Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

29 Aug 2019

വൈദികരുടെ മാതാപിതാക്കൾക്ക്

കുഞ്ഞുനാളിലെ ആദ്യ ഇഷ്ടം അല്ലെങ്കിൽ സ്വപ്നം, ബലിയർപ്പിക്കുന്ന പുരോഹിതന്റെ അടുത്ത് നിൽക്കുന്ന അൾത്താര ബാലനാവുക. പിന്നീട് ആ ഇഷ്ടം വളർന്ന് ഒരു പുരോഹിതനിലേക്ക് എത്തി. തിളങ്ങുന്ന ഒരു വസ്ത്രത്തിനപ്പുറം, സ്തുതികൾ കിട്ടുന്ന ആ പദവിക്കപ്പുറം ഇനിയും വളരേണ്ട ഒരു മുഖമുണ്ട് എന്ന് കാണിച്ചുതന്ന ഒരു അച്ചനുണ്ട്. കുഞ്ഞുനാളിലെ പച്ചകെടാത്ത ഓർമ്മയാണത്.

വൈകുന്നേരങ്ങളിൽ സ്കൂൾവിട്ട് പള്ളി മുറ്റത്തോടെയാണ് വീട്ടിലേക്ക്... ചില ദിവസങ്ങളിൽ കാണുന്ന ഒരു ആൾക്കൂട്ടമുണ്ട്. അച്ചനോട് ആവശ്യങ്ങൾ പറയാനും സഹായത്തിനായും നിൽക്കുന്ന ഒരു കൂട്ടം. പട്ടിണി പറഞ്ഞാൽ അച്ചൻ ചെയ്തിരുന്ന ഒരു കാര്യം അവർക്ക് ഒരു സഞ്ചി അരി കൊടുക്കുക എന്നതായിരുന്നു. അത് വാങ്ങി സന്തോഷത്തോടെ പോയ എത്രയോ പേർ... ഇതിനെകുറിച്ച് അച്ചൻ ഒരിക്കൽ പ്പോലും പള്ളിയിൽ പറഞ്ഞിട്ടില്ല. അച്ചൻ പറയാതെ തന്നെ സുമനസ്സുകൾ അച്ചനെ സഹായിച്ചിരിക്കണം. ഞങ്ങൾ കുട്ടികൾക്ക് ഇതൊന്നും അത്ര ഗൗരവത്തിൽ മനസ്സിലായില്ലെങ്കിലും, അച്ചൻ യാത്രപറഞ്ഞു പോകുന്ന ദിവസം  അതിലൊരു അപ്പാപ്പൻ പള്ളിമുറ്റത്ത് അച്ചന്റെ കാൽക്കൽ തൊട്ട് കരഞ്ഞ് നിലവിളിച്ചത് ഓർക്കുന്നു. പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് കാലം തിരിച്ചറിവുകൾ തന്നത്, ആരാണ് വൈദികനെന്ന്? ക്രിസ്തുവിന്റെ ഹൃദയമുള്ളവൻ - വൈദികൻ.

പൗരോഹിത്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ആക്രമിക്കപ്പെടുമ്പോഴും ചർച്ചചെയ്യപ്പെടുമ്പോഴും പൗരോഹിത്യമെന്ന കൂദാശയെ വിലമതിക്കുന്ന അതിൽ കറകൾ വീഴാതെ 'ക്രിസ്തു' എന്ന സത്യത്തെ മുൻ നിർത്തി യാത്രചെയ്യുന്ന  വൈദികരും നമ്മുടെ നാട്ടിലുണ്ട്. മാനുഷികമായ പരിമിതികൾ ഉള്ള പച്ചയായ മനുഷ്യനെന്നതിലുപരി ആരാണവർ? ചെറുപ്പക്കാലത്ത് ഈ വഴിയോട് ഇഷ്ടം തോന്നി ആ പാത തിരഞ്ഞടുത്തവർ. ആ ഇഷ്ടം കൂടി കൂടി കാരുണ്യത്തിന്റെ മുഖമാകുമ്പോൾ അവൻ പുരോഹിതൻ. തീർച്ചയാണ് അപജയങ്ങൾ ഉണ്ട്, ചിലർ ഇടറുന്നുണ്ട്, പതറുന്നുമുണ്ട്. പക്ഷ അതിനെ പൊതുവൽക്കരിക്കുന്നിടത്താണ് ദുഃഖം.

ഒരു വൈദികനാകണം എന്ന ആഗ്രഹം പറയുമ്പോൾ അതിന് അര മനസ്സോടെ സമ്മതം നൽകി, കണ്ണിരോടെ യാത്രയാക്കുന്ന രണ്ടു മുഖങ്ങളുണ്ട് - മാതാപിതാക്കൾ. പിന്നീട് അരമനസ്സു മാറി  അവർക്ക് എന്തു മാത്രം ഇഷ്ടമാണ് ഈ ജീവിതത്തെ! പിന്നീട് അത് അവരുടെയും കൂടി സ്വപ്നമാണ്. ഇന്നേറ്റവും കൂടുതൽ വേദനിക്കുന്നത് അവരാണ്. ഒരാൾക്കു വന്ന പരാജയം അല്ലെങ്കിൽ ഇടർച്ച എല്ലാവരുടെയും പരാജയമാക്കുമ്പോൾ... അതിനെ 'പുരോഹിത വർഗ്ഗത്തിന്റെ' ഇടർച്ചയാക്കുമ്പോൾ കണ്ണുകൾ കടലാകുന്നത് ആ മാതാപിതാക്കളുടെ യാണ്.

പ്രിയപ്പെട്ട മതാപിതാക്കളെ നിങ്ങൾ സങ്കടപ്പെടരുത്. കേൾക്കുന്ന 'വാർത്തകൾ' നിങ്ങളെ വേദനിപ്പികുന്നുണ്ട് എന്നറിയാം...പക്ഷെ ഓരോ വട്ടം കാണുമ്പോഴും നിങ്ങൾ ചേർത്ത് പിടിച്ച് നിർത്താറില്ലേ... അതിൽ എല്ലാം ശൂന്യമാകുന്നു... വേദനകളും കണ്ണീരും എല്ലാം... അതികമെന്നും സംസാരിക്കാതെ ഫോണിന്റെ അപുറത്തു നിന്ന് അപ്പൻ ചോദിക്കാറുള്ള പോലെ "ഇനി എന്നാ വരുന്നേ...? കുറേ ആയല്ലോ കണ്ടിട്ട്..!" നിങ്ങളുടെ കരുതലുകൾ നിങ്ങളുടെ ഹൃദയമിടിപ്പുകൾ ഞങ്ങൾക്കുള്ള പ്രാർത്ഥനകളാണ്. പ്രാർത്ഥിക്കണേ...

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ
അവർ ദൈവത്തെ കാണും" മത്തായി.5:8

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs

17 Aug 2019

അമ്പിളി

ജീവിതം ചിലപ്പോൾ 'അമ്പിളി'യെപ്പോലെയാണ്..! ഓടിക്കൊണ്ടിരിക്കും. അതൊരു സൈക്കിളിലാവുമ്പോൾ വേഗം കൂടും, തീവ്രത കടുപ്പമാകും. 'അമ്പിളി' സിനിമ നല്ല സിനിമയാണ്. കാലത്തിന്റെ ചില കണ്ണാടിപ്പൊട്ടുകൾ കഥയായ് പറയുന്ന കുഞ്ഞു ചിത്രം. അമ്പിളിയെപ്പോലൊരാൾ സ്നേഹിക്കാനുണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് നമ്മുക്കൊക്കെയുള്ളു. സ്നേഹം എന്ന സത്യത്തെ എത്രമാത്രം തള്ളി പറഞ്ഞാലും അതിങ്ങനെ പിറകെവരും...
മനസ്സിൽ സ്നേഹമുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ പറ്റില്ല. അവർ അതിന്റെ പിറകെ ഓടിക്കൊണ്ടിരിക്കും. അമ്പിളിയാണെങ്കിൽ അൽപ്പം വേഗത്തിലാക്കാൻ 'സൈക്കിളി'ലാണ് പിറകെ വരുന്നത്. മനസ്സിൽ ഒരുപാട് പ്രണയം ഉണ്ടെങ്കിൽ അത് ഒരു തരം ഭ്രാന്താണെന്ന് ചിത്രം പറയുന്നു. അങ്ങനെയാണെങ്കിൽ കേരളം ഇപ്പോ ഒരു ഭ്രാന്താലയം തന്നെ. ഈ മഴക്കാലത്ത് നമ്മൾ കണ്ടതും അതു തന്നെ. പ്രണയത്തിന്റെ സ്നേഹത്തിന്റെ ഭ്രാന്തൻമാരുടെ സ്ഥലം.
"മനസ്സിലാണ് നിൻ ജീവിതം, ഈ നിമിഷമാണ് നിൻ പറുദീസ... മുന്നോട്ട്... മുന്നോട്ട് ... മുന്നോട്ട് ...!"

ഫാ.ബിബിൻ ഏഴുപ്ലാക്കൽ mcbs