Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

7 Mar 2019

പ്രിയപ്പെട്ട അമ്മയ്ക്ക്

"അമ്മയ്ക്കൊരു പനി വന്നാൽ നിശ്ചലമായി പോകുന്ന കടലുകളാണ് ഓരോ വീടും" എഴുതിയത് ഒരു ചങ്ങാതിയാണ്. ഈ പെൺ ദിനത്തിൽ ശിരസ്സു നമിച്ച് ആ പാദങ്ങളിൽ തൊട്ടെ മതിയാവു! നമ്മുടെ അമ്മമാരുടെ. ഒരേ സമയം ഒരുപാട് കുട്ടികളെ താലോലിക്കാനും ജീവതത്തിലെ മുറിവുണക്കാനും അവൾക്കാണ് എളുപ്പം. പലപ്പോഴും പുരുഷ വീരൻമാരേക്കാൾ അവൾക്കാണ് വേദന താങ്ങാൻ കഴിയുക. ഒരു കുടുംബത്തിന് നൽകുവാൻ വേണ്ടുവോളം സ്നേഹവും കരുതലും അവളിലുണ്ട്. അതിജീവനത്തിൻ്റെ പാഠങ്ങൾ നിങ്ങളാണ് പഠിപ്പിക്കുന്നത് അമ്മമാരേ! നിങ്ങൾ അതിജീവിക്കുന്നതും ഞങ്ങൾക്കു വേണ്ടിയല്ലേ...!

ഒട്ടുമിക്ക ദിവസങ്ങളിലും നിറമിഴികളോടെ അരികിൽ വരുന്ന ഒരു അമ്മയുണ്ട്. വാക്കുകൾ അധികമില്ലാത്ത ഒരമ്മ. കണ്ണീരിൽ കുതിർന്ന ആ സാരി തുമ്പിൽ എത്ര കടലുകളുണ്ടാവും...! പറയുന്നത് മുഴുവൻ മകനെ കുറിച്ചാ... ഒരു വാക്കു പോലും കുറ്റമല്ല. മറിച്ച് അവൻ നടന്നു പോകേണ്ട അല്ലെങ്കിൽ അവൻ നന്നാവേണ്ട നല്ല വഴികളെക്കുറിച്ച്. ഒടുവിൽ ഒരു ഗദ്ഗദമുണ്ട്... " ശരിയാകുമായിരിക്കും അല്ലേ... ശരിയാകൂന്നേ..!
ഇത്രമാത്രം സ്നേഹവും കരുതലും തരാൻ മറ്റാർക്കാണ് പറ്റുക. എഴുതപ്പെടുന്നതും പറയപ്പെടുന്നതുമെല്ലാം അമ്മമാരേകുറിച്ചാണ്. ഇനിയും കണ്ണുതുറന്ന് കാണാൻ പാകത്തിൽ അവരൊക്കെ ഇവിടെത്തന്നുണ്ട്.

ജീവിതത്തിൽ അമ്മ ഇല്ലാതാകുന്ന നിമിഷം തൊട്ട് നമ്മുക്ക് വയസ്സായി തുടങ്ങുന്നു.എത്ര തളർന്നാലും വൈകിയാലും ഓടിചെന്നാൽ കിട്ടുന്ന ഒരു മടിതട്ട് നഷ്ടമാകുന്നു. ഇടയ്ക്കൊക്കെ ഒരു പനി വരുന്നത് നല്ലതാ... അമ്മയുടെ സ്നേഹം നിറച്ച ചുക്കുകാപ്പി കൂടിക്കാൻ, ആ സ്നേഹത്തിൻ്റെ വാത്സല്യം നെറ്റിയിൽ തലോടലായറിയാൻ, രാത്രിയിൽ പനിച്ച് വിറച്ച് അമ്മയുടെ ചാരെ കിടന്നുറങ്ങാൻ... ഇടയ്ക്കൊക്കെ ഒരു പനി നല്ലതാ..! ഇനി അതുമല്ലെങ്കിൽ  ആ സ്നേഹത്തിൻ്റെ ഓർമ്മയിൽ നിറയാൻ.

ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ജീവിതത്തിൽ കാത്തിരിക്കാൻ ആരുമില്ലെന്ന്... ഡിയർ ബ്രോ, രാത്രി വൈകി വീട്ടിലേക്ക് ചെല്ലുക. വെള്ളമൊഴിക്കാതെ ചോറിന് കാവൽ നിൽക്കുന്ന ഒരു നിഴൽ അടുക്കളയിലുണ്ടാവും. ആ കാത്തിരിപ്പിൻ്റെ പേരാണ് അമ്മ. 'എനിക്കറിയാം' എന്ന് നീ പറയുന്നത് വരെ നിന്നെ അറിഞ്ഞത് നിൻ്റെ അമ്മയായിരുന്നു. ആ നീ ഇപ്പോ പറയുവാ," ഈ അമ്മക്ക് ഒന്നും അറിയില്ലെന്ന്" ഇന്ന് ഫേസ് ബുക്കിൽ വായിച്ച നന്ദുവിൻ്റെ പോസ്റ്റ് കിടുവാ...
" അമ്മേ...
വനിതാദിനമായിട്ട് എന്താ പരിപാടി..?"

" അടുപ്പത്ത് അരിയിട്ടിട്ടുണ്ട്,
കറിയുണ്ടാക്കാൻ അരിയാനെടുക്കണം,
വീടടിച്ചു വാരണം,
പിന്നെ തുണിയൊക്കെ അലക്കിയിട്ടിട്ട് 'ചന്ദനമഴ' കാണണം"
ആഹാ... ബെസ്റ്റ്!

(വനിതാ ദിനം 2019)
ഫാ. ബിബിൻ ഏഴുപ്ലാക്കൽ MCBS

No comments:

Post a Comment