Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

28 Jul 2015

ഹൃദയത്തില്‍ നിന്ന്


സത്യത്തില്‍ ഹൃദയത്തില്‍ നിന്നാണ്  കാര്യങ്ങള്‍ ചുരുങ്ങി പോകുന്നത്. സ്നേഹവും കരുണയും  കുറയുന്നതും അതുകൊണ്ട് തന്നെ.ആത്മാര്‍ത്ഥമായ വാക്കും, നോട്ടവുമൊക്കെ എന്നെ മറഞ്ഞിരിക്കുന്നു.ഹൃദയത്തിന്‍റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത് കുരിശിലേക്കാണ്,നസ്രായന്‍റെ ഹൃദയത്തിലേക്ക്. ചങ്കിലെ നിണത്താല്‍ ആ സ്നേഹം ഹൃദയത്തിന്‍റെ ആഴം സംസാരിക്കുന്നുണ്ട്. കരുണയും ആര്‍ദ്രതയും  എല്ലാം ഹൃദയത്തില്‍ നിന്നാണ്  അവന്‍ അടയാളപെടുത്തുന്നത്. അതിന്റെ സുചനയാണ് ഈ സ്നേഹവാക്യം " നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിങ്ങളുടെ ഹൃദയവും"
                  അവന്‍റെ ഹൃദയം മുഴുവന്‍ ചുറ്റുമുള്ളവരിലായിരുന്നു.
നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മീതെ നടക്കാനുള്ള ബലവും ഈ ഹൃദയത്തിന്‍റെ നിറവില്‍ നിന്നുതന്നെ. ഒടുവില്‍ ഇതെന്‍റെ ശരീരമെന്ന് പറഞ്ഞ് വാഴ്ത്തുമ്പോഴും, എല്ലാം ഹൃദയത്തില്‍ നിന്നാണ് എന്നതിന്റെ തെളിവാണ് .
             ഇന്ന് ഹൃദയത്തില്‍നിന്ന് 'ഒരു ഹായ്' കേട്ടിട്ട് കാലങ്ങളായി.ഫേസ്ബുക്കിലും മറ്റും കിട്ടുന്ന 'ഹായ്' കള്‍ക്ക് എന്തുമാത്രം ഹൃദയമുണ്ടെന്ന് ആര്‍ക്കറിയാം. നേരിട്ട് കാണുമ്പോള്‍ ഒന്ന് പുഞ്ചിരിക്കാന്‍പോലും നിനയ്ക്കാത്ത ഇത്തരം പ്രഘോഷങ്ങള്‍ക്ക് ഹൃദയമില്ല. ദൂരങ്ങളിലിരുന്ന് 'ഹായ്' പറയുന്ന നമ്മുടെ ഹൃദയം മറ്റു കോണിലുള്ളവരെ തൊടട്ടെ. ചുരുക്കത്തില്‍ കുറച്ചുകാലം ഫേസ്ബുക്കും ട്വിറ്റെറുംഒക്കെ ഒന്ന് sign out ചെയ്യാന്‍ സമയമായി.ലൈഫ് ബുക്കിലെ ചങ്ങാതിമാര്‍ക്കൊപ്പം കരം പിടിച്ചു നടക്കാനും കുശലം പറയാനും നേരമായി.
                       കടലിന്‍റെ മര്‍മ്മം അറിഞ്ഞതുകൊണ്ടാവാം ഈശോ അതിനെ ശാന്തമാക്കിയത്. അതിനാലാവണം വലയെറിയാനുള്ള  വശം അവന്‍ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുന്നത്. ഇന്നി കടലില്‍
വലയെറിയാനുള്ള വശത്തിനായി പലരും ക്ഷീണിക്കുന്നുണ്ട്.
ഇടത്തോ ... അതോ വലത്തോ....?  കടലിന്‍റെ ഹൃദയമറിയാത്ത ഈ യാത്രയില്‍, ഈ ജീവിതത്തില്‍ നാം തനിച്ചാകുന്നു.
        ജീവിതത്തിന്‍റെ അംശമെന്നോണം ഒരല്പം നന്ദി നല്ലതാണ്. അതിനെ ഹൃദയങ്ങളെ തൊടാന്‍ സാധിക്കു. ആരുടേയും സ്പര്ശ്നമില്ലാതെ ആരും ഒന്നും ആകുന്നില്ല. സ്നേഹത്തിന്‍റെ , കരുണയുടെയൊക്കെ മിച്ചമുള്ള ഒരു കുഞ്ഞു ഹൃദയം മതി ഈ തിരക്കുള്ള ഭൂമിയില്‍ ഗുരുവിനോട് ചേര്‍ന്ന് നില്‍ക്കാന്‍. അതെ ഹൃദയത്തില്‍ നിന്നാണ് ഇതൊക്കെ പരക്കുന്നത്, സ്നേഹത്തിന്‍റെ,കരുണയുടെ, നന്ദിയുടെ സുഗന്ധങ്ങള്‍.
                              തിരക്കില്‍ കൈവിട്ടുപോയ ബലൂണ്‍ എത്തി പിടിക്കാന്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ മകനെ പരതുന്ന അപ്പന്‍റെ ഹൃദയം. കൈവിട്ടുപോകുന്ന സ്വത്താണ് മകന്‍. അവനുവേണ്ടി ഹൃദയമാണ് പരതുന്നത്.കൈവിട്ടു പോകുമ്പോഴേ ഈ
ബന്ധങ്ങളുടെയൊക്കെ വിലയറിയു. ഇനിയും ഈ കൂട്ടത്തില്‍ തപ്പിയെടുക്കാന്‍ ഒരു കൂട്ടം പേരുണ്ട്. പലപ്പോഴായി ഞാന്‍ കൈവിട്ടു കളഞ്ഞ ചിലര്‍. ഈ കൂട്ടത്തില്‍ എവിടെയോ അവര്‍ ഒറ്റയ്ക്ക് നില്‍പ്പുണ്ട്.ഹൃദയംകൊണ്ട് ഞാനൊന്ന് പരതട്ടേ...
-------ബിബിൻ ഏഴുപ്ലാക്കൽ 

2 comments: