Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

6 Dec 2019

പുതിയ ആകാശം

പുതിയ ആകാശം 
------------------------------------

ലോകത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ ഡോട്ട് കോംമിന്  ബദലായി വന്ന യാഹു ഡോട്ട് കോമിൽ എക്സിക്യൂട്ടീവ് ഓഫീസർ ആയി മരീസ മെയർ 2012 ജൂലൈ 16ന് നിയമിതയായപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു:
"madam, what are your topmost priorities  as ceo of yahoo.com?"എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗൂഗിൾ ഡോട്ട് കോമിന്റെ മുൻ വൈസ് പ്രസിഡണ്ടും മുഖ്യ വ്യക്തവും ആയിരുന്ന മരീസ മെയർ പറഞ്ഞു
"first, God.second, my family, third yahoo.com." ഒന്നാം സ്ഥാനം ദൈവത്തിന്, രണ്ട് എന്റെ കുടുംബം, മൂന്ന് yahoo.com. 2013 ൽ Fortune മാസിക ലോകത്തിലെ ഏറ്റവും ശക്തയായ മുപ്പത്തിരണ്ടാമത്തെ സ്ത്രീയായി പ്രഖ്യാപിച്ച മരീസയുടെ പ്രതികരണം താൽക്കാലിക നേട്ടങ്ങൾക്കായി ദൈവത്തെയും കുടുംബത്തെയും മറക്കുന്നവർ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഈ പ്രഖ്യാപനം നടത്തിയപ്പോൾ മരീസയ്ക്ക് 37 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പുകളാണ് പ്രധാനം.  തിരഞ്ഞെടുപ്പിലാണ് 
 ദൈവാനുഗ്രഹത്തിന്റെ രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നത്.ഓരോ പുലരിയും പൂവിടരുന്നപോലെ ചില സൗന്ദര്യങ്ങൾ നമുക്കും ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. അത് പുതുവർഷത്തിൽ ആകുമ്പോൾ ജീവിതത്തിന്റെ പ്രതീക്ഷകളും അർത്ഥങ്ങളും കൂടുതൽ മധുരമാകുന്നു. സ്നേഹത്തിന്റെ പട്ടങ്ങൾ ഓരോന്നും അയച്ചുകൊടുക്കുന്ന കുഞ്ഞുകുട്ടിയുടെ പിഞ്ചു മനസ്സുമായി നമ്മളിങ്ങനെ നിൽക്കുകയാണ്. ഒരായിരം സൗഹൃദങ്ങളുടെ ഓർമ്മച്ചെപ്പിൽ പുതിയതിനെ വരവേൽക്കാനായി നമ്മൾ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിലാണ് നമ്മുടെയൊക്കെ ജീവിതങ്ങൾക്ക് മിഴിവും അർഥവും ലഭിക്കുന്നത്. ഈ പുതുവർഷത്തെ ഒന്നു മാറ്റി പിടിച്ചാലോ? എന്നും നന്മ നിറഞ്ഞ വീട്ടിലാണ് സ്നേഹത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുന്നത്. ആ വാതായനങ്ങൾ തുറന്നു കൊണ്ട്, ചില മാറ്റങ്ങൾക്ക് ഞാനും കാരണമാകേണ്ടതുണ്ട്. 
 തിരഞ്ഞെടുപ്പുകൾ ആണ് മുഖ്യം. എന്റെ തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ്? 

വായിച്ചു കേട്ടത് ഓർക്കുന്നു, മുളം തണ്ടിൽ നിന്ന് സംഗീതത്തിലേക്കുള്ള ദൂരം 7 മുറിവുകളുടെതാണ് എന്ന്.മുറിവുകൾ ഉണ്ടായാലെ, സഹനങ്ങൾ ഉണ്ടായാലേ ജീവിതത്തിന്റെ സംഗീതം ഒഴുകുക യുള്ളൂ. ചില മുറിവുകൾ എന്നിലും സംഭവിക്കണം. അത് ചിലപ്പോൾ അഴുകലുകളാണ്. ചില ഇല്ലായ്മകളാണ്. വിട്ടുകൊടുത്തുകൊണ്ട് ശൂന്യ വൽക്കരണത്തിന്റെ പാതയോരങ്ങളിൽ അപരനെ കണ്ടുമുട്ടുന്നവനാണ് ചങ്ങാതി. ഈ പുതുവർഷം അപ്രകാരമുള്ള ചില കണ്ടുമുട്ടലുകളുടെ കൂമ്പാരമാകട്ടെ. 
 കണ്ടിട്ടില്ലേ മൊബൈൽ ഫോൺ ഇടയ്ക്കൊക്കെ  നോട്ടിഫിക്കേഷൻ തരുന്നത്... നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് ഒരു ചെറിയ പ്രകാശം കത്തുന്നുണ്ട്, ഒരു ശബ്ദവും. ഇതൊരു ഓർമ്മപ്പെടുത്തലാണ്. ഉള്ളിൽ കരുതേണ്ട വെട്ടം, ഇടക്കൊക്കെ ഇങ്ങനെ മിന്നി കാണണമെന്ന്. ഒരു തിരിയിൽ നിന്ന് ഒരായിരം വിളക്കുകൾ തെളിയുന്ന പോലെ ഈ പുതുവർഷം ഒരു ഓർമ്മപ്പെടുത്തൽ തരികയാണ്. നിന്റെ ചില തിരഞ്ഞെടുപ്പുകൾ ഇനിയും കൃപകളുടെ പുതു വഴിയിലൂടെയുള്ള സഞ്ചാരമാകണമെന്ന്. 

 അടുത്തകാലത്ത് വായിച്ച ഒരു പുസ്തകത്തിന് ശീർഷകം ഇതാണ്
"My stolen years". ജയിലിലടക്കപ്പെട്ട ഒരു വ്യക്തി തന്റെ ജയിൽവാസ വർഷങ്ങളെകുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേരാണിത്. നമുക്കുമുണ്ട് ചില അപഹരിക്കപ്പെട്ട കാലങ്ങൾ. ഇതൊക്കെ ഒന്ന് മിഴി പൂട്ടി ഓർമിക്കണം, കഴിഞ്ഞകാലങ്ങളിൽ ചിലതൊക്കെ ആരൊക്കെയോ കട്ടെടുത്തിട്ടുണ്ട്. അതൊരുപക്ഷേ എന്റെ ചില തെറ്റായ തീരുമാനങ്ങളിൽ നിന്നാണ്. 
 ഏശയ്യാ പ്രവാചകനിലൂടെ കർത്താവു പറയുന്നത് ഓർക്കുന്നില്ലേ.ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍െറ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍െറ മഹത്വം നിന്‍െറ മേല്‍ ഉദിച്ചിരിക്കുന്നു.
ഏശയ്യാ 60 : 1. ഓരോ പുതുവർഷവും ഉണർന്നു പ്രശോഭിക്കാൻ ഉള്ളതാണ്. 
 ഈശോ കാത്തിരിപ്പിന്റെ തമ്പുരാനാണ്. 'ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ' എന്ന പേരിൽ സുകുമാർ അഴീക്കോട് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മനോഹരമായ പുസ്തകമാണ്. ഇന്ത്യയുടെ ആകാശം നഷ്ടപ്പെടുന്നുണ്ട് എന്നദ്ദേഹം ആകുല പ്പെടുന്നു. എനിക്കു മുകളിലും ഒരു ആകാശം ഉണ്ട്. ചില കാരുണ്യത്തിന്റെ ആകാശങ്ങൾ. വാത്സല്യത്തിന്റെ ആകാശങ്ങൾ. സ്നേഹത്തിന്റെ ആകാശങ്ങൾ. 
 എനിക്ക് എന്റെ ആകാശം നഷ്ടപ്പെടുന്നുണ്ടോ? 

 ഓരോ ജനുവരിയും ഒരായിരം പുത്തൻ തീരുമാനങ്ങളുടെ മാസമാണ്. പക്ഷേ ജീവിതത്തിന്റെ ഓട്ട മത്സരത്തിനിടയിൽ നമ്മൾ മറന്നു പോവുകയാണ്, എന്റെ തീരുമാനങ്ങളുടെ പുസ്തകത്തിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ. ജനുവരിക്ക് ശേഷവും ആത്മാവിനെ അൾത്താരയാക്കുന്ന ചില നന്മകളുടെ കൂമ്പാരങ്ങളുമായി, പുണ്യങ്ങളുടെ ശേഷിപ്പുകളുമായി ഈ വർഷത്തിലേക്ക് ഞാൻ കിടക്കട്ടെ. പുഞ്ചിരിച്ചുകൊണ്ട് നമ്മൾ പറയാറില്ലേ, ഹാപ്പി ന്യൂ ഇയർ.! ആ ഹാപ്പിനസ് ജീവിതത്തിൽ  നിറഞ്ഞു നിൽക്കട്ടെ. 
 കൃതജ്ഞതയോടെ പുതിയ തീരുമാനങ്ങളുടെ പട്ടികയിൽ സ്നേഹവും,  കരുണയും എഴുതി ചേർത്തുകൊണ്ട് ഈ പുതുവർഷത്തിലേക്ക് പ്രവേശിക്കാം.
 നമുക്ക് മുകളിൽ സ്നേഹത്തിന്റെ പുത്തൻ ആകാശങ്ങൾ നിറഞ്ഞു തന്നെ നിൽപ്പുണ്ട്. അത് കാരുണ്യത്തിത്തിന്റെ, വാത്സല്യത്തിന്റെ ആകാശങ്ങളാണ്.പുതിയ ആകാശം.
ആകാശത്തിനു താഴെ കൃപകളുടെ തണലിൽ നമുക്ക് ചേക്കേറാം.
ഹാപ്പി ന്യൂ ഇയർ!

ബിബിൻ ഏഴുപ്ലാക്കൽ mcbs