Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

6 Nov 2018

"ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലെ"..? ബെന്യാമിന്റെ ആടുജീവിതത്തിന്‍റെ 
ആദ്യഅദ്യായത്തിലെ വരികള്‍.
ആഗ്രഹങ്ങള്‍  അസ്തമിച്ച മനുഷ്യരുടെ മനസ്സുവായിക്കുവാന്‍  ഇടയായപ്പോള്‍ മനസ്സിലായി ആഗ്രഹങ്ങളോടൊപ്പം അവരില്‍ അവസാനിച്ചത് പ്രതീക്ഷകള്‍ ആണെന്ന്.
ചിലരെങ്കിലും മരണത്തിന്‍റെ മണം കാത്തിരിപ്പുണ്ട്. നമ്മുടെ ഉറ്റവരുടെ ആഗ്രങ്ങളിലേക്ക് ഒന്ന് നടന്നാലോ...! അത് ചിലപ്പോള്‍ അപ്പന് നല്‍കുന്ന ഒറ്റമുണ്ടാകാം, അമ്മക്ക് നല്‍കുന്ന ഫോണ്‍വിളിയാകാം... ചിലരെങ്കിലും ഈ ആഗ്രഹങ്ങളൊക്കെയും മനസ്സിലിട്ടു താരാട്ട് പാടുന്നുണ്ട്...ചാര്‍ളി ചാപ്ലിന്‍ പറയുന്നപോലെ "ജീവിതമെന്നാല്‍ ആഗ്രങ്ങളല്ലാതെ മറ്റെന്താണ്.." 
ഈ കൊച്ചു ജീവിതത്തില്‍ ക്ലെച്ചുപിടിക്കാതെ  വഴിമുട്ടി നില്‍ക്കുന്നവരുമുണ്ടെന്നേ... ഒരു പുഞ്ചിരി കൊണ്ട് പോലും ഹാപ്പിയാകുന്നവരുള്ള നാടാണിത്.
ഓര്‍ക്കണം നമ്മുടെ ഉറ്റവരുടെ  ആഗ്രഹങ്ങളായിരുന്നു ഇന്നത്തെ "നാം"..!
                                   ബിബിന്‍ ഏഴുപ്ലാക്കല്‍

കണക്ക്


പേര് വിനു.
വിനുകുട്ടനെന്ന് വീട്ടിലും
വിനു മാത്യുവെന്ന് സ്കൂളിലും വിളിച്ചു.2

കണക്കു ടീച്ചർ പറഞ്ഞ
കണക്കുകൾക്കെല്ലാം
വിനു മാത്യു ഒന്നാമനായി.

വിനു കുട്ടനാണ് അച്ഛന്റെ
കീശയിലെ ചില്ലറകൾ എണ്ണിയിരുന്നതും.

കണക്കിന്റെ രസം പിടിച്ച വിനു മാത്യു
എഴുതിയ പരീക്ഷകളെല്ലാം ഒന്നാമൻ.

വിനുക്കുട്ടൻ എണ്ണിയ
ചില്ലറ തുട്ടുകൾ
കൂടി വച്ചിട്ടതിൽ നിന്നൊരെണ്ണം
നീട്ടുമ്പോൾ തിളങ്ങിയ
ദിനേശന്റെ പീടികയിലെ
പ്യാരീസ് മിഠായി.

ഓണ പരീക്ഷയുടെ
മാർക്കുവന്ന ദിവസം,
കണക്ക് ടീച്ചർ വിളിച്ചു...
അമ്പിളി കൃഷ്ണൻ - 18
വിഷ്ണു  cv- 21
ജോൺ പോൾ  - 34
വിനു മാത്യു - 48 വെരി ഗുഡ്.
" എല്ലാരും കണ്ടു പഠിക്ക് "

തിടുക്കത്തിൽ
കുതിച്ചു ചാടി വീട്ടിലേക്ക്
ഓടിയ വിനു കുട്ടൻ അച്ഛനെ നോക്കി
"അച്ഛാ.... 48 "

ചേർത്ത് പിടിച്ച് അച്ഛൻ
"ഇന്ന് കീശയിൽ ചില്ലറയില്ല
കവിളത്ത് ഞാൻ രണ്ട് മുത്തം തരാം...
"50 ന്റെ തിളക്കത്തിൽ വിനുകുട്ടൻ"
കണക്കുകൾ പിഴയ് ക്കാതിരിക്കറ്റെ.

ബിബിൻ ഏഴുപ്ലാക്കൽ

5 Nov 2018

പ്രളയം കഴിഞ്ഞിട്ടില്ല

സത്യത്തിൽ പ്രളയം കഴിഞ്ഞിട്ടില്ല! കേരളത്തിന്റെ ഹൃദയത്തിൽ പ്രളയത്തിന്റെ അംശങ്ങൾ ഇന്നും ഇരമ്പുന്നുണ്ട്. എന്നിട്ടും കോലാഹലങ്ങളുടെയും, അക്രമങ്ങളുടെയും നടുവിൽ നിൽക്കാനാണ് നമുക്കിഷ്ടം. മുക്കുവർ, പ്രളയത്തിൽ രക്ഷയുടെ വഞ്ചിയൊരുക്കിയവർ സങ്കടപ്പെടുന്നു കാണും... ഇത്രമാത്രം ചേർത്തുപിടിച്ചിട്ടു പോലും നമ്മൾ പോരിനിറങ്ങിയതിനെയോർത്ത്...
പ്രളയം പഠിപ്പിച്ച ചില പാഠങ്ങൾ മറന്നു പോകരുത്. അത്ര നിസ്സഹയരാണ് ചിലപ്പോൾ മനുഷ്യർ. ചില വീണ്ടുവിചാരം നമ്മുക്ക് നല്ലതു തന്നെ...
നന്മയുടെ ശേഷിപ്പുകൾ ബാക്കിയുണ്ടാവണം എന്ന ഓർമ്മപ്പെടുത്തലാണ് പ്രളയം തന്നത്, പഠിപ്പിച്ചത്. പക്ഷെ നമ്മൾ മറന്നു... ഒരു ചങ്ങാതി ആ ദിവസങ്ങളിൽ കുറിച്ചിട്ടത് ഓർക്കുന്നു"പ്രകൃതി വിതച്ചത് പ്രളയം, പ്രളയം കൊയ്യുന്നതോ... പ്രണയമാണ് "
ശരിയാണ് പ്രളയം അപരനെ സ്നേഹിക്കാനാണ് പഠിപ്പിച്ചത്, അത് അങ്ങനെ തന്നെയാണ്. പക്ഷെ അത്ര ചൂടാറും മുൻപുതന്നെ നാം തള്ളി പറഞ്ഞു തുടങ്ങി, കല്ലുകൾ എടുത്ത് തുടങ്ങി, പല കൊടികൾ നാട്ടിതുടങ്ങി, ചൂടേറിയ ചർച്ചകൾക്കും കളമൊരുക്കി.

ഓർമ്മകൾ പ്രളയകാലത്തേക്ക് സഞ്ചരിക്കുന്നു... മെല്ലെയാണ്...! ശക്തമായ അതിജീവനത്തിന്റെ കഥകൾ, പോരാടിയ വഞ്ചികളും അതിലെ മാലാഖമാരായ നമ്മുടെ ചേട്ടൻമാരും, ദുരിതാശ്വാസ ക്യാമ്പിൽ പൂക്കളമിട്ട് സദ്യയുണ്ട നമ്മുടെ കഴിഞ്ഞ ഓണം, സ്വന്തം മേൽക്കൂര കാണാതെ നമ്മൾ ഒരുമിച്ച് ഉറങ്ങിയ സ്കൂളുകൾ, അരി തൊട്ട് പെങ്ങന്മാർക്കുള്ള പാഡുകൾ വരെ നാം ആദരവോടെ സ്വരൂപിച്ചെടുത്തു, അന്ന് ചർച്ച ചെയ്യാനും പരസ്പരം പറയാനുക്കുമൊക്കെ ഒന്നേ ഉണ്ടായിരുന്നുള്ളു... അതിജീവനം! പരസ്പരം ജീവിതം തിരിച്ചുപിടിക്കാനുള്ള വെമ്പലായിരുന്നു നമുക്ക്.
ഇടയ്ക്ക് മിഴി പൂട്ടി ഒന്നിരിക്കണം... ഓർമിച്ചെടുക്കണം....ആരുടെയൊക്കെയോ കരുണകൊണ്ട് മാത്രം എന്ന നിലനിർത്തിയ സ്നേഹത്തേകുറിച്ച്...
എന്റെ സ്വപ്നങ്ങളെയും ഉറ്റവരെയുമൊക്കെ ബാക്കിയാക്കിയത് ഇവിടെ നന്മയുടെ ശേഷിപ്പുകൾ ബാക്കിയുള്ളതുകൊണ്ട് മാത്രമാണ്.

അഭിപ്രായ വിത്യാസങ്ങളും ഇഷ്ടകേടുകളുമൊക്കെ നമുക്ക് വേണം, " ജീവൻ " എന്ന മഹനീയതയെ ബഹുമാനിച്ചുകൊണ്ട് മാത്രം. കാരണം ആരുടെയൊക്കെയോ കരുതലിന്റെ, സ്നേഹത്തിന്റെ മിച്ചം മാത്രമാണ് ഞാൻ. ഡാമിൽ നിന്ന് ആർത്തുലച്ചു വരുന്ന വെള്ളത്തിന്റെ ശബ്ദം കേൾക്കാതെ, കുത്തിയൊലിച്ചുവരുന്ന മണ്ണും മരവും കാണാതേ, തന്റെ കൈകളിൽ പനി കൊണ്ട് വിറയ്ക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ച് ചെറുതോണി പാലത്തിനു കുറുകെ ഓടിയ കന്നയ്യയെ നാം മറന്നോ...? കുട്ടിയുമായി കുത്തൊഴുക്ക് കടന്ന് കന്നയ്യ കുമാർ ഓടി കയറിയത് മലയാളി ഹൃദയത്തിലേക്കാണ്.... കന്നയ്യയെപ്പോലെ പലരും ഓടി... പലരും ചേർന്നു നിന്നിട്ടുമുണ്ട്... ഓർക്കണം. ഓർത്തേപ്പറ്റു....
മിഴി പൂട്ടുന്നു. കണ്ണുകൾ അൽപ്പം കഴിഞ്ഞെ ഇനി തുറക്കുന്നുള്ളു...പ്രളയം ഉള്ളിൽ തന്നെയുണ്ട്. ജലം ഉയരുന്നതും, താഴുന്നതുമൊക്കെ ഉള്ളിൽ തന്നെയുണ്ട്....! ഓർമ്മകളെ മറയരുതേ...!

🌿🕊🕊🌿
ഫാ. ബിബിൻ ഏഴുപ്ലാക്കൽ Mcbs