Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

18 Mar 2019

സെക്യൂരിറ്റി


ആശുപത്രി പരിസരത്ത് കുറച്ചധികം സമയം വെറുതെ നിന്നപ്പോഴാണ് ലൂയി ചേട്ടനെ പരിചയപ്പെട്ടത്, സെക്യൂരിറ്റിയാണ്. വഴി പറഞ്ഞു കൊടുക്കാനും കടന്നു വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനുമൊക്കെ അതീവ ജാഗ്രതയോടെ ലൂയി ചേട്ടൻ നിൽക്കുന്നത് കാണാൻ രസമായിരുന്നു.
ഞങ്ങളുടെ സംഭാഷണങ്ങൾക്കിടയിലും അദ്ധേഹം അതൊക്കെ തുടർന്നുകൊണ്ടിരുന്നു. വീടടുത്താണ്, 2 മക്കൾ. ഏതൊരു കുടുംബത്തേയും പോലെതന്നെ ഭാരം മുഴുവൻ വഹിക്കുന്ന വിയർക്കുന്ന ഒരപ്പൻ. തൻ്റെ ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും പറയുമ്പോഴും ഒരു പുഞ്ചിരി നഷ്ടമാക്കാതെ പറയാൻ ലൂയി ചേട്ടനു കഴിഞ്ഞു. പതിവു രീതിയിൽ 'എല്ലാം ശരിയാകും' എന്ന മനപാഠ ഉത്തരത്തിൽ അവിടം വിടുമ്പോൾ തൊട്ടാണ് സെക്യൂരിറ്റി ചേട്ടൻമാരെ നിരീക്ഷിച്ചു തുടങ്ങുന്നത്. എൻ്റെ അപ്പൻ്റെ പ്രായമാണ് പലർക്കും. പ്രായത്തിൻ്റെ ആലസ്യമൊക്കെ ഉണ്ടായിട്ടുപോലും സ്വന്തമായി വിയർപ്പൊഴുക്കുന്ന ചിലർ.
രാവിലെ മുതൽ ഒരു യൂണിഫോമിൻ്റെ പിൻബലത്തിൽ ആ ഇടത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്താൻ അവരിങ്ങനെ നിലകൊള്ളുന്നു. സുരക്ഷിതത്വമാണവർ തരുന്നത്. പ്രായത്തിൻ്റെ തളർച്ചകളുണ്ടെങ്കിലും അവർ സെക്യൂരിറ്റികളാണ്. ഒന്ന് തള്ളിയാൽ ഇടറി വീഴുന്ന ദുർബലരാണതിൽ പലരും, എങ്കിലും അവർ സെക്യൂരിറ്റികളാണ്.

മാർച്ച് 19 ഔസേപ്പിതാവിൻ്റെ ഓർമ്മയാണ്. ജോസഫും അത്രമാത്രമല്ലേ ചെയ്തത്. സെക്യൂരിറ്റി ചേട്ടൻ്റെ പണി. തിരുകുടുംബത്തെ സുരക്ഷിതമാക്കി. ഒരശ്രദ്ധ കൊണ്ടു പോലും മറിയത്തിനും കുഞ്ഞിനും മങ്ങലുണ്ടാകരുതെന്ന് ആഗ്രഹികുന്ന അപ്പനാണവൻ. നമ്മുടെ അപ്പൻമാരും ജോസഫിനെപ്പോലെ തന്നെ.....
ജീവിതം സുരക്ഷിതമാക്കാൻ വെയിലു കൊള്ളുന്നവർ. എല്ലാ അപ്പൻമാർക്കും ജോസഫിൻ്റെ മുഖമാണ്.സംരക്ഷണത്തിൻ്റെ ചിറകുകൾക്കിടയിൽ അവർ നമ്മെ ചേർത്തു പിടിക്കുന്നതിൻ്റെ ബലത്തിലാണ് ഓരോ കുടുംബവും പറന്നുയരുന്നത്.

നസ്രത്തിലെ ആ താനാണ് താരം. വിയർപ്പിൻ്റെ, തൊഴലിൻ്റെ ആത്മീയ ദൂരം അവനിൽ നിന്ന് തുടങ്ങുകയാണ്. തിരുകുടുംബത്തിന് സുരക്ഷിതത്വം നൽകുക എന്നതായിരുന്നു ജോസഫിൻ്റെ വിളി. ഒരു സെക്യൂരിറ്റിയാവുക. അപ്പൻ ആലിപ്പഴം പോലാണെന്ന് കേട്ടിട്ടുണ്ട്. അമ്മയെന്ന മഴയിൽ ഇടയ്ക്കൊക്കെ നമ്മൾ നനയാറുണ്ട്. പക്ഷെ അപ്പൻ ആലിപ്പഴം പ്പോലെ.....! വർഷത്തിൽ ഒന്നോ രണ്ടോ.., അത്രയുള്ളു. സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും ചില സ്വർഗ്ഗീയ നിമിഷങ്ങൾ നൽകാൻ അപ്പൻമാർ ഇടയ്ക്കൊക്കെ വരും..... സുവിശേഷത്തിലെ ജോസഫിനെപ്പോലെ, ആലിപ്പഴം പോലെ.

ജോസഫുമാർ നമ്മുടെ അപ്പൻമാരാണ്. ഇത് അവരുടെ ദിനം കൂടിയാണ്. അധികമൊന്നും സ്നേഹം പുറത്തു കാണിക്കാതെ അവരിങ്ങനെ ഗൗരവത്തിൻ്റെ മുഖംമൂടിയിൽ ഉള്ളു നിറയെ തുളുമ്പുന്ന സ്നേഹവുമായി കൂടെയുണ്ട്. തച്ചനും ഉണ്ണിമിശിഹായെ വളർത്തിയവനുമായ ജോസഫിനെ ഓർക്കുന്ന ഇന്ന് നമ്മുടെ കുടുംബത്തെ സെക്യൂരിറ്റിമാരെ ഓർക്കാം. ദൂരെ വല്ലോം ആണെങ്കിൽ ഒന്ന് വിളിക്കാം. അതുമല്ലെങ്കിൽ മിഴി പൂട്ടി ഒന്നോർക്കാം.
കുഞ്ഞുനാൾ മുതൽ വളർത്തിയെടുത്ത്  ചിറകുകൾക്ക് ജീവൻ നൽകിയ അപ്പനെ. ആ വിയർപ്പിൽ നമ്മുടെ അന്നമുണ്ട്. ജീവിതത്തിന് ഒരു 'സെക്യൂരിറ്റി' ഉണ്ട്. തച്ചനാണ് താരം, ജോസഫ് !

മാർച്ച് 19
(ഔസേപ്പിതാവിൻ്റെ മരണതിരുനാൾ)

ഫാ. ബിബിൻ ഏഴുപ്ലാക്കൽ Mcbs

7 Mar 2019

പ്രിയപ്പെട്ട അമ്മയ്ക്ക്

"അമ്മയ്ക്കൊരു പനി വന്നാൽ നിശ്ചലമായി പോകുന്ന കടലുകളാണ് ഓരോ വീടും" എഴുതിയത് ഒരു ചങ്ങാതിയാണ്. ഈ പെൺ ദിനത്തിൽ ശിരസ്സു നമിച്ച് ആ പാദങ്ങളിൽ തൊട്ടെ മതിയാവു! നമ്മുടെ അമ്മമാരുടെ. ഒരേ സമയം ഒരുപാട് കുട്ടികളെ താലോലിക്കാനും ജീവതത്തിലെ മുറിവുണക്കാനും അവൾക്കാണ് എളുപ്പം. പലപ്പോഴും പുരുഷ വീരൻമാരേക്കാൾ അവൾക്കാണ് വേദന താങ്ങാൻ കഴിയുക. ഒരു കുടുംബത്തിന് നൽകുവാൻ വേണ്ടുവോളം സ്നേഹവും കരുതലും അവളിലുണ്ട്. അതിജീവനത്തിൻ്റെ പാഠങ്ങൾ നിങ്ങളാണ് പഠിപ്പിക്കുന്നത് അമ്മമാരേ! നിങ്ങൾ അതിജീവിക്കുന്നതും ഞങ്ങൾക്കു വേണ്ടിയല്ലേ...!

ഒട്ടുമിക്ക ദിവസങ്ങളിലും നിറമിഴികളോടെ അരികിൽ വരുന്ന ഒരു അമ്മയുണ്ട്. വാക്കുകൾ അധികമില്ലാത്ത ഒരമ്മ. കണ്ണീരിൽ കുതിർന്ന ആ സാരി തുമ്പിൽ എത്ര കടലുകളുണ്ടാവും...! പറയുന്നത് മുഴുവൻ മകനെ കുറിച്ചാ... ഒരു വാക്കു പോലും കുറ്റമല്ല. മറിച്ച് അവൻ നടന്നു പോകേണ്ട അല്ലെങ്കിൽ അവൻ നന്നാവേണ്ട നല്ല വഴികളെക്കുറിച്ച്. ഒടുവിൽ ഒരു ഗദ്ഗദമുണ്ട്... " ശരിയാകുമായിരിക്കും അല്ലേ... ശരിയാകൂന്നേ..!
ഇത്രമാത്രം സ്നേഹവും കരുതലും തരാൻ മറ്റാർക്കാണ് പറ്റുക. എഴുതപ്പെടുന്നതും പറയപ്പെടുന്നതുമെല്ലാം അമ്മമാരേകുറിച്ചാണ്. ഇനിയും കണ്ണുതുറന്ന് കാണാൻ പാകത്തിൽ അവരൊക്കെ ഇവിടെത്തന്നുണ്ട്.

ജീവിതത്തിൽ അമ്മ ഇല്ലാതാകുന്ന നിമിഷം തൊട്ട് നമ്മുക്ക് വയസ്സായി തുടങ്ങുന്നു.എത്ര തളർന്നാലും വൈകിയാലും ഓടിചെന്നാൽ കിട്ടുന്ന ഒരു മടിതട്ട് നഷ്ടമാകുന്നു. ഇടയ്ക്കൊക്കെ ഒരു പനി വരുന്നത് നല്ലതാ... അമ്മയുടെ സ്നേഹം നിറച്ച ചുക്കുകാപ്പി കൂടിക്കാൻ, ആ സ്നേഹത്തിൻ്റെ വാത്സല്യം നെറ്റിയിൽ തലോടലായറിയാൻ, രാത്രിയിൽ പനിച്ച് വിറച്ച് അമ്മയുടെ ചാരെ കിടന്നുറങ്ങാൻ... ഇടയ്ക്കൊക്കെ ഒരു പനി നല്ലതാ..! ഇനി അതുമല്ലെങ്കിൽ  ആ സ്നേഹത്തിൻ്റെ ഓർമ്മയിൽ നിറയാൻ.

ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ജീവിതത്തിൽ കാത്തിരിക്കാൻ ആരുമില്ലെന്ന്... ഡിയർ ബ്രോ, രാത്രി വൈകി വീട്ടിലേക്ക് ചെല്ലുക. വെള്ളമൊഴിക്കാതെ ചോറിന് കാവൽ നിൽക്കുന്ന ഒരു നിഴൽ അടുക്കളയിലുണ്ടാവും. ആ കാത്തിരിപ്പിൻ്റെ പേരാണ് അമ്മ. 'എനിക്കറിയാം' എന്ന് നീ പറയുന്നത് വരെ നിന്നെ അറിഞ്ഞത് നിൻ്റെ അമ്മയായിരുന്നു. ആ നീ ഇപ്പോ പറയുവാ," ഈ അമ്മക്ക് ഒന്നും അറിയില്ലെന്ന്" ഇന്ന് ഫേസ് ബുക്കിൽ വായിച്ച നന്ദുവിൻ്റെ പോസ്റ്റ് കിടുവാ...
" അമ്മേ...
വനിതാദിനമായിട്ട് എന്താ പരിപാടി..?"

" അടുപ്പത്ത് അരിയിട്ടിട്ടുണ്ട്,
കറിയുണ്ടാക്കാൻ അരിയാനെടുക്കണം,
വീടടിച്ചു വാരണം,
പിന്നെ തുണിയൊക്കെ അലക്കിയിട്ടിട്ട് 'ചന്ദനമഴ' കാണണം"
ആഹാ... ബെസ്റ്റ്!

(വനിതാ ദിനം 2019)
ഫാ. ബിബിൻ ഏഴുപ്ലാക്കൽ MCBS