Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

3 Feb 2015

അന്ന

മഴക്കാലം അല്ലാഞ്ഞിട്ടും ചാറ്റൽ മഴയുണ്ടായിരുന്നു ...
കാറിൻറെ ഗ്ലാസിൽ മഴത്തുള്ളികൾ ചിന്നിചിതറുന്നു...
യാത്രയ്ക്കിടയിൽ അന്ന ചോദിച്ചു ..." ജോ ... റിസൾട്ട് പോസിറ്റീവ് ആയിരിക്കും അല്ലെ ...?
"ഇല്ല അന്ന ... എനിക്കൊന്നും ഇല്ല" ജോ പറഞ്ഞു .
ആശുപത്രിയിലേക്കയിരുന്നു  അന്നയും ജോയും .

അന്നയുമായുള്ള വിവാഹനിശ്ചയശേഷമാണ് ജോയുടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്!
അതുപിന്നിട് ഇരുകുടുംബങ്ങളെയും വിഷമിപ്പിച്ചു.
ആദ്യ  തന്നെ ഡോക്ടർ പറഞ്ഞു ..."പരിശോധിക്കണം അതിനുശേഷമേ പറയാൻ പറ്റു..."

ജോയും അന്നയും ആ പരിശോധനയുടെ റിസൽട്ട് വാങ്ങാനാണ് പൊയ്ക്കൊണ്ടിരിക്കുന്നത് .
നിശബ്ദമായ യാത്ര .
വർഷങ്ങൾ ഒന്നിച്ചു ജീവിച്ച ഒരു ബന്ധം അവരെ കീഴ്പെടുത്തി .
ഇനി മറ്റൊരു വിവാഹം അന്നയ്ക്കു ചിന്തിക്കാനെ കഴിയില്ല!
അന്ന ചോദിച്ചു ..." ജോ ... നിനക്ക് വിഷമമില്ലേ..."
"ഇല്ല അന്ന... എനിക്ക് രോഗമൊന്നും വരില്ല" അവൻ സമാധാനിപ്പിച്ചു.
ആശുപത്രി അടുത്തപ്പോൾ അന്ന പറഞ്ഞു " ജോ .. രോഗമുണ്ടാകാതിരിക്കാൻ ഞാൻ ഒത്തിരി നേർച്ചകൾ നേർന്നിട്ടുണ്ട്‌..."
ജോ പുഞ്ചിരിച്ചു .
" നമുക്ക് പോകാം ...നേർച്ചകൾ നിറവേറ്റണം."
ആശുപത്രിയിലെത്തിയപ്പോൾ മഴ കുറഞ്ഞിരുന്നു.
അവർ സ്ഥിരം കാണുന്ന ഡോ. റോയിയുടെ മുറിയിലേക്ക് നടന്നു...

അന്ന ജോയെ നോക്കി.
ജോയുടെ മുഖം പ്രസന്നമായിരുന്നു.
അന്ന അസ്വസ്ഥയായിരുന്നു...
അവളുടെയുള്ളിൽ പ്രാർത്ഥനകൾ മാത്രം.

ഡോ. റോയ് അവരെ കാത്തിരിക്കുകയായിരുന്നു.
അയാൾ പുഞ്ചിരിച്ചുകൊണ്ട്‌ അവരെ നോക്കി...
റോയിയുടെ മുഖത്തുനിന്നു തന്നെ അന്ന വായിച്ചു!
"ജോയെ എനിക്ക് തിരിച്ചുകിട്ടി"

റോയിയുടെ വാക്കുകളും ജോ സുരക്ഷിതനെന്ന വാർത്തയും
അന്നയുടെ മിഴികൾ നനയിപ്പിച്ചു ...
ജോ അവളുടെ കണ്ണുകളുടെ തിളക്കം കണ്ടു...

"മരുന്നുകൾ മുടക്കരുത്... ok..." ഡോ. റോയ് പറഞ്ഞു.
ആശുപത്രിയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ജോയുടെ കൂടെനടന്നത് മറ്റൊരു അന്നയായിരുന്നു.

അവൾ വീട്ടുകാരെയും ബന്ധുക്കളെയും കൂട്ടുകാരെയും എല്ലാം വിളിച്ചു !
ആ സന്തോഷവാർത്ത‍ അറിയിച്ചു ..
അവർ യാത്ര തരിച്ചു .
മഴയും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു!!!

" നേർച്ചകൾ നിറവേറ്റണം..കുറെ സ്ഥലത്ത് പോകണം ...ജോ ...നാളെ തന്നെ നമുക്ക് പോയാലോ..."
ജോ പുഞ്ചിരിച്ചു ...
മഴ ശക്തിയോടെ പെയ്തിറങ്ങി ...
അന്ന വളരെ സന്തോഷത്തിൽ എന്തൊക്കെയോ പറയുന്നുണ്ട് ...
നീണ്ട യാത്രയാണ്‌ ...
ആ മഴയിൽ, സന്തോഷത്തിൽ അവൾ മയങ്ങി.

ജോയുടെ ഫോണ്‍ ശബ്ദിച്ചത് കേട്ടാണ് അന്ന ഉണർന്നത്.
-ഡോ. റോയ് -
ജോ ഫോണ്‍ എടുത്തില്ല .
വീണ്ടും ഫോണ്‍ മുഴങ്ങി...
-ഡോ. റോയ് -
"അതെടുക്കു ജോ ..." അന്ന പറഞ്ഞു .
"പിന്നെ എടുക്കാം "
അന്ന വീണ്ടും മയങ്ങി.
മഴപെയ്തുകൊണ്ടെയിരുന്നു...
വീടെത്തിയപ്പോൾ ജോ അവളെ വിളിച്ചു .
കാറ് വന്ന ശബ്ദംകേട്ടായിരിക്കണം എല്ലാവരും
മുൻപിൽത്തന്നെയുണ്ട് !
അന്നയാണ് എല്ലാവരോടും സംസാരിച്ചത് ..
അവളുടെ വാക്കുകൾ ആ വീട്ടിൽ സന്തോഷം പരത്തി.
വീണ്ടും ജോയുടെ ഫോണ്‍ മുഴങ്ങി
-ഡോ. റോയ് -
ഫോണ്‍ ഓഫ്‌ ചെയ്തു .
പുറകിലെ അടുക്കളയുടെ മുറ്റത്തേക്ക് അവൻ നടന്നു ..
നല്ല മഴ.
അവൻ ആ മഴയിൽ ഇറങ്ങിനിന്നു!
കണ്ണുകളടച്ച്‌ അവൻ അവിടെ നിന്നു ...
ആ മഴയത്ത് അവനും പൊഴിച്ചു മഴനീർതുള്ളികൾ ...
അവൻ പൊട്ടികരഞ്ഞു ...
ആ മഴയിൽ  അലിഞ്ഞുതീരുന്നതായി അവനു തോന്നി...
അന്നയിൽനിന്നും താനും ഡോ. റോയിയും മറച്ചുവച്ച  രോഗകാര്യം
അവനെ വീണ്ടും വീണ്ടും കരയിപ്പിച്ചു ...
അന്ന വിളിച്ചു .."ജോ കയറി വാ ...ഇനി പനി പിടിപ്പിക്കേണ്ട..."
ജോ അന്നയെ നോക്കി...
അന്ന ചിരിച്ചു .
                         

1 Feb 2015

കിളിക്കൂട്‌

തീര്‍ച്ചയായും നമുക്കിതൊക്കെ ഒരു യാത്രയാണ്‌.
എവിടെനിന്നോ തുടങ്ങി മറ്റെവിടെയോ അവസാനിക്കുന്ന യാത്ര.
ആത്മനോമ്പരങ്ങളെ ഗുരുവിന്‍റെ ചില്ലകളിലേക്ക് ചേര്‍ത്തുനിര്‍ത്തി, ജീവിതത്തിന്‍റെ ഇമ്പങ്ങളെ, നൊമ്പരങ്ങളെ സമര്‍പ്പിച്ചുള്ള യാത്ര.
ഈ യാത്രയില്‍ ഗുരു നമ്മെ ഓര്‍മ്മിപ്പിക്കുന്നു-
വിരിച്ചു നീട്ടിയ മുറിപാടുള്ള കൈകള്‍ ഒരു ആഹ്വാനം പോലെ ....
അവന്‍റെ ചില്ലകളിലേക്ക് ചേക്കേറി അവിടെ ഒരു കൂടൊരുക്കാനുള്ള ആഹ്വാനം. അതിനാലാവണം ഈ യാത്രയെ ചിലര്‍ കുരിശിന്‍റെ യാത്രയെന്നൊക്കെ വിളിക്കുന്നത്‌!
എന്നാല്‍ ഈ കുരിശുയാത്ര ഇനി പ്രത്യാശനിറഞ്ഞതാക്കാം.
കാരണം -
ഈ കുരിശില്‍ ഒരു കൂടുണ്ട്‌.
വിരിച്ചുപിടിച്ച ആ മരചില്ലയില്‍ ഒരു കിളിയുണ്ട് ...
എന്റെ വരവും കാത്തൊരു കിളി.
ഒരു അമ്മ കിളി .
കിളിക്കൂട്‌ നിന്നെ കാത്തിരിപ്പുണ്ട്‌-
ഈ യാത്രയില്‍.

മുഖംമുടി കഥ


പണ്ട് പണ്ട് ...
ആരോ മുഖംമുടി വച്ച കഥയാണിത് !
"ഇന്നു മുഴുവന്‍ മുഖംമുടിയില്‍'
അജണ്ടയതായിരുന്നു.
കുറുക്കനും കോഴിയും,
പുലിയും കഴുതയുമെല്ലാം -
മുഖംമുടിയായി വന്നു!
രസം കലര്‍ന്ന കളി-
സന്ധ്യയടുത്തു.
മുഖംമുടി കളിയുടെ അവസാനം-
നേതാവ് പറഞ്ഞു-
'ഇനി മുഖംമുടി അഴിക്കാം"
ശ്രമങ്ങള്‍ നടന്നതല്ലാതെ,
ആര്‍ക്കും കഴിഞ്ഞില്ല-
മുഖംമുടി അഴിക്കാന്‍!
ശ്രമങ്ങള്‍ തുടര്‍ന്നു...
ഇരുട്ട് പടര്‍ന്നു തുടങ്ങിയപ്പോള്‍ -
ഓരോരുത്തരായി പിന്‍വാങ്ങി!
കിട്ടിയ മുഖംമുടിയില്‍!
പുതിയ മുഖത്തില്‍.
ചിലര്‍ ചിരിച്ചു!
ചിലര്‍ കരഞ്ഞു!
അതാരും കണ്ടില്ല !

ചില മറവികൾ

പിറവിതൊട്ടിന്നുമി-
സായാഹ്നതീരങ്ങളിൽ -
മറവിയുണ്ടെന്ന നേരിൽ ,
ഞാൻ നിറയുന്നു.
തിരതലോടിയ-
താരട്ടുപട്ടിലും ,
മറവിക്കുതരാൻ കൈപ്പുനീർ !
സ്കുൾമുറ്റങ്ങളും തൊടികളും,
തോരാതെ നിറയുന്ന -
ബാല്യകാലങ്ങളും -
മറവിയിൽ വിടചൊല്ലിയപ്പോൾ .
അരുതായ്മകൾ ഒഴിയാതെ ,
നിലകൊണ്ട മുറ്റത്ത്‌-
പുണ്യം കൈപിടിച്ചതും നയിച്ചതും,
മറവിയാണ് !
നൊമ്പരങ്ങളുടെ മലമുകളും,
ഇമ്പമുള്ള താഴ്‌വരകളും,
മറവികളിൽ ഇടംതേടി.
അറുതികളില്ലാതെ കൈവന്ന -
കുറ്റങ്ങൾ ,
അപരനും മറന്നെങ്കിൽ!
ചില മറവികൾ നല്ലതല്ലേ ?
യാത്രയുണ്ട് ...
മറവികളിലേക്ക്
നന്മകളിലേക്ക് ...

കാലം

ഞാന്‍ പോയ വഴികളിലൂടെ
വീണ്ടും ഒരു യാത്രപോയി
കണ്ടില്ലെന്നു മാത്രമല്ല
കേട്ടില്ല ഒന്നും!
പണ്ട് .....
കണ്ടുകരഞ്ഞ കാഴ്ചകളും
കേട്ടുതളര്‍ന്ന വാക്കുകളും
ഒന്നും ,
എന്നെതേടി എത്തിയില്ല .
ഇതിനെ ഞാന്‍ കാലം എന്ന് വിളിച്ചു ...
കാലം .

സ്വബോധം

നേഴ്സിന്‍റെ കൈയ്യില്‍ കണ്‍തുറക്കാതെ-
വെള്ളകച്ചയില്‍ ഞാന്‍...!
ആദ്യമായി കണ്ടതിന്‍റെ അമ്പരപ്പും,
അത്ഭുതവും അച്ഛനില്‍.
ഞാന്‍ കണ്‍തുറന്നു-
വളര്‍ന്നു...
വളര്‍ച്ചയില്‍ കേട്ട രോഷങ്ങള്‍
എന്‍റെ ബുദ്ധിയേപറ്റി-
തെറ്റിനെപറ്റി.
വിധിയെന്നെഴുതി വിങ്ങിയ ബാല്യം -
കാത്തിരുന്നു എന്‍റെ ബോധോദയം!
കാലം കടന്നതല്ലാതെ കേട്ടില്ല -
ഒന്നും, ഒന്നും.
ചുളിവും, കൂനും കീഴടക്കി-
ഞാന്‍ കിടക്കയിലെത്തി.
അവിടെയും കേട്ടുഞാന്‍-
മര്‍മ്മരങ്ങള്‍.
ഒടുവില്‍ കണ്ണടച്ചപ്പോള്‍-
ആരോ മുത്തിയിട്ട്,
ഒരു കെട്ടുപൂക്കള്‍ നെഞ്ചില്‍വച്ചു പറഞ്ഞു-
"പാവം".
കേട്ടവരെല്ലാം കോറസുപാടി-
"പാവം"!
അന്നെനിക്ക് സ്വബോധംകിട്ടി-
സ്വബോധം!

ഒപ്പ്

ജീവിതത്തില്‍ എത്രയോപേരാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത്. അല്ലെങ്കില്‍ ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീര്‍ക്കുന്നത്. ജീവിതം അനാഥമായി വിങ്ങിതീര്‍ക്കുന്നവര്‍.
ബസ്സിലും, റോഡിലും, ബോട്ടിലും...
സ്ഥിരമായി എത്രയോപേരെ നാം കാണുന്നു. പല മുഖങ്ങളും അപരിചിതമാണ്. എല്ലാ ദിവസവും തമ്മില്‍ തമ്മില്‍ കാണുന്നുവെങ്കിലും അങ്ങോട്ടുമിങ്ങോട്ടും പേരുപോലും നാം ചോദിക്കില്ല. ഒരു ദിവസം കണ്ടിലെങ്കില്‍ കണ്ടില്ല.
അത്രയേ ഉള്ളു ജീവിതം. അതിനപ്പുറം നമ്മുക്കെവിടെ നേരം. "എന്നെകൊണ്ട് ഒരു പ്രയോജനവും ഇല്ലാത്തആള് എന്നെ കാണാന്‍, അല്ലെങ്കില്‍ എന്നോടൊന്നു സംസാരിക്കാന്‍ വന്നിട്ടുണ്ടോ? "
പലപ്പോഴും കാണാന്‍ വരുന്നതാരാ...?
പെന്‍ഷന്‍കാശിന്‍റെ പാതി വാങ്ങാന്‍ വരുന്ന മരുമോളും, വര്‍ഷത്തില്‍ ഒന്നു വന്നുപോകുന്ന മകനും...
ജീവിതം ഇങ്ങനെയൊക്കെയാ ...
ചിലരെങ്കിലും ജീവിതത്തിന്‍റെ എവിടെയൊക്കെയോവച്ച് മറന്നുപോയി- സ്വപ്നം കാണാന്‍.
ആരെങ്കിലും ഉണ്ടെന്ന തോന്നല്‍ വേണം മനുഷ്യന്,
വല്ലപ്പോഴും "ഇപ്പോളെങ്ങനെഉണ്ടെന്നു" ചോദിക്കാന്‍ ആരെങ്കിലുമൊക്കെ വേണം നമുക്ക് .
അതെ എന്നെ അറിയാത്ത ഞാന്‍ അറിയാത്ത  ആര്‍ക്കെങ്കിലുമൊക്കെ മാറ്റി വയ്ക്കുന്ന നമ്മുടെ സമയം അല്ലെങ്കില്‍ ഒരു സഹായം 
ജീവിനുള്ളടുത്തോളം കാലം ആരും മറക്കില്ല.
അതാണ് ഈ ലോകത്തെ നിന്‍റെ ഒപ്പ്.

കാത്തിരിപ്പ്‌

മരക്കൊമ്പില്‍ വിളഞ്ഞുനില്ക്കുകന്നത്
മണ്ണും,മഴയും,ആകാശവും ഒരുമിച്ച സങ്കലനം .
എന്നും അപ്പമായി ഉള്ളില്‍വരുന്ന  തമ്പുരാനും ഒരു സങ്കലനത്തെപറ്റി ഓര്‍മ്മപെടുത്തുന്നു .
ദൈവവും ഞാനും സമാഗമിക്കുന്ന ആത്മീയ അനുഭവത്തിന്റെു സങ്കലനം.
ഞാനും ക്രിസ്തുവും ഒന്നായി പുതിയ ആകാശവും ഒരു പുതിയ ഭുമിയും തീര്‍ക്കുന്ന  ആത്മീയ നിമിഷം .
ഇന്നും അവന്‍ കാത്തിരിക്കുകയാണ്‌ ...
നഷ്ട്ടപെട്ട എന്നെ ...
വീടുവിട്ടുപോയ എന്നെ ...
തള്ളിപറയാന്‍ തയ്യാറാകുന്ന എന്നെ ...
ഒറ്റികൊടുക്കാന്‍ തുട്ടുകള്‍കൂട്ടിയ  എന്നെ ...
ജീവിതം മുഴുവന്‍ സ്നേഹം എന്ന ഒറ്റവാക്കിലുടെ ക്രിസ്തു എനിക്കായി അവതരിപ്പിച്ചിട്ടും-
ഞാന്‍ മറന്നുപോകുന്നു,
അവന്‍ കാത്തിരിക്കുന്നത് ....
എന്‍റെ  കാലുകഴുകി മുത്താന്‍ ...
അവസാന തുള്ളിപോലും പങ്കുവയ്ക്കാന്‍.

മനുഷ്യനായി അവതരിക്കാന്‍ അവിടുന്ന് ഒരു സ്ത്രീയില്‍ ഒതുങ്ങി-
പിന്നെ അവിടുന്ന് പാപികള്‍ക്കിടയില്‍  ഒതുങ്ങി-
ഒടുവില്‍ ഒരു കല്ലറയിലും .
പിന്നെ ഇന്നവന്‍ നമ്മുക്കിടയില്‍ ഒതുങ്ങിയിരിക്കുന്നു...
ഒരു കുഞ്ഞപ്പത്തോളം ചെറുതായി ...
ആരെയും ഒതുക്കാതെ സ്വയം ഒതുങ്ങനുള്ള ക്ഷണമാണിത് .

തീക്കനലില്‍ എരിയുന്ന ജീവിതംപേറുന്ന നമുക്കൊക്കെ
ഈ അപ്പം ഒരു ആശ്വാസമാണ് ...
എന്‍റെ മനസ്സില്‍ ഒരുകടലിരമ്പുമ്പോള്‍ ഈ അപ്പം ആശ്രയമാണ് ...
അനുഭവങ്ങളുടെ മുര്‍ച്ച വാളുകള്‍ ചങ്ക് തുളയ്ക്കുമ്പോള്‍
വന്നിരിക്കാന്‍ പറ്റിയ സന്നിധി.
വേദനിക്കുന്ന കുഞ്ഞിന് പറ്റിച്ചേര്‍ന്നു  കരയാന്‍ ഒരമ്മയുടെ നെഞ്ചുണ്ട്!
കുഞ്ഞിളം പ്രായം കഴിഞ്ഞാല്‍ പിന്നെ കരയാനും പരിഭവം പറയാനും ആശ്വാസം തേടാനും പറ്റിയ ഒരിടം മാത്രമേ ഉള്ളു-
അത് ഈ അപ്പത്തിന്‍റെ ചുവട്ടിലാണ് ...
സ്നേഹിക്കുന്ന അമ്മയുടെ സാന്നിധ്യത്തില്‍ നാം എല്ലാം മറക്കില്ലേ,
അമ്മയോട് എല്ലാം പറയില്ലേ ...
അതുപോലെ അമ്മയേക്കാളും സ്നേഹം നിറഞ്ഞ സന്നിധി.
തന്‍റെ മക്കള്‍ക്ക്‌ വേണ്ടി ചങ്ക് കൊത്തിപറിച്ച് ജീവരക്തം കൊടുക്കുന്ന പക്ഷിയെപോലെ അമ്മയുടെ ചോരയാണ് കുഞ്ഞുങ്ങള്‍ക്ക്‌ ‌ ഔഷധി .
കുഞ്ഞിന് ജീവന്‍ വയ്ക്കുമ്പോള്‍ തള്ളപക്ഷി പിടഞ്ഞു മരിക്കുന്നു .
ഇങ്ങനെ ഒരു ജീവിതം മുഴുവന്‍ സഹനത്തിന്റെ ചൂളയിളുടെ കടന്നുപോയി എനിക്കുവേണ്ടി പിടഞ്ഞു മരിച്ചവനാണ് എന്നും അപ്പത്തില്‍ വരുന്ന തമ്പുരാന്‍.
ദൈവമേ നിന്‍റെ കാത്തിരിപ്പിലേക്ക് ഇനി എന്‍റെ യാത്ര.
എന്റെ പിതാവിനോട് ഒന്നേ ചോദിക്കാനുള്ളൂ..,ജീവിത വഴികളിൽ പ്രാർത്ഥനവെളിച്ചം നഷ്ടമാകാതെ സദാ അങ്ങയോടോത്തു വസിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ..
ആരെന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കും . (യോഹ.15,5)
ദൈവമേ നിന്‍റെ കാത്തിരിപ്പിലേക്ക് ഇനി എന്‍റെ യാത്ര.