Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

17 Aug 2014

യാത്രയിൽ ... (കഥ )

ഇനി ഒരു നീണ്ട യാത്രയുണ്ടെങ്കിൽ അത് ദുഷ്കരമാകില്ലെന്ന് എനിക്കുറപ്പാണ് .
തുടക്കം മുതൽ ഒടുക്കം വരെ ഇരിക്കാൻ സ്ഥലമില്ലാതെ....അങ്ങനെ ....
ആ യാത്രയിൽ എനിക്ക് വാതിൽപടിയിലെ സ്ഥലംതന്നെ  ധാരാളമായി തോന്നി.....
പുറംകാഴ്ചകളും കണ്ട് ഞാൻ അവിടെ നിന്നു....
ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു ....
ശരിക്കും മടുത്തു...!
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് "ഷാൻ" എൻറെ അടുത്തുവന്നത്.
ആ യാത്രയിൽ അവൻ എൻറെ ഒപ്പം കൂടി ...അവനും ഇരിക്കാൻ സ്ഥലമില്ലയിരുന്നു ...!
ഉള്ളിൽ എനിക്ക് ചിരി വന്നു ....
അവനും ചിരിച്ചു....
തികച്ചും അവിചാരിതമായി തുടങ്ങിയ വർത്തമാനം ആ യാത്രയുടെ പ്രയാസം  എല്ലാം
എന്നിൽനിന്നകറ്റി...
എൻറെ ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി ഒളിപ്പിച്ച അവന്റെ ഉത്തരങ്ങൾ!
ജീവിതത്തെ അതിന്റെ ആസ്വാദനത്തിൽ കാണുന്ന ഒരാളായി ഷാനിനെപറ്റി എനിക്ക് തോന്നി .
ഷാൻ പറഞ്ഞതിലെല്ലാം എൻറെ കഥകളും ഉണ്ടായിരുന്നു ..
അവന്റെ അഭിരുചികളും ഇഷ്ടങ്ങളും എന്റെയും ഇഷ്ടങ്ങൾ തന്നെ !
അവൻ ഒത്തിരി ഇഷ്ടപെടുന്ന പാട്ടുകൾ എന്നെ കേൾപ്പിച്ചു...അതിലെന്റെയും ഇഷ്ടഗാനങ്ങൾ ...!
അവന്റെ ഇഷ്ട എഴുത്തുകാർ എന്റെയും ....
മനസ്സിൽ ഒരുതരം  തണുപ്പ് നിറയുന്ന അവസ്ഥ ...
ഒരു പക്ഷെ എൻറെ സുഹൃത്തുക്കൾക്കു പോലും
എൻറെ ഇഷ്ടങ്ങൾ ദഹിക്കില്ല.
എന്നിട്ടും ഇതെങ്ങനെ...
ഈ യാത്രയിലെ ഞങ്ങളുടെ ചങ്ങാത്തം ചിലപ്പോൾ അടുത്ത സ്റ്റോപ്പിൽ അവസാനിക്കും ...!
അവൻ അവന്റെ സ്ഥലത്തേക്ക്, ഞാൻ എൻറെ സ്ഥലത്തേക്ക് ...
ചിലപ്പോൾ ജീവിതം എങ്ങനെയോക്കെതന്നെ ...
പ്രതിക്ഷിക്കാത്ത ആളുകൾ, സ്ഥലം, വാക്കുകൾ....
ട്രെയിൻ പാഞ്ഞു തുള്ളി ഓടുന്നു ...
ഞങ്ങൾ പിരിയാൻ പോകുകയാണ് ...
അവന്റെ സ്റ്റോപ്പ്‌ അടുത്തു തുടങ്ങി ...
"വീണ്ടും കാണാം" എന്ന സ്ഥിരം പല്ലവി പറഞ്ഞ് പിരിയാൻ പോകുന്നു ...
അവൻ ഇറങ്ങാൻ തയ്യാറായി നിന്നു.
മൊബൈൽ നമ്പർ ചോദിച്ചാലോ ...?
വേണ്ട .... എന്തിന്...!
ഇവനെ ഇനി എന്ന് കാണാൻ ...
അവനെനിക്ക് "നല്ല യാത്ര" ആശംസിച്ചു...
പിന്നെ ഒന്ന് പുഞ്ചിരിച്ചു ... ഞാനും .
ട്രെയിൻ നിർത്തിതുടങ്ങിയപ്പോൾ അവൻ എന്നോട് ചോദിച്ചു
" മൊബൈൽ നമ്പർ തരാമോ ...?"
ഞാൻ നമ്പർ  പറഞ്ഞു കൊടുത്തു.
ഉള്ളിൽ ചിരിയും അത്ഭുതവും..
ഞാൻ ചോദിക്കണമെന്ന് വിചാരിച്ചത് .....
" എന്നാൽ കാണാം ..." അതും പറഞ്ഞു ഷാൻ നടന്നകന്നു ...
ട്രെയിൻ നീങ്ങി തുടങ്ങി ...
രണ്ട് സ്ഥലങ്ങൾ കഴിഞ്ഞാൽ ഞാനും ഇറങ്ങും .
ഈ നീണ്ട യാത്രയിൽ ഇരിക്കാൻ കഴിയാത്തതിന്റെ ഒരു ക്ഷിണവും എന്നിലില്ല .
മനസ്സിൽ അവൻ പറഞ്ഞ അവന്റെ അനുഭവങ്ങൾ,  കഥകൾ , ഇഷ്ടങ്ങൾ , ....അങ്ങനെ എല്ലാം ...
അതെ... എല്ലാം എൻറെ തന്നെ...
യാത്ര തുടർന്നു.
ഒന്നുഞാൻ ഉറപ്പിച്ചു,
"ഞാൻ അറിയാത്തവരും ഞാൻ കാണാത്തവരുമായ  എൻറെ
ഒത്തിരി ചങ്ങാതിമാർ ഇവിടെ എവിടെയൊക്കെയോ ഉണ്ട് ..."
എൻറെ മനസ്സിന്റെ ആഴങ്ങൾ അറിയുന്നവർ, എൻറെ അനുഭവങ്ങളിൽ , ഇഷ്ട്ടങ്ങളിൽ ഒക്കെ  ജീവിക്കുന്നവർ .
അന്ന് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ഓർത്തതും പ്രാർത്ഥിച്ചതും അവർക്കുവേണ്ടിയാണ്...
" എന്നെ കാണാത്ത , ഞാൻ കാണാത്ത എൻറെ ചങ്ങാതിമാർക്ക് നല്ലത് വരുത്തണേ...."
ആ മഴക്കാലത്തെ നനുത്ത തണുപ്പിൽ ഞാൻ മയങ്ങി .
യാത്രയുടെ ക്ഷീണമില്ലാതെ...ശാന്തമായി .
പിറ്റേന്ന് ഉണർന്നപ്പോൾ ഞാൻ കണ്ടു ഫോണിലെ sms -
" HAPPY  FRIENDSHIP  DAY "
with love ---- ഷാൻ
മനസ്സിൽ ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചു.
ഞാനും മറുപടി അയച്ചു ...
" HAPPY  FRIENDSHIP  DAY "
ശരിക്കും ഞാൻ ഒരു ചങ്ങാതിയെകൂടി കണ്ടെത്തി !
വാതിൽ തുറന്നു ഞാൻ പുറത്തേക്കു പോയി ....
മഴ തോർന്നു...
ഇന്നലത്തെ യാത്ര ഞാൻ ഓർത്തു..
ഇനിയുമുണ്ട് ...ആരൊക്കെയോ ....
സാരമില്ല ..ഇനിയും യാത്രകളുണ്ടല്ലോ ....!
നിറയുന്ന കണ്ണിൽ ചിരിയുടെ മിന്നൽ...

24 Feb 2014

സ്വപ്നങ്ങൾ

സ്വപ്നമിങ്ങനെയായിരുന്നു ...
പാർട്ടികൾ പിളർന്നു ...
സ്വപ്നങ്ങൾക്ക് കപ്പമില്ല!
കോടികൾ താഴ്ന്നു ...
വിലകൾ കുത്തനെ കുറഞ്ഞു-
കരച്ചിലില്ല...അലച്ചിലും !
വാർത്തകൾക്ക് ക്ഷാമം ...
ക്യാമറകൾ ഉടഞ്ഞു ...
വിപ്ലവങ്ങൾ കുറഞ്ഞു
തത്വങ്ങളില്ല !
തത്തകളും ...
ചെറുചിരാതുകൾ മിഴിതെളിച്ചു!
വഴികൾ തെളിഞ്ഞു ,
കരകൾ ഉണർന്നു -
..............
കട്ടിലിൽ ഞാൻ ഞെട്ടി ഉണർന്നു...
പത്രം കണ്ടുവീണ്ടും ഞെട്ടി!
സ്വപ്നങ്ങളെല്ലാം പ്രാതലായി... 
സ്വപ്നങ്ങൾക്ക് കപ്പമില്ല!

12 Feb 2014

ഓർമ്മകൾ തീരില്ല ...

വൈകി കിട്ടുന്ന കത്ത്,
ഒറ്റയ്ക്കുള്ള യാത്ര...
പൊട്ടിച്ചിരിപ്പിച്ച കൂട്ടുകാരാൻ-
കണ്ണീർ വീഴ്ത്തിയ ചങ്ങാതി ,
വഴിയിൽ കണ്ട അപരിചിതൻ...
തോളിൽ തലോടിയ ടീച്ചർ!
സായാഹ്ന നേരത്തെ കുശലം...
സ്കൂൾ മുറ്റത്തെ ചങ്ങാത്തം!
അമ്മ പറഞ്ഞ പൊടി കഥകൾ ...
അപ്പൻ കൊണ്ടുവന്ന അപ്പാപ്പം!
........
ഓർമ്മിച്ചെടുക്കാനാണെങ്കിൽ-
ഓർമ്മകൾ മാത്രം ...
ഓർമ്മകൾ തീരില്ല!