Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

3 Sep 2016

കാരുണ്യത്തിന്‍റെ മാലാഖ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നും കുന്നുകയറി പള്ളിയിലേക്ക് പോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു.നനുത്ത മഞ്ഞിലും, മഴയിലും അത് തുടര്‍ന്നിരുന്നു. അര്‍ത്ഥമറിയാതെ, ആഴമറിയാതെ മുന്‍നിരയില്‍ കൈകള്‍കൂപ്പിനിന്ന് കൂടിയ കുര്‍ബാനകള്‍. എന്നും പള്ളിയില്‍ വരുന്നതിനാവണം അന്നൊരു പുസ്‌തകം നീട്ടി അച്ചന്‍ പറഞ്ഞു" വായിച്ചോ.. മിടുക്കനാവും". ഒരു ചിത്രകഥ. ചുക്കി ചുളിഞ്ഞ മുഖവും, കൂപ്പിയ കരങ്ങളുമായി ഒരമ്മയുടെ മുഖപടം. വായിച്ചു ഇഷ്ട്ടപെട്ടു. ഇപ്പോള്‍ അള്‍ത്താരയെ തൊട്ടു നില്‍ക്കാന്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഒന്നുറപ്പാണ്....പണ്ട് മിഴിതുറന്ന് വായിച്ച ആ കഥകളാണ് ഈ അള്‍ത്താരയിലേക്ക് അടുപ്പിച്ചത്...അടുപ്പിക്കുന്നത്..!!!ചുക്കി ചുളിഞ്ഞ മുഖവും, കൂപ്പിയ കരങ്ങളുമായി നിന്ന ആ അമ്മയുടെ പേര് മദര്‍ എന്നാണ്. ജാതിമതഭേദമന്യേ ആര്‍ക്കും വിളിക്കാന്‍ കഴിയുന്ന പേര്... അമ്മ.കാരുണ്യത്തിന്‍റെ മാലാഖ..

26 Apr 2016

ലീല

ലീല വായിച്ചിരുന്നു....കാഴ്ചയിലും നന്നായി...
എല്ലാവരുടെയും ഉള്ളില്‍ ഒതുങ്ങികിടക്കുന്ന കുട്ടിയപ്പന്മാരെ ഓര്‍മ്മിപ്പിച്ചു...! അതെ, നമ്മുടെയൊക്കെ ഉള്ളിൽ ഒരു കുട്ടിയപ്പനുണ്ട്.... വേറെ വഴിയില്ലാത്തത് കൊണ്ട് നമ്മൾ നമ്മളായി തുടരുന്നു...
അവസാനം സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഉള്ളില്‍ ഒരു പ്രത്യേക വികാരം...ലീലയുടെ മുഖത്ത് മുഴുവന്‍ സമയവും കണ്ട ഒരു ഭാവം..
നന്ദി ഉണ്ണിചേട്ടാ.. രഞ്ജിയേട്ടാ.... സന്തോഷമായി.

15 Mar 2016

ചിരി (കഥ)

ആഴ്ചകള്‍ കഷ്ട്ടപ്പെട്ടാണ് അവന്‍ 'ചിരി' എന്ന കഥ എഴുതി പൂര്‍ത്തിയാക്കിയത്. വെട്ടി തിരുത്തി അതിന്‍റെ പൂര്‍ണ്ണതയില്‍ എഴുതിവച്ചു. 'ചിരി' വായിച്ചവന് സംതൃപ്തിയും അതിലുപരി അഭിമാനവും തോന്നി.കഴിഞ്ഞ മാസങ്ങളില്‍ അയച്ച കഥകള്‍ പ്രസിദ്ധീകരണ യോഗ്യമാല്ലാതെ തിരിച്ചുവന്നതിനാലും,ഇനിയും അയച്ച് സ്വയം ഇളിഭ്യനാകാന്‍ താത്പര്യമില്ലത്തതിനാലും അവന്‍ കഥ തന്റെ ആയിരം ഫ്രണ്ട്സുള്ള 'ഫേസ്ബുക്കില്‍' പോസ്റ്റാന്‍ തീരുമാനിച്ചു.അക്ഷരതെറ്റുകളൊന്നും കൂടാതെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തീര്‍ന്നപ്പോഴും മുഖത്ത് അഭിമാനം നിറഞ്ഞുനിന്നു. 'ചിരി' എന്ന തലക്കെട്ടോടെ വൈകുന്നേരം 7.30 ന് ഇട്ട പോസ്റ്റിന്  പിറ്റേന്ന് രാവിലെ 6 മണിയായിട്ടും പത്ത് ലൈക്കുകളില്‍ കൂടുതലൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല, ഒരൊറ്റ കമന്റുപോലും  തിരിഞ്ഞുനോക്കിയില്ല...തന്‍റെ അഭിമാനമായ 'ചിരി' എന്ന കഥ ഫേസ്ബുക്ക്‌പോലും ഉപേക്ഷിചതിനാല്‍ മനംനൊന്ത് , അക്കൗണ്ട്‌ ഡിലീറ്റ് ചെയ്ത് കിടന്നുറങ്ങി. ആഴ്ചകള്‍ക്ക് ശേഷം അമ്മ പഞ്ചസാര പൊതിഞ്ഞു കൊണ്ടുവന്ന ആഴ്ചപ്പതിപ്പിന്റെ ഉള്‍വശത്ത് 'പുഞ്ചിരി' എന്ന് മാറ്റിയ തലക്കെട്ടില്‍ മറ്റൊരാളുടെ പേരില്‍ തന്റെ കഥ വായിക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് അവന്‍ അവശനായി....!