Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

1 Dec 2015

കരുണയുടെ പുസ്തകം....

അല്‍പ്പം പ്രയാസവും ദു:ഖവും നിറഞ്ഞ ആഴ്ചകളിലൂടെയാണ് ഈ ഭൂമിയും ഇതിലെ ജനങ്ങളും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. തികച്ചും ദു:ഖകരമായ ദിനങ്ങള്‍. കലഹങ്ങളുടെയും സഹനങ്ങളുടെയും ദു:ഖങ്ങളുടെയും പ്രതികരണങ്ങളുടെയും പോരാട്ടങ്ങളുടെയും ദിനങ്ങള്‍. നിഷ്‌കളങ്കതയുടെ ബാല്യമുഖങ്ങള്‍തൊട്ട് വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍വരെ അക്രമിക്കപ്പെടുകയാണ്. ഐഎസ്‌ഐഎസിന്റെ ഉയര്‍ച്ച...! അവരുടെ കടന്നുകയറ്റം.

പത്രങ്ങളിലും മാസികകളിലും സോഷ്യല്‍മീഡിയകളിലുമെല്ലാം ഹൃദയം നുറുങ്ങിയ അനേകം മുഖങ്ങള്‍. തികച്ചും വേദന നിറഞ്ഞ ദിനങ്ങള്‍. ഭൂമിയുടെ അതിര്‍ത്തികള്‍ പൊളിച്ച്, വര്‍ണങ്ങള്‍ പൊളിച്ച് വര്‍ഗ്ഗങ്ങള്‍ പൊളിച്ച് മതത്തിന്റെ വേലിക്കെട്ടിലെ അതിര്‍ത്തികള്‍ തുറന്ന് ഹൃദയങ്ങളിലേക്ക് ചേക്കാറാനുള്ള സമയമായി ചിലരെങ്കിലും ഇതിനെ കണ്ണതുറന്ന് കാണുന്നില്ല. ഹൃദയം അടച്ചിട്ടിരിക്കുന്നു, കണ്ണടച്ച് എവിടെയോ പോയി ഒളിച്ചിരിക്കുന്നു. കാരണം ഇത് ഞങ്ങടെ പ്രശ്‌നമല്ലല്ലോ...ഇത് ഞങ്ങളുടെ പ്രശ്‌നമാകാന്‍ അധികനാഴിക വേണ്ട. ആഗോള പ്രശ്‌നമാകുന്ന ഇത്തരം കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ പ്രശ്‌നമാകാതെ പോകുന്ന തികച്ചും ശൂന്യമായ അവസ്ഥ. നമ്മിലെ കരുണ നമുക്ക് നഷ്ടപ്പെടുന്നു. കരുണയുടെ ജലാംശം വറ്റിപോകുന്നു. ലോകത്തെ നോക്കി കണ്ണടച്ച് ഹൃദയമടച്ച് നാം ഉള്ളില്‍ പറയുന്നു. 'ഇത് എന്റെ പ്രശ്‌നമല്ല. നിന്റെ സഹനം എന്റേതല്ല. നിന്റെ രാജ്യമല്ലല്ലോ എന്റെ രാജ്യം. എനിക്ക് ആവശ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ... നിന്റെ സഹനങ്ങള്‍ സ്വപ്‌നം കാണാന്‍ എനിക്ക് രാത്രികളില്ല. ഞാന്‍ എന്റെ ലോകത്ത് തികച്ചും വ്യാപ്രതനാണ്. എനിക്ക് സമയമില്ല. ഗുഡ് ബൈ.'

കരുണയൊക്കെ അല്പം കഠിന സംഗതി തന്നെ, അപരന്റെ പ്രശ്‌നത്തിലേക്കും അവന്റെ വേദനയിലേക്കുമൊക്കെ ഒന്നു കടന്നു ചെല്ലുകയെന്നു പറയുന്നതൊക്കെ അല്പം ബുദ്ധിമുട്ടുള്ള സംഗതി തന്നെ. എന്റെ ചെറിയ ലോകത്തില്‍ നിന്ന് അതിര്‍ത്തികള്‍ തുറന്ന് മറ്റുള്ളവരെ അറിയാന്‍, മാപ്പു കൊടുക്കാന്‍, സ്‌നേഹിക്കാന്‍, സന്തോഷിക്കാന്‍, ഇതൊക്കെ അല്പം പ്രയാസമുള്ളതാകുന്നു ഈ വലിയ ലോകത്തില്‍. ഒന്നും നമ്മുടെ പ്രശ്‌നമാകാത്ത ഈ ലോകത്തില്‍ , കരുണയോടെ ഈ ലോകത്തെ നോക്കാത്ത ഈ കാലത്തില്‍ ഹൃദയം ചുരുങ്ങുകയാണ്. കരുണ വറ്റുകയാണ്. ഓര്‍ക്കണം കരുണയുടെ ആര്‍ദ്രമായ മുഖവും തൊടലും എനിക്കും ആവശ്യമാണ് ഒരുകാലത്തെങ്കിലും.

ചെറുപ്പം മുതല്‍ പഠിപ്പിച്ച ഗുരുക്കന്മാരെല്ലാം പറയുന്നതും ഇതുതന്നെ -കരുണ. ഈ പാഠം പിന്നെയും ആവര്‍ത്തിക്കുകയാണ് പലരും. ഇന്ന് ഈ ലോകം എന്നെ നോക്കി പറയുന്നുണ്ട് കരുണ. സമാധാനമില്ലാത്ത ഈ ലോകത്തില്‍, മനുഷ്യര്‍ ഈ ഭൂമി സമാധാനത്തില്‍പങ്കുവച്ച് സ്‌നേഹത്തില്‍ ജീവിക്കാന്‍ കരുണയല്ലാതെ മറ്റെന്താണ് മാര്‍ഗ്ഗം. ഇതിനു പകരം മറ്റൊരു മാര്‍ഗ്ഗമുണ്ടെങ്കില്‍ കരുണയ്ക്കുവേണ്ടി നാം പോരാടേണ്ടതില്ല. ഹൃദയം തുറക്കാം അവിടെയേ കരുണയുടെ കണ്ണുകള്‍ തുറന്നിരിക്കൂ. ഇന്നലെ പാരീസില്‍ ആണെങ്കില്‍ ഇന്ന് ഞാന്‍ സഞ്ചരിക്കുന്ന ഇടങ്ങളിലാവാം നിലവിളികളും, പോരാട്ടങ്ങളും.

ഈ ലോകത്തെ നോക്കി കണ്ണടയ്ക്കാതെ ഹൃദയം അടയ്ക്കാതെ ഇരുകൈകളും തുറന്ന് നമുക്ക് ഒപ്പം നില്‍ക്കാം... കാരണം കരുണ സജീവമാണ് എല്ലാവരിലും. ഞാന്‍ എന്നില്‍ത്തന്നെ ചുരുങ്ങിച്ചേരുമ്പോള്‍ നിശ്ചലമാകുയേുള്ളു. അല്ലെങ്കില്‍ അപരന്റെ രക്തം പൊടിയുമ്പോള്‍ എന്നിലും കണ്ണുകള്‍ നിറയും.

ഈ ദിവസങ്ങളിലെ സോഷ്യല്‍മീഡിയയിലെ ഒരു ചിത്രമാണ് ശ്രദ്ധയില്‍പെട്ടത്. ഒരുകെട്ടുപൂക്കള്‍ കൈകളില്‍ പിടിച്ച് അച്ഛന്റെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കാന്‍ നടന്നുപോകുന്ന ഒരു കുട്ടി. അവളുടെ കറുത്ത ബനിയന്റെ മുമ്പില്‍ എഴുതിയിരിക്കുന്ന ഒരു ഒറ്റവാക്കുണ്ട് MERCY. പട്ടാളക്കാരനായിരുന്ന തന്റെ അച്ഛന്റെ മരണത്തില്‍ പകച്ചുനില്‍ക്കുന്ന ബാല്യത്തില്‍ നിന്ന് പഠിക്കാനുണ്ട്. അവള്‍ക്കറിയില്ലെങ്കിലും ആ ചിത്രം ഓര്‍മ്മിപ്പിക്കുകയാണ് കരുണയുടെ പാഠങ്ങള്‍. ഈ ഭൂമിയെ ഇനി കരുണയുടെ രൂപത്തില്‍ സൂക്ഷിക്കാനുള്ള പാഠങ്ങള്‍. ഓര്‍മ്മകളിലും സ്വപ്‌നങ്ങളിലും സ്‌നേഹത്തിന്റെ കിരണങ്ങള്‍ നിറയാന്‍ കരുണയുടെ പുസ്തകം തുറക്കാം... പല അധ്യായങ്ങളായി ഇനി കടന്നുവരുന്ന പ്രശ്‌നങ്ങളെ കരുണയുടെ പിന്‍ബലത്തില്‍ കാഴ്ചയാക്കാം... കാരണം നമുക്കല്ലാതെ മറ്റാര്‍ക്കാണ് കരുണയുള്ളവരാകാന്‍ സാധിക്കുക.

 -ബിബിന്‍ ഏഴുപ്ലാക്കല്‍ 

No comments:

Post a Comment