ജീവന്‍റെ ശുദ്ധ ജലത്തില്‍ മുങ്ങി കുളിച്ച്,  തുറവിയുടെ ആകാശത്തിലേക്ക് കടന്നുവരാനുള്ള സ്ഥലം. ജീവിതത്തിന്‍റെ തുടിപ്പകളെല്ലാം  ഏറ്റുപറയുന്ന ഈ സ്ഥലം വിശുദ്ധമാണ്. കാരണം ഏറ്റു പറച്ചിലുകള്‍  വിശുദ്ധമാണ്. ചരിത്രത്തിലെ പുണ്യ പ്രതിഭകളെല്ലാം ലോകത്തോട്‌ ഏറ്റുപറഞ്ഞവരാണ്. വി.അഗസ്റ്റിന്‍റെ ആത്മകഥയില്‍ തുടങ്ങി ഗാന്ധിയുടെ ഏറ്റു പറച്ചിലുകളില്‍ വന്നു നില്‍ക്കുമ്പോള്‍ സത്യമായും തുറവിയുടെ അവിസ്മരണീയത എത്ര മനോഹരമാണ്. ഇന്നും അത് തുടരുകയാണ് മനുഷ്യരില്‍....ഫ്രാന്‍സീസ് പപ്പാ..! പാപ്പയും അങ്ങനെ തന്നെ. സഭയ്ക്കു വേണ്ടി ലോകത്തോട്‌ ഏറ്റു പറയുകയാണ് ആ മനുഷ്യന്‍. ജീവിതത്തിന്‍റെ ഈ ഒഴുക്കില്‍ ഏറ്റു പറച്ചിലുകള്‍ക്ക്  ഒരിടം നല്‍കണം. പൊടിപിടിച്ചു കിടക്കേണ്ട ഇടമല്ല കുമ്പസാരകൂടുകള്‍.  ജീവന്‍റെ പച്ചപ്പില്‍ പ്രാണന്‍ തുടിക്കേണ്ട ഒരിടമാണത്. മങ്ങിയെന്നു കരുതുന്ന വിളക്കുകള്‍ കത്തിച്ചു കൊണ്ട് തിരിച്ചു പോരാവുന്ന പ്രഭയുടെ സ്ഥലം. എന്‍റെ നെടുവീര്‍പ്പുകള്‍ക്കും തേങ്ങലുകള്‍ക്കും കുമ്പസാരകൂടു നല്‍കുന്ന സ്വീകാര്യതയും സുരക്ഷിതത്വവും അവിടം വിട്ടിറങ്ങുന്നവര്‍ക്ക് അനുഭവിക്കാം. അതാണ് ആ സ്ഥലത്തിന്‍റെ പവിത്രത.
           സത്യത്തില്‍ അഭിമാനിക്കണം നാം. പാപത്തിന്‍റെ ചെളിമായ്ച്ചു കളയാന്‍, ദൈവം എന്നെ കാത്തിരിപ്പുണ്ടല്ലോ എന്നോര്‍ത്ത്. എന്‍റെ പിഴ... എന്‍റെ പിഴ... എന്നൊക്കെ പറഞ്ഞു ആ കൂടിന്‍റെ സമീപം നിന്ന് കരയുമ്പോള്‍ വീണ്ടും അവനെന്ന നെഞ്ചോടു ചേര്‍ക്കുകയാണ്. ഭയപ്പാടോടെ കടന്നു ചെല്ലാതെ, കരുണയുടെ ഹൃദയത്തില്‍ മാനസാന്തരത്തിന്‍റെ വിത്തുകള്‍ പാകി തുറവിയോടെ മുട്ടു കുത്തേണ്ട സ്ഥലം.ഈ ഏറ്റു പറച്ചിലില്‍ മൂന്നു കാര്യങ്ങള്‍ നമ്മുടെ ജീവന്‍റെ ഭാഗ മാകുന്നുണ്ട്. വിനയത്തി ന്‍റെ, അനുകമ്പയുടെ, നിസ്വാര്‍ത്ഥതയുടെ പ്രകാശ മാനങ്ങള്‍. ഈ വിശുദ്ധ സ്ഥലത്തെ ഇനി നമ്മുക്ക് പ്രണയിക്കാം... അത്ര മാത്രം അഭിഷേകം നിറഞ്ഞ ഈ സ്ഥലത്ത് വിശുദ്ധിയില്‍ നില്‍ക്കാം.
" എന്നെ വെളിപ്പെടുത്തുമ്പോള്‍ നിങ്ങള്‍ എന്നെ വെറുക്കുമോ..? ഇല്ല ....നിന്നെ ഞങ്ങള്‍ കൂടുതല്‍ സ്നേഹിക്കും..."
തുറക്കുന്ന ഹൃദയത്തെ ചേര്‍ത്തു പിടിച്ചു സ്നേഹിക്കുന്നവനാണ് ദൈവം. നന്ദി ദൈവമേ..!
നിന്നോട് പറയാന്‍, നിന്നെ കേള്‍ക്കാന്‍ എനിക്കും ഒരിടം ഒരുക്കിയതിന്. 
എന്‍റെ കണ്ണുനീര്‍ സന്തോഷത്തി ന്‍റെ അരുവിയാക്കുന്ന ഇടത്തിന്....
എന്‍റെ ഏറ്റുപറച്ചിലുകള്‍ കേട്ടതിന്.... 
കുമ്പസാര കൂടിന്.... നന്ദി.

1 comment: