Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

28 Jul 2015

ഹൃദയത്തില്‍ നിന്ന്


സത്യത്തില്‍ ഹൃദയത്തില്‍ നിന്നാണ്  കാര്യങ്ങള്‍ ചുരുങ്ങി പോകുന്നത്. സ്നേഹവും കരുണയും  കുറയുന്നതും അതുകൊണ്ട് തന്നെ.ആത്മാര്‍ത്ഥമായ വാക്കും, നോട്ടവുമൊക്കെ എന്നെ മറഞ്ഞിരിക്കുന്നു.ഹൃദയത്തിന്‍റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത് കുരിശിലേക്കാണ്,നസ്രായന്‍റെ ഹൃദയത്തിലേക്ക്. ചങ്കിലെ നിണത്താല്‍ ആ സ്നേഹം ഹൃദയത്തിന്‍റെ ആഴം സംസാരിക്കുന്നുണ്ട്. കരുണയും ആര്‍ദ്രതയും  എല്ലാം ഹൃദയത്തില്‍ നിന്നാണ്  അവന്‍ അടയാളപെടുത്തുന്നത്. അതിന്റെ സുചനയാണ് ഈ സ്നേഹവാക്യം " നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിങ്ങളുടെ ഹൃദയവും"
                  അവന്‍റെ ഹൃദയം മുഴുവന്‍ ചുറ്റുമുള്ളവരിലായിരുന്നു.
നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മീതെ നടക്കാനുള്ള ബലവും ഈ ഹൃദയത്തിന്‍റെ നിറവില്‍ നിന്നുതന്നെ. ഒടുവില്‍ ഇതെന്‍റെ ശരീരമെന്ന് പറഞ്ഞ് വാഴ്ത്തുമ്പോഴും, എല്ലാം ഹൃദയത്തില്‍ നിന്നാണ് എന്നതിന്റെ തെളിവാണ് .
             ഇന്ന് ഹൃദയത്തില്‍നിന്ന് 'ഒരു ഹായ്' കേട്ടിട്ട് കാലങ്ങളായി.ഫേസ്ബുക്കിലും മറ്റും കിട്ടുന്ന 'ഹായ്' കള്‍ക്ക് എന്തുമാത്രം ഹൃദയമുണ്ടെന്ന് ആര്‍ക്കറിയാം. നേരിട്ട് കാണുമ്പോള്‍ ഒന്ന് പുഞ്ചിരിക്കാന്‍പോലും നിനയ്ക്കാത്ത ഇത്തരം പ്രഘോഷങ്ങള്‍ക്ക് ഹൃദയമില്ല. ദൂരങ്ങളിലിരുന്ന് 'ഹായ്' പറയുന്ന നമ്മുടെ ഹൃദയം മറ്റു കോണിലുള്ളവരെ തൊടട്ടെ. ചുരുക്കത്തില്‍ കുറച്ചുകാലം ഫേസ്ബുക്കും ട്വിറ്റെറുംഒക്കെ ഒന്ന് sign out ചെയ്യാന്‍ സമയമായി.ലൈഫ് ബുക്കിലെ ചങ്ങാതിമാര്‍ക്കൊപ്പം കരം പിടിച്ചു നടക്കാനും കുശലം പറയാനും നേരമായി.
                       കടലിന്‍റെ മര്‍മ്മം അറിഞ്ഞതുകൊണ്ടാവാം ഈശോ അതിനെ ശാന്തമാക്കിയത്. അതിനാലാവണം വലയെറിയാനുള്ള  വശം അവന്‍ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുന്നത്. ഇന്നി കടലില്‍
വലയെറിയാനുള്ള വശത്തിനായി പലരും ക്ഷീണിക്കുന്നുണ്ട്.
ഇടത്തോ ... അതോ വലത്തോ....?  കടലിന്‍റെ ഹൃദയമറിയാത്ത ഈ യാത്രയില്‍, ഈ ജീവിതത്തില്‍ നാം തനിച്ചാകുന്നു.
        ജീവിതത്തിന്‍റെ അംശമെന്നോണം ഒരല്പം നന്ദി നല്ലതാണ്. അതിനെ ഹൃദയങ്ങളെ തൊടാന്‍ സാധിക്കു. ആരുടേയും സ്പര്ശ്നമില്ലാതെ ആരും ഒന്നും ആകുന്നില്ല. സ്നേഹത്തിന്‍റെ , കരുണയുടെയൊക്കെ മിച്ചമുള്ള ഒരു കുഞ്ഞു ഹൃദയം മതി ഈ തിരക്കുള്ള ഭൂമിയില്‍ ഗുരുവിനോട് ചേര്‍ന്ന് നില്‍ക്കാന്‍. അതെ ഹൃദയത്തില്‍ നിന്നാണ് ഇതൊക്കെ പരക്കുന്നത്, സ്നേഹത്തിന്‍റെ,കരുണയുടെ, നന്ദിയുടെ സുഗന്ധങ്ങള്‍.
                              തിരക്കില്‍ കൈവിട്ടുപോയ ബലൂണ്‍ എത്തി പിടിക്കാന്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ മകനെ പരതുന്ന അപ്പന്‍റെ ഹൃദയം. കൈവിട്ടുപോകുന്ന സ്വത്താണ് മകന്‍. അവനുവേണ്ടി ഹൃദയമാണ് പരതുന്നത്.കൈവിട്ടു പോകുമ്പോഴേ ഈ
ബന്ധങ്ങളുടെയൊക്കെ വിലയറിയു. ഇനിയും ഈ കൂട്ടത്തില്‍ തപ്പിയെടുക്കാന്‍ ഒരു കൂട്ടം പേരുണ്ട്. പലപ്പോഴായി ഞാന്‍ കൈവിട്ടു കളഞ്ഞ ചിലര്‍. ഈ കൂട്ടത്തില്‍ എവിടെയോ അവര്‍ ഒറ്റയ്ക്ക് നില്‍പ്പുണ്ട്.ഹൃദയംകൊണ്ട് ഞാനൊന്ന് പരതട്ടേ...
-------ബിബിൻ ഏഴുപ്ലാക്കൽ 

സ്വപ്‌നങ്ങള്‍ തന്ന കലാം.... (ഓര്‍മ്മ )


      ചിലര്‍ ഓര്‍മ്മകളില്‍ അവസാനിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വപ്നങ്ങളില്‍ ഇന്നും ജീവിക്കുന്നു.ചിറകുകള്‍ക്ക് അഗ്നിയോളം തീവ്രതയോടെ, ഉയരേ പറക്കാന്‍ പറഞ്ഞ ഇന്ത്യ കണ്ട ഒരു നല്ല നേതാവ്. അതിലുപരി ഒരു നല്ല മനുഷ്യത്മാവ്. അതായിരുന്നു ഡോ.അബ്ദുള്‍ കലാം. ഇത്ര മാത്രം യുവാക്കളെ സ്വാധിനിച്ച ഒരു ഇന്ത്യന്‍  നേതാവുണ്ടോ  എന്ന് തന്നെ സംശയം. വാക്കുകള്‍ക്ക് മുര്‍ച്ചയും, വീക്ഷണങ്ങള്‍ക്ക് ആഴവുമുണ്ടായിരുന്നു കലാമിന്. സ്വപ്നങ്ങളേകുറിച്ച് .... ഇന്ത്യ കാണേണ്ട സ്വപ്നങ്ങളേകുറിച്ചുള്ള വ്യക്തമായ ബോധ്യമാണ് കലാമിന് ഇത്ര മാത്രം വ്യക്തികളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞത്.
                                "നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുക....." സ്വപ്നം കാണാത്ത ആരാണുള്ളത്. എന്നാല്‍ ഉറക്കത്തില്‍ ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ടാലോ....? അതായിരുന്നു കലാമിന്‍റെ സ്വപ്‌നങ്ങള്‍.
ഈ സ്വപ്നങ്ങള്‍ക്കായി ഏകാഗ്രമായ ഉപാസനയ്ക്കായി അദ്ദേഹം നമ്മെ ഓര്‍മ്മെടുത്തി.നമ്മുടെ ജീവിതത്തില്‍ നമ്മുക്കു
അതിജീവിക്കാ നാവത്ത സ്വപ്‌നങ്ങള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു....
                നമ്മുടെ സ്വപനങ്ങള്‍ നമ്മുടേതല്ല എന്നാണ് കലാമിന്‍റെ നിരീക്ഷണം.ഇന്ന് ഞാന്‍ കാണുന്ന സ്വപ്‌നങ്ങള്‍ നാളെയുടെതാണ്.
"കുട്ടികളുടെ നല്ല നാളെക്കായി നമ്മുടെ ഇന്നിനെ സമര്‍പ്പിക്കുക"
ആ സമര്‍പ്പണത്തില്‍ നാളെയുടെ ഇന്ത്യ ഉയര്‍ന്നു വരും. കലാമിന്‍റെ ജീവിതം പരതിയാല്‍ നമ്മുക്ക് മനസ്സിലാവും, വിയര്‍പ്പിന്‍റെ നനവാര്‍ന്ന കഥകള്‍... കഷ്ടതകള്‍ നിറഞ്ഞ, വേദനകള്‍ പടര്‍ന്ന ജീവിതത്തില്‍നിന്ന് അദ്ദേഹം ഇന്ത്യയുടെ പ്രഥമ സ്ഥാനം അലങ്കരിച്ചതിന്‍റെ ശോഭ.അദ്ദേഹം പറയുകയുണ്ടായി, "മനുഷ്യന്‍ കഷ്ടതകളെ അഭിമുഖികരിക്കണം.എന്നാലെ അവന് വിജയങ്ങള്‍ ആസ്വദിക്കാന്‍ കഴിയു". രാമേശ്വരത്തിന്‍റെ വഴിയോരങ്ങളില്‍ ഇന്നുമുണ്ട് കലമെന്ന ബാലന്‍റെ വിയര്‍പ്പും സ്വപങ്ങളും.
                       "ആകാശത്തേക്ക് നോക്കു.... നമ്മള്‍ ഒറ്റക്കല്ല. പ്രപഞ്ചം തന്നെ നമ്മുടെ സുഹൃത്താണ്. സ്വപ്നം കാണുകയും, യത്നിക്കുകയും ചെയ്യുന്നവര്‍ക്ക്‌ നല്ലതുമാത്രം നല്‍കാന്‍ അത് പദ്ധതിയിടുന്നു." പ്രകൃതിയുടെ സ്പന്ദനം അറിഞ്ഞതുകൊണ്ടാവണം ഇന്ത്യയുടെ ശാസ്ത്രരംഗത്ത് അദ്ദേഹം നടത്തിയ സംഭാവനകള്‍ ഇന്ന് സ്മരിക്കപ്പെടുന്നത്. അതുകൊണ്ടാണ് നമ്മുടെ സ്വപ്‌നങ്ങള്‍ ഈ പ്രപഞ്ചത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് അദേഹം പറയുന്നത്.
                    കഠിനാധ്വാനത്തിന്‍റെ യാത്രകളില്‍ മാത്രമേ, ദൈവം സഹായത്തിനെത്തു എന്ന് കലാം.എത്ര മാത്രം തീവ്രമാണ് ഈ വാക്കുകള്‍. ഇത് അദേഹം പറഞ്ഞില്ലെങ്കില്‍ തന്നെ ആ ജീവിതത്തില്‍ നിന്ന് അത് നമ്മുക്ക് വായിച്ചെടുക്കാം. ഒരു ഉത്തമ നേതാവായി കലാം ഇന്ത്യയുടെ ഹൃദയം തോട്ടത് ഈ കഠിനാധ്വാനത്തിന്‍റെ സ്വപ്ന ചിറകുകളിലൂടെയാണ്.ഒരിക്കല്‍ കലാം പറഞ്ഞു....
" ഒരു നേതാവിനെ നിര്‍വചിക്കാന്‍ എന്നെ അനുവദിക്കു....,
അദ്ദേഹത്തിന് ദീര്‍ഘ വീക്ഷണവും അഭിനിവേശവും വേണം. ഒരു പ്രശ്നത്തെയും ഭയക്കരുത്,പ്രശനങ്ങളെ എങ്ങനെ പരാജയപെടുതണമെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം. അതിലുപരി അദ്ദേഹം സത്യസന്ധ നായിരിക്കണം." ഇതിനെയൊക്കെയാണ് അബ്ദുള്‍ കലാം പരാജയപെടുത്തിയത് തന്‍റെ എളിയ ജീവിതത്തില്‍.
              എന്തുമാത്രം കോളേജുകളിലും സ്കുളുകളിലുമാണ്  ഈ സ്വപ്നത്തിന്‍റെ അഗ്നി പടര്‍ന്നത്.യുവാക്കളെയും കുട്ടികളെയും പ്രചോദിപ്പിച്ച് അവര്‍ക്ക് അഗ്നിയുടെ ചിറകുകള്‍ ധരിക്കാന്‍ ബോധ്യങ്ങള്‍ നല്‍കിയ കലാം. പ്രിയപ്പെട്ട കലാം താങ്കള്‍ ഇനിയും ജീവിക്കും. കാരണം താങ്കള്‍ കണ്ട സ്വപ്‌നങ്ങള്‍ ഞങ്ങള്‍ ഇന്നു ആസ്വദിക്കുന്നു, ആ സ്വപനങ്ങള്‍ ഇനി ഞങ്ങള്‍ പറയാം പുതിയ തലമുറയോട്. കലാം പറഞ്ഞു.." വിത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കണം.പുതിയത് കണ്ടുപിടിക്കണം.ഇതുവരെ ആരും പോകാത്ത പാതകളിളുടെ സഞ്ചരിക്കണം, കഴിയില്ലെന്ന് കരുതുന്നവ നേടണം.പ്രശനങ്ങളെ കീഴടക്കണം....വിജയിക്കണം." കേരളത്തില്‍  ഒരിക്കല്‍ കലാം വന്നപ്പോള്‍ ഒരു കോളേജു സന്ദര്‍ശിച്ചു.
അവരുമായുള്ള സംവാദത്തില്‍ ഒരു ആണ്‍കുട്ടി കലാമിനോട് ചോദിച്ചു, " ആകാശത്തിലും ഭുമിയിലും പറന്നുയരാന്‍ താങ്കളുടെ ചിറകുകള്‍ക്ക് ശക്തി നല്‍കുന്നത് ആരാണ്....?
കലാമിന്‍റെ മറുപടി... "തീര്‍ച്ചയായും ആത്മാവ് ശരീരം എന്നിവയുടെ പരിശുദ്ധിയാണ് പ്രധാനം... അവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചിറകടിച്ചുയരാം"  കലാം നിരന്തരം പറയുമായിരുന്നു, " രാജ്യം അഴിമതി രഹിതവും സുന്ദര ഹൃദയവുമുള്ളതാകണമെങ്കില്‍ സമുഹത്തിലെ മുന്ന് അംഗങ്ങള്‍ക്ക് ചിലത് ചെയ്യാനുണ്ട്. അച്ഛന്‍, അമ്മ, അധ്യാപകന്‍ എന്നിവരാണവര്‍." സമുഹത്തോടും കുടുംബത്തോടും ഒരു മനുഷ്യന്‍ കാണിക്കേണ്ട നന്മകള്‍ എന്നും കലാം എന്ന മനുഷ്യസ്നേഹിയില്‍ നിറഞ്ഞുനിന്നു.
                     "നിങ്ങള്‍ക്ക് സുര്യനെപോലെ ശോഭിക്കാന്‍ നിങ്ങള്‍ സുര്യനെപോലെ ഉരുകണം" കലാമിന്‍റെ വാക്കുകളാണിത്.
അഗ്നി ചിറകുള്ള പക്ഷി.... താങ്കള്‍ ഇനിയും ജീവിക്കും,അല്ല താങ്കള്‍ ഇനിയാണ് ജീവിക്കുനത് ഇന്ത്യയില്‍. മരണവേളയില്‍പോലും
 കര്‍മ്മനിരതനായ സ്വപ്നതീര്‍ഥാടക.... താങ്കള്‍ ഇനിയും ജീവിക്കും.
കാരണം താങ്കള്‍ ഇന്ത്യയിലെ സാധാരണക്കാരോട് പറഞ്ഞത് സ്വപ്നങ്ങളേകുറിച്ചായിരുന്നു. താങ്കള്‍ ചിറകടിച്ചുയരുന്ന ഈ വേളയില്‍, ഇന്ന് ഇന്ത്യയുടെ ആത്മാവില്‍ പലയിടത്തും ചിറകടികള്‍ ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു... താങ്കള്‍ പറഞ്ഞ അഗ്നിയുടെ ചിറകുകള്‍ ധരിച്ച് ഒരു നല്ല ഇന്ത്യക്കായി.... പ്രിയപ്പെട്ട കലാം സാര്‍, താങ്കള്‍ ജീവിക്കുന്നു... സ്വപ്നങ്ങളുടെ മനുഷ്യന് പ്രണാമം.നന്ദി.
-----------------------------------ബിബിന്‍ ഏഴുപ്ലാക്കല്‍