Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

2 Mar 2020

ശേഷിപ്പുകൾ

 

 1964 ൽ ഇറങ്ങിയ സിനിമയാണ് 'മൈ ഫെയർ ലേഡി'. സിനിമയിൽ നായകനും നായികയും പ്രണയത്തിലാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ നായകൻ തന്റെ  സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണ്, അതിൽ അയാൾ കഷ്ടപ്പെടുകയാണ്. അസ്വസ്ഥയായ നായിക നായകനോട് പറയുന്നുണ്ട്, "words, words I'm tired of words.if you love me show me." "നിന്റെ വാക്കുകൾ കേട്ട് ഞാൻ മടുത്തു. നീയെന്നെ സ്നേഹിക്കുന്നുവെങ്കിൽ, നിന്റെ സ്നേഹം പ്രവർത്തികളിലൂടെ നീ പ്രകടമാക്കുക."ക്രിസ്തു നമ്മെ കാണിച്ചത് ഇത്രമാത്രം. അവൻ കുരിശു കൊണ്ട് സ്നേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഞാനിന്നും വാക്കുകൾകൊണ്ട് കഷ്ടപ്പെടുകയാണ് അവനെ സ്നേഹത്തിൽ കുളിപ്പിക്കാൻ. പക്ഷേ പ്രവർത്തികൾ കൊണ്ട് സ്നേഹത്തെ അടയാളപ്പെടുത്താൻ ഞാൻ എന്നേ പരാജയപ്പെട്ടു. ശിരസു ഉയർത്തുമ്പോൾ ക്രിസ്തു കൈകൾ വിരിച്ച് തലചായ്ച്ചു കിടപ്പുണ്ട്. കുരിശിൽ നിന്നല്ലാതെ മറ്റെവിടുന്നാണ് സ്നേഹത്തിന്റെ ശേഷിപ്പുകൾ പഠിക്കുന്നത്.

മൈ നെയിം ഈസ്‌  ഖാന്‍ ' എന്ന ചിത്രത്തില്‍ കുഞ്ഞു ഷാരുഖ്  മനുഷ്യരെകുറിച്ചു അമ്മയോട്  ചോദിക്കുന്നുണ്ട്,അതിനുള്ള അമ്മയുടെ ഉത്തരം ഇങ്ങനെയാണ്...
''മോനെ....ലോകത്തില്‍ രണ്ട് തരം ആളുകളെയുള്ളൂ.നന്മ ചെയ്യുന്ന നല്ലവരും, തിന്മ ചെയ്യുന്ന ചീത്തആള്‍ക്കാരും''അതെ, നന്മ ചെയ്യുന്നവരും, തിന്മ ചെയ്യുന്നവരും.
ഇങ്ങനെയെ നമ്മുക്ക് നമ്മളെ പരസ്പരം കാണാന്‍ കഴിയാവു.
മനുഷ്യരെ വേറൊരു തരത്തിലും തരം തിരിക്കാന്‍ ആര്‍ക്കും കഴിയാതിരിക്കട്ടെ...
 ദസ്തയേവ്സ്കിയുടെ അപരൻ  (തെ double)എന്ന ഒരു പുസ്തകമുണ്ട്. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരെല്ലാം ഇരട്ടകളാണ്. ആകുല നായ മനുഷ്യന്റെ സംഘർഷങ്ങളാണ് അപരൻ എന്ന പുസ്തകം പറയുന്നത്. നന്മയും തിന്മയും ഇങ്ങനെ രണ്ടു തട്ടിൽ നിന്ന് ആടുകയാണ്. കുമ്പസാരത്തിനു വേണ്ടി മുട്ടുകുത്തും പോൾ മിഴി പൂട്ടി പാപ സങ്കീർത്തനങ്ങളിലേക്ക് ചേക്കേറുമ്പോൾ ചിന്തിക്കേണ്ടതും ഇതുതന്നെയല്ലേ. ചില ശേഷിപ്പുകൾ ആവശ്യമാണ്. ജീവിതത്തിൽ ശേഷിപ്പുകൾ കൂട്ടിവെച്ചവരാണ് വിശുദ്ധർ. കുഞ്ഞു കാര്യങ്ങളിലെ വിശുദ്ധിയാണ് ഇവരെയൊക്കെ രൂപ കൂട്ടിലേക്ക് എത്തിക്കുന്നത്.
 കുരിശിലേക്ക് നോക്കണം. കുരിശ് മൂന്ന് ആണികളുടെ ആഴത്തിലുള്ള ഓർമ്മകൾ തരുന്നുണ്ട്. മനുഷ്യ രക്ഷയ്ക്കുവേണ്ടി പീഡകൾ ഏറ്റെടുത്തു മരിച്ച ക്രിസ്തുവിന് ദുഃഖമല്ല, പ്രപഞ്ചത്തോടും ഉള്ള സ്നേഹം ഒന്നു മാത്രമാണ്. ആ സ്നേഹത്തെ പ്രവർത്തികളിലൂടെ പ്രകടമാകുമ്പോൾ ഞാനും മറ്റൊരു ക്രിസ്തുവാകുന്നില്ലേ? ഞാനിന്നും മറ്റൊരു കുരിശിന്റെ വഴിയിൽ  നടക്കുന്നില്ലേ? 

 നോമ്പുകാലത്ത് ഉപവാസത്തിന് ഉടുപ്പുകൾ അണിയുന്നവരാണ് നമ്മൾ. ഒരായിരം വിട്ടുകൊടുക്കൽ നടത്തിക്കൊണ്ട് എല്ലാം വേണ്ടെന്നു വെക്കാനുള്ള മനസ്സുമായി. ഉപവാസത്തിന് അപ്പുറം കുരിശിൻ ചുവട്ടിൽ നിൽക്കാൻ പറ്റുന്നുണ്ടോ? ഒരു ഉറുമ്പ് കടിച്ചാൽ പിടയുന്ന മനസ്സുമായി അലയുന്ന നമ്മളൊക്കെ, ഈ നോമ്പുകാലത്തെങ്കിലും കുരിശിലേക്ക് ഒന്നു നോക്കണം. നിശബ്ദമായ ഒരു ഗദ്ഗദം, നിർമ്മലമായ ഒരു പുഞ്ചിരി, എല്ലാം ശാന്തമായി സഹിച്ച് ഒരു മനസ്സ്, പിതാവിന് അർപ്പിച്ച ഒരു ശരീരം, എല്ലാം പൂർത്തിയായി എന്നുപറഞ്ഞ ഗുരുവിനെ കാണാം.
 2015ലെ നോമ്പുകാലം. സഹനങ്ങൾ ഒക്കെ ഏറ്റെടുക്കുന്നതിൽ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും മലയാറ്റൂർ മലയിലേക്ക് ചെരിപ്പിടാതെ പോകാം എന്നുള്ള തീരുമാനം ഉണ്ടായിരുന്നു. കൂടെ ഒരു ചങ്ങാതി. കാലടിയിൽ നിന്നാണ് നടന്നത്. ആ കാൽവരി യാത്രയിൽ പലവട്ടം തിരിച്ചു പോയാലോ എന്ന് തോന്നിയിട്ടുണ്ട്. അടുത്ത ബസ്സ് പിടിച്ചാലോ എന്ന് മനം പറഞ്ഞിട്ടുണ്ട്. കൂട്ടുകാരന്റെ അടങ്ങാത്ത ആഗ്രഹം ഒന്നുകൊണ്ടുമാത്രം ഒട്ടും വ്യക്തമല്ലാത്ത നിയോഗവുമായി മലയാറ്റൂർ അടിവാരത്തിൽ എത്തി. അവിടെ കണ്ട കാഴ്ചകൾ എന്റെ നിയോഗങ്ങൾ ക്ക് ബലമേകി. കണ്ണു തുറപ്പിച്ചത് തിരികൾ വിൽക്കുന്ന ഒരു അമ്മച്ചിയായിരുന്നു. വേദനയുടെ വിങ്ങൽ കാലുകളെ ദുർബലമാക്കിയപ്പോലാണ് അമ്മച്ചി മുൻപിൽ വന്നത്. 'തിരി വേണോ മോനെ?' വേണ്ട എന്നു പറഞ്ഞു മുൻപോട്ടു നടന്നെങ്കിലും, വീണ്ടും ചോദിച്ചു പുണ്യാളന്  കത്തിക്കാൻ തിരി വേണോ മോനേ? 
 ഒരു കൂട് തിരി മേടിച്ചു. അത് കൈയിൽ വച്ച് തരുമ്പോൾ അമ്മച്ചി പറഞ്ഞു ഈ മലമുകളിലെ വിയർപ്പു കളും വേദനകളും കണ്ണീരും ഒക്കെ വിലയുള്ളതാണ് മോനെ... നൊമ്പരങ്ങൾക്കും വേദനകൾക്കുമൊക്കെ ഉത്തരങ്ങൾ കിട്ടുന്നത് സന്തോഷം ഉള്ള കാര്യങ്ങളാണ്. അതേറ്റെടുക്കാൻ കാണിക്കുന്ന ഒരു മനസ്സുണ്ട്. ആ മനസ്സ് പ്രകടമാകുമ്പോൾ മാത്രമാണ് ജീവിതത്തിൽ കുരിശുകൾ പുഷ്പിക്കുന്നത്. പിന്നീട് നമ്മുടെ യാത്രകളെല്ലാം കുരിശിലേക്ക് ഉള്ളതല്ലേ. പിന്നീട് നമ്മുടെ വഴികളെല്ലാം കുരിശിന്റെ വഴി അല്ലേ. മിഴി പൂട്ടാം... നന്മകളുടെ ശേഷിപ്പുകൾ അത്ര വേഗത്തിൽ ഒന്നും കളഞ്ഞു പോയിട്ടില്ല.


ബിബിൻ ഏഴുപ്ലാക്കൽ mcbs

 

ഒറ്റയടിപ്പാത


 "ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വെച്ചു. ഞാൻ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവർ ആരുമില്ല, ഓടിയൊളിക്കാൻ ഇടമില്ല, എന്നെ രക്ഷിക്കുവാൻ ആളുമില്ല."

 ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നിൽക്കുന്ന മൂന്നാം സ്ഥലം. അത്രമേൽ സ്നേഹത്തിന്റെ നോട്ടം കൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയിൽ നിന്ന്,  വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാൻ പറ്റാത്ത ഞാൻ  അത്ര ചെറുതാണ്. സഹനങ്ങളുടെ മുറിപ്പാടുകളിൽ നിന്ന് ഉയിർക്കാൻ എനിക്കെന്തേ കഴിയാത്തത്? കല്ലുകൾ നിറഞ്ഞ വഴികലാണെന്നറിഞ്ഞിട്ടും കുരിശുമായി നീങ്ങാൻ മടിച്ചുനിൽക്കുന്ന ഭീരുവാണ് ഞാൻ. ആദ്യ വീഴ്ചയിലെ കുരിശ് വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പോകുന്ന ഭീരു. 
 അല്പമെങ്കിലും ക്ലേശം ഉണ്ടാകുമ്പോൾ സഞ്ചാരം സുഖമാക്കാൻ പുൽത്തകിടിയും ഇന്റർലോക്കുമൊക്കെ ഒരുക്കുന്ന ഈ കാലത്ത് മനസ്സിലും ഞാൻ ഈ സുഖ വഴികൾ ഒരുക്കിയിരിക്കുകയാണ്. നീ നടന്ന ഒറ്റയടിപ്പാത, കുരിശിന്റെ പാത അത്ര നിസ്സാരമല്ല. അതിന് കൈപ്പുണ്ട്‌. അതിനു വിലയുണ്ട്. എന്നിട്ടും വീഴ്ചകളിൽ പതറി ഞാൻ നിൽക്കുകയാണ്. വീണ്ടും പുതുചുവടുകൾ വച്ച്, സഹനത്തിന്റെ വഴിയിൽ ചരിക്കുവാൻ എനിക്ക് അത്ര മാത്രം ബുദ്ധിമുട്ടാണ്. വീഴ്ചകൾ ഉണ്ടാകുമ്പോൾ എന്നെത്തന്നെ  നിയന്ത്രിക്കുവാൻ പഠിപ്പിക്കണമേ എന്നു മാത്രമാണ് പ്രാർത്ഥന. 

 എത്രമാത്രം ഇടറുമ്പോഴും വീഴുമ്പോഴും തീരത്ത് ഒരാൾ നിൽപ്പുണ്ട്. അതിജീവനത്തിന്റെ  അപ്പം വിളമ്പുന്നവൻ. ആത്മാവിനെ അൾത്താരയാക്കുന്ന  ക്രിസ്തു സ്നേഹം. ആ മിഴികളിൽ നോക്കുമ്പോൾ വീഴ്ചകൾക്ക് ആക്കം കുറയുമെന്നു മാത്രമല്ല, കയറിവരാൻ അവൻ നീട്ടുന്ന  കരങ്ങൾ പിടിച്ചുകൊണ്ട് അവൻ നടന്ന ഒറ്റയടിപ്പാതയിൽ പോകാൻ ഒരു ബലമൊക്കെ കിട്ടും. ഇനിയും ആ തീരത്തേക്ക് ഞാൻ അടുത്തിട്ടില്ല. ഇനിയും ആ മിഴികളിൽ ഞാൻ നോക്കിയിട്ടില്ല. ഇതും തിരിച്ചറിവാണ് അവന്റെ ഒറ്റയടിപ്പാതയിൽ നടക്കാനുള്ള സുവിശേഷത്തിലെ തിരിച്ചറിവ്. 

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs