Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

1 Dec 2015

കരുണയുടെ പുസ്തകം....

അല്‍പ്പം പ്രയാസവും ദു:ഖവും നിറഞ്ഞ ആഴ്ചകളിലൂടെയാണ് ഈ ഭൂമിയും ഇതിലെ ജനങ്ങളും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. തികച്ചും ദു:ഖകരമായ ദിനങ്ങള്‍. കലഹങ്ങളുടെയും സഹനങ്ങളുടെയും ദു:ഖങ്ങളുടെയും പ്രതികരണങ്ങളുടെയും പോരാട്ടങ്ങളുടെയും ദിനങ്ങള്‍. നിഷ്‌കളങ്കതയുടെ ബാല്യമുഖങ്ങള്‍തൊട്ട് വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍വരെ അക്രമിക്കപ്പെടുകയാണ്. ഐഎസ്‌ഐഎസിന്റെ ഉയര്‍ച്ച...! അവരുടെ കടന്നുകയറ്റം.

പത്രങ്ങളിലും മാസികകളിലും സോഷ്യല്‍മീഡിയകളിലുമെല്ലാം ഹൃദയം നുറുങ്ങിയ അനേകം മുഖങ്ങള്‍. തികച്ചും വേദന നിറഞ്ഞ ദിനങ്ങള്‍. ഭൂമിയുടെ അതിര്‍ത്തികള്‍ പൊളിച്ച്, വര്‍ണങ്ങള്‍ പൊളിച്ച് വര്‍ഗ്ഗങ്ങള്‍ പൊളിച്ച് മതത്തിന്റെ വേലിക്കെട്ടിലെ അതിര്‍ത്തികള്‍ തുറന്ന് ഹൃദയങ്ങളിലേക്ക് ചേക്കാറാനുള്ള സമയമായി ചിലരെങ്കിലും ഇതിനെ കണ്ണതുറന്ന് കാണുന്നില്ല. ഹൃദയം അടച്ചിട്ടിരിക്കുന്നു, കണ്ണടച്ച് എവിടെയോ പോയി ഒളിച്ചിരിക്കുന്നു. കാരണം ഇത് ഞങ്ങടെ പ്രശ്‌നമല്ലല്ലോ...ഇത് ഞങ്ങളുടെ പ്രശ്‌നമാകാന്‍ അധികനാഴിക വേണ്ട. ആഗോള പ്രശ്‌നമാകുന്ന ഇത്തരം കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ പ്രശ്‌നമാകാതെ പോകുന്ന തികച്ചും ശൂന്യമായ അവസ്ഥ. നമ്മിലെ കരുണ നമുക്ക് നഷ്ടപ്പെടുന്നു. കരുണയുടെ ജലാംശം വറ്റിപോകുന്നു. ലോകത്തെ നോക്കി കണ്ണടച്ച് ഹൃദയമടച്ച് നാം ഉള്ളില്‍ പറയുന്നു. 'ഇത് എന്റെ പ്രശ്‌നമല്ല. നിന്റെ സഹനം എന്റേതല്ല. നിന്റെ രാജ്യമല്ലല്ലോ എന്റെ രാജ്യം. എനിക്ക് ആവശ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ... നിന്റെ സഹനങ്ങള്‍ സ്വപ്‌നം കാണാന്‍ എനിക്ക് രാത്രികളില്ല. ഞാന്‍ എന്റെ ലോകത്ത് തികച്ചും വ്യാപ്രതനാണ്. എനിക്ക് സമയമില്ല. ഗുഡ് ബൈ.'

കരുണയൊക്കെ അല്പം കഠിന സംഗതി തന്നെ, അപരന്റെ പ്രശ്‌നത്തിലേക്കും അവന്റെ വേദനയിലേക്കുമൊക്കെ ഒന്നു കടന്നു ചെല്ലുകയെന്നു പറയുന്നതൊക്കെ അല്പം ബുദ്ധിമുട്ടുള്ള സംഗതി തന്നെ. എന്റെ ചെറിയ ലോകത്തില്‍ നിന്ന് അതിര്‍ത്തികള്‍ തുറന്ന് മറ്റുള്ളവരെ അറിയാന്‍, മാപ്പു കൊടുക്കാന്‍, സ്‌നേഹിക്കാന്‍, സന്തോഷിക്കാന്‍, ഇതൊക്കെ അല്പം പ്രയാസമുള്ളതാകുന്നു ഈ വലിയ ലോകത്തില്‍. ഒന്നും നമ്മുടെ പ്രശ്‌നമാകാത്ത ഈ ലോകത്തില്‍ , കരുണയോടെ ഈ ലോകത്തെ നോക്കാത്ത ഈ കാലത്തില്‍ ഹൃദയം ചുരുങ്ങുകയാണ്. കരുണ വറ്റുകയാണ്. ഓര്‍ക്കണം കരുണയുടെ ആര്‍ദ്രമായ മുഖവും തൊടലും എനിക്കും ആവശ്യമാണ് ഒരുകാലത്തെങ്കിലും.

ചെറുപ്പം മുതല്‍ പഠിപ്പിച്ച ഗുരുക്കന്മാരെല്ലാം പറയുന്നതും ഇതുതന്നെ -കരുണ. ഈ പാഠം പിന്നെയും ആവര്‍ത്തിക്കുകയാണ് പലരും. ഇന്ന് ഈ ലോകം എന്നെ നോക്കി പറയുന്നുണ്ട് കരുണ. സമാധാനമില്ലാത്ത ഈ ലോകത്തില്‍, മനുഷ്യര്‍ ഈ ഭൂമി സമാധാനത്തില്‍പങ്കുവച്ച് സ്‌നേഹത്തില്‍ ജീവിക്കാന്‍ കരുണയല്ലാതെ മറ്റെന്താണ് മാര്‍ഗ്ഗം. ഇതിനു പകരം മറ്റൊരു മാര്‍ഗ്ഗമുണ്ടെങ്കില്‍ കരുണയ്ക്കുവേണ്ടി നാം പോരാടേണ്ടതില്ല. ഹൃദയം തുറക്കാം അവിടെയേ കരുണയുടെ കണ്ണുകള്‍ തുറന്നിരിക്കൂ. ഇന്നലെ പാരീസില്‍ ആണെങ്കില്‍ ഇന്ന് ഞാന്‍ സഞ്ചരിക്കുന്ന ഇടങ്ങളിലാവാം നിലവിളികളും, പോരാട്ടങ്ങളും.

ഈ ലോകത്തെ നോക്കി കണ്ണടയ്ക്കാതെ ഹൃദയം അടയ്ക്കാതെ ഇരുകൈകളും തുറന്ന് നമുക്ക് ഒപ്പം നില്‍ക്കാം... കാരണം കരുണ സജീവമാണ് എല്ലാവരിലും. ഞാന്‍ എന്നില്‍ത്തന്നെ ചുരുങ്ങിച്ചേരുമ്പോള്‍ നിശ്ചലമാകുയേുള്ളു. അല്ലെങ്കില്‍ അപരന്റെ രക്തം പൊടിയുമ്പോള്‍ എന്നിലും കണ്ണുകള്‍ നിറയും.

ഈ ദിവസങ്ങളിലെ സോഷ്യല്‍മീഡിയയിലെ ഒരു ചിത്രമാണ് ശ്രദ്ധയില്‍പെട്ടത്. ഒരുകെട്ടുപൂക്കള്‍ കൈകളില്‍ പിടിച്ച് അച്ഛന്റെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കാന്‍ നടന്നുപോകുന്ന ഒരു കുട്ടി. അവളുടെ കറുത്ത ബനിയന്റെ മുമ്പില്‍ എഴുതിയിരിക്കുന്ന ഒരു ഒറ്റവാക്കുണ്ട് MERCY. പട്ടാളക്കാരനായിരുന്ന തന്റെ അച്ഛന്റെ മരണത്തില്‍ പകച്ചുനില്‍ക്കുന്ന ബാല്യത്തില്‍ നിന്ന് പഠിക്കാനുണ്ട്. അവള്‍ക്കറിയില്ലെങ്കിലും ആ ചിത്രം ഓര്‍മ്മിപ്പിക്കുകയാണ് കരുണയുടെ പാഠങ്ങള്‍. ഈ ഭൂമിയെ ഇനി കരുണയുടെ രൂപത്തില്‍ സൂക്ഷിക്കാനുള്ള പാഠങ്ങള്‍. ഓര്‍മ്മകളിലും സ്വപ്‌നങ്ങളിലും സ്‌നേഹത്തിന്റെ കിരണങ്ങള്‍ നിറയാന്‍ കരുണയുടെ പുസ്തകം തുറക്കാം... പല അധ്യായങ്ങളായി ഇനി കടന്നുവരുന്ന പ്രശ്‌നങ്ങളെ കരുണയുടെ പിന്‍ബലത്തില്‍ കാഴ്ചയാക്കാം... കാരണം നമുക്കല്ലാതെ മറ്റാര്‍ക്കാണ് കരുണയുള്ളവരാകാന്‍ സാധിക്കുക.

 -ബിബിന്‍ ഏഴുപ്ലാക്കല്‍ 

5 Nov 2015

ആത്മഹത്യ


നിലവിളിയോടെ 
കണ്ണീരോടെ 
ചിലര്‍ ആത്മഹത്യക്ക് ഒരുങ്ങുന്നുണ്ട്,
ഒരു കഥയും  കവിതയും. 
വായനക്കാര്‍ക്ക് അക്ഷരങ്ങള്‍ 
രസിച്ചില്ലത്രേ....
എഴുത്തുകാരന്‍ 
കൊല്ലപ്പെട്ടത്രേ.....

7 Sept 2015

അമ്മമനസ്സ്

അമ്മയുടെ മുഖം ഇടറുന്നുണ്ട്..! മകന്‍റെ നിണമണിഞ്ഞ കുരിശുവഴിയെ അവള്‍ പിറകില്‍.കുഞ്ഞുനാളിലെ ഇടറുന്ന ചുവടുകള്‍ക്ക് ബലം നല്‍കിയ അതെ അമ്മ...! മകനെ മാതൃസ്നേഹത്തിന്റെ വയല്‍ വരമ്പിലൂടെ നടത്തി, സ്നേഹത്തിന്‍റെ  ചഷകത്തില്‍ പാലൂട്ടി, മനുഷ്യവതാരത്തിന്റെ മഹനീയഭാവത്തെ ഭൂമിയില്‍ കൊണ്ടുവരാന്‍ ഭാഗ്യം കിട്ടിയ കന്യക. അമ്മയുടെ സ്നേഹത്തിന്‍റെ മുന്‍പില്‍ നിശബ്ധമാകുന്ന കാല്‍വരി. അമ്മയുടെ ജനനത്തെ ഓര്‍ക്കുമ്പോള്‍ ഈ ചിത്രം വല്ലാതെ എന്നെ പിന്തുടരുന്നു...!സുവിശേഷത്തില്‍ ഇത്ര ശക്തമായി മറ്റൊരു സ്ത്രീയെ അവതരിപ്പിക്കുന്നില്ല.മറിയത്തെ പോലെ.

 രാത്രികളില്‍ തണുത്ത കഞ്ഞിക്കുമുന്പില്‍ കാത്തിരുന്ന് ഉറങ്ങുന്ന... അവശതയുടെ, തോല്‍വികളുടെ, ഏകാന്തതകളില്‍ തലമുടിയിഴകളില്‍ വിരലോടിച്ച് വാത്സല്യത്തിന്റെ താരാട്ട് പാടുന്ന ഒരുപറ്റം അമ്മമാരുണ്ടായിരുന്നു. അപ്പനേക്കാളും നമ്മെ തൊട്ടറിയുന്ന അമ്മമാര്‍.പക്ഷെ ഇന്നു ഇതൊക്കെ ഓര്‍മ്മകളായി മാറുന്നില്ലേ എന്ന സങ്കടം മാത്രം. അതെ ഇന്ന് കാര്യങ്ങള്‍ അല്പം മാറിയിട്ടുണ്ട്. പെറ്റകുഞ്ഞിന്‍റെ മാതൃത്വത്തിലുള്ള വിലപേശല്‍......പൊട്ടിമുളയ്ക്കുന്ന അമ്മാതോട്ടിലുകള്‍.....സൗന്ദര്യത്തെ ഓര്‍ത്ത് വടകയ്ക്കെടുക്കുന്ന ഗര്‍ഭപാത്രങ്ങള്‍....ചര്‍മ്മം സംരക്ഷിക്കാന്‍ മുലയൂട്ടാന്‍ മടിക്കുന്നവര്‍..... ഇങ്ങനെ അമ്മ എന്ന സങ്കല്പം അല്പം മാറിയിട്ടുണ്ട്.(അമ്മമാരേ നിങ്ങളെ സ്നേഹപൂര്‍വ്വം മാത്രമെ ഓര്‍ക്കുന്നുള്ളൂ). ഇനി വരാന്‍ പോകുന്ന കാലത്ത് എന്താകുമോ...? കലകളില്‍നിന്നും കഥകളില്‍നിന്നും അമ്മമാര്‍ അപ്രത്യക്ഷരായി!
സ്നേഹത്തിന്‍റെ ഹൃദയം തുളുമ്പി നമ്മുടെ തലമുറയെ തിരിച്ചു വിളിക്കുന്നു കാലവരിയിലെ അമ്മമനസ്സ്.
"ഇതാ... ഇതുപോലെ സ്നേഹിക്ക്....
അല്ല... ഇതുപോലെ ജീവിക്ക്...!
ഞനും മകനോടൊപ്പം നടക്കുകയാണ്,
എനിക്കറിയാം അവന്‍ കുരിശിലേക്കാണ് ...
അവനോടൊപ്പം ഞാനും നടക്കുന്നു.
ആ സ്നേഹത്തിന്‍റെ ചുടു ചോര ഞാനും സ്പര്‍ശിക്കട്ടെ....
ആ ത്യാഗത്തിന്റെ കാല്‍പാടുകള്‍ ഞാനും താഴുകട്ടെ....."
പ്രിയപ്പെട്ട അമ്മമാരേ.... ഒറ്റപ്പെടുത്തിയവരെയും, കുറ്റപ്പെടുത്തിയവരെയും ചേര്‍ത്ത് പിടിക്കാം.കാരണം നിങ്ങള്‍ക്കെ അതിനു സാധിക്കു... നിങ്ങള്‍ക്ക് മാത്രമേ അതിനു കഴിയു. കാരണം നിങ്ങള്‍ അമ്മമാരാണ്. നിലാവിന്‍റെ ശോഭയില്‍  അമ്മയുടെ ജീവിതം നമ്മുക്കു മുന്‍പില്‍. ധന്യം നിന്‍ ജന്മം മറിയമേ....
-ബിബിന്‍ ഏഴുപ്ലാക്കല്‍ 

14 Aug 2015

ജോബിന്‍റെ പുസ്തകം

(ബൈബിളിലെ ജോബിന്‍റെ പുസ്തകം പ്രമേയം)
ഇനിയെന്ന് തീരുമെന്‍
സഹനജീവിതമെന്നു ചൊല്ലിയ നാള്‍മുതല്‍
പരീക്ഷണ രശ്മികള്‍ തീരത്ത്
ജീവിതം വാര്‍ത്തവന്‍.
നീണ്ടു നിവര്‍ത്തിയ പരാതികള്‍
തീര്‍ത്തവന്‍ നിന്നു ചൊല്ലി-
സഹന ജീവിതമെന്തിനുഎന്ന് ചൊല്ലി.
ശസനകള്‍ക്ക് മറുപടിയായ് ഗുരു വചനം-
"ദൈവ ശാസന കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍".
മണല്‍ തരികളോളം ഭാരമേറിയ
സഹന ഭാരമവന്‍ ഇറക്കിവച്ച് നിന്നു.
ആശ്വാസ ദൂതുമായ്  സഹചരെത്തി-
ജീവിത യാത്രക്ക് ദൂതുമായ് .
അതിക്രമങ്ങള്‍ സഞ്ചിയിലാക്കിയവന്‍
മുദ്രവയ്ക്കുമെന്ന് വചനം.
ദൈവമെന്‍റെ ജീവനായ് മാറുമ്പോള്‍
ഞാന്‍ ശൂന്യനാകുമെന്നവന്‍.
ചര്‍മ്മം അഴുകി ഇല്ലാതാകുമ്പോള്‍-
ദൈവം വസിക്കുമെന്‍ മാംസത്തിലും.
ഇനി വഴിവിളക്കായ്‌ ദൈവമുണ്ട്.
പരിക്ഷണ യാത്രയില്‍-
ഒടുക്കമൊരു തിരിനാളമായ്‌ -
സ്വര്‍ണ്ണം പോലെയെന്നെ പ്രകാശിപ്പിക്കുമവന്‍.
ഒന്നുമാത്രം ഉറപ്പിച്ചവന്‍ കൈകള്‍ കൂപ്പി-
ഗുരുവേ...മരിക്കുവോളം കൈവിടില്ല ഞാന്‍-
നീ തന്ന നിഷ്കളങ്കത.
ഒടുവില്‍ സ്നേഹത്തിന്‍റെ താഴ്‌വരയില്‍-
നിറയുന്ന പുഞ്ചിരിയില്‍,
ദൈവമവന് പകര്‍ന്നു-
സഹനത്തിന്‍ ഉത്തരം.
നിശബ്ദതയുടെ സായാഹ്നത്തില്‍
കേട്ട ദൈവത്തെ കണ്ടവന്‍.
സഹന വഴികളുടെ ചൈതന്യ രാവില്‍
തവ ജീവിതം ധന്യമാക്കിയവന്‍.
സ്നേഹത്തിന്‍റെ താഴ്‌വരയില്‍
സഹനത്തിന്‍ രാത്രികള്‍....
നുകര്‍ന്ന് തീരുമൊരു നിലാവിന്‍
വെട്ടമായ്  അവനെന്നും കാത്തു-
സഹനമൊരു ദൂതായ്.



10 Aug 2015

അക്വേറിയം

ഏകദേശം ചെളിപടര്‍ന്ന
അക്വേറിയത്തില്‍ ഒരു ചര്‍ച്ച!
"ഇത് എട്ടാം ദിനം,
സ്വിച്ച് ഇട്ടിട്ടില്ല ഇതുവരെ...
തീറ്റ തന്നിട്ടില്ല....
വെള്ളം കുടിച്ചെങ്ങനെ ജീവിക്കും?"
"വരും.. വരാതിരിക്കില്ല."
ഉരുളന്‍ കല്ലില്‍ തഴുകിയ
കറുമ്പന്‍ പറഞ്ഞു.
"ഇനി വധശിക്ഷ വല്ലോം ആണോ..?"
ഒരു ഗോള്‍ഡ്‌ ഫിഷ്‌ ചിണുങ്ങി.

 വ്യക്തമല്ലെങ്കിലും ചില്ലുകൂടിനപ്പുറം,
കടന്നുപോയ ആരോ ഉറക്കെ വായിച്ചത്-
ആറുപേരും കേട്ടു!

പത്രവാര്‍ത്തയാണ്.
"ഒരാളെ കൊല്ലുകയെന്നത്
ഭയാനകമായ കാര്യമാണ്.
അയാള്‍ക്കുള്ളതും
ഭാവിയില്‍ വന്നേക്കാവുന്നതുമായ
എല്ലാം നിങ്ങള്‍ തട്ടിയെടുക്കുന്നു"
'മാതൃഭൂമിയുടെ' കവര്‍സ്റ്റോറി-
വായിച്ചയാള്‍ കടന്നുപോയി.

ചര്‍ച്ചകള്‍ തുടര്‍ന്നു...
"വധശിക്ഷയാണോ...?
ഏയ്‌....! 
ആണോ...?
ആര്‍ക്കറിയാം!" 
(10-08-2015) 

28 Jul 2015

ഹൃദയത്തില്‍ നിന്ന്


സത്യത്തില്‍ ഹൃദയത്തില്‍ നിന്നാണ്  കാര്യങ്ങള്‍ ചുരുങ്ങി പോകുന്നത്. സ്നേഹവും കരുണയും  കുറയുന്നതും അതുകൊണ്ട് തന്നെ.ആത്മാര്‍ത്ഥമായ വാക്കും, നോട്ടവുമൊക്കെ എന്നെ മറഞ്ഞിരിക്കുന്നു.ഹൃദയത്തിന്‍റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത് കുരിശിലേക്കാണ്,നസ്രായന്‍റെ ഹൃദയത്തിലേക്ക്. ചങ്കിലെ നിണത്താല്‍ ആ സ്നേഹം ഹൃദയത്തിന്‍റെ ആഴം സംസാരിക്കുന്നുണ്ട്. കരുണയും ആര്‍ദ്രതയും  എല്ലാം ഹൃദയത്തില്‍ നിന്നാണ്  അവന്‍ അടയാളപെടുത്തുന്നത്. അതിന്റെ സുചനയാണ് ഈ സ്നേഹവാക്യം " നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിങ്ങളുടെ ഹൃദയവും"
                  അവന്‍റെ ഹൃദയം മുഴുവന്‍ ചുറ്റുമുള്ളവരിലായിരുന്നു.
നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മീതെ നടക്കാനുള്ള ബലവും ഈ ഹൃദയത്തിന്‍റെ നിറവില്‍ നിന്നുതന്നെ. ഒടുവില്‍ ഇതെന്‍റെ ശരീരമെന്ന് പറഞ്ഞ് വാഴ്ത്തുമ്പോഴും, എല്ലാം ഹൃദയത്തില്‍ നിന്നാണ് എന്നതിന്റെ തെളിവാണ് .
             ഇന്ന് ഹൃദയത്തില്‍നിന്ന് 'ഒരു ഹായ്' കേട്ടിട്ട് കാലങ്ങളായി.ഫേസ്ബുക്കിലും മറ്റും കിട്ടുന്ന 'ഹായ്' കള്‍ക്ക് എന്തുമാത്രം ഹൃദയമുണ്ടെന്ന് ആര്‍ക്കറിയാം. നേരിട്ട് കാണുമ്പോള്‍ ഒന്ന് പുഞ്ചിരിക്കാന്‍പോലും നിനയ്ക്കാത്ത ഇത്തരം പ്രഘോഷങ്ങള്‍ക്ക് ഹൃദയമില്ല. ദൂരങ്ങളിലിരുന്ന് 'ഹായ്' പറയുന്ന നമ്മുടെ ഹൃദയം മറ്റു കോണിലുള്ളവരെ തൊടട്ടെ. ചുരുക്കത്തില്‍ കുറച്ചുകാലം ഫേസ്ബുക്കും ട്വിറ്റെറുംഒക്കെ ഒന്ന് sign out ചെയ്യാന്‍ സമയമായി.ലൈഫ് ബുക്കിലെ ചങ്ങാതിമാര്‍ക്കൊപ്പം കരം പിടിച്ചു നടക്കാനും കുശലം പറയാനും നേരമായി.
                       കടലിന്‍റെ മര്‍മ്മം അറിഞ്ഞതുകൊണ്ടാവാം ഈശോ അതിനെ ശാന്തമാക്കിയത്. അതിനാലാവണം വലയെറിയാനുള്ള  വശം അവന്‍ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുന്നത്. ഇന്നി കടലില്‍
വലയെറിയാനുള്ള വശത്തിനായി പലരും ക്ഷീണിക്കുന്നുണ്ട്.
ഇടത്തോ ... അതോ വലത്തോ....?  കടലിന്‍റെ ഹൃദയമറിയാത്ത ഈ യാത്രയില്‍, ഈ ജീവിതത്തില്‍ നാം തനിച്ചാകുന്നു.
        ജീവിതത്തിന്‍റെ അംശമെന്നോണം ഒരല്പം നന്ദി നല്ലതാണ്. അതിനെ ഹൃദയങ്ങളെ തൊടാന്‍ സാധിക്കു. ആരുടേയും സ്പര്ശ്നമില്ലാതെ ആരും ഒന്നും ആകുന്നില്ല. സ്നേഹത്തിന്‍റെ , കരുണയുടെയൊക്കെ മിച്ചമുള്ള ഒരു കുഞ്ഞു ഹൃദയം മതി ഈ തിരക്കുള്ള ഭൂമിയില്‍ ഗുരുവിനോട് ചേര്‍ന്ന് നില്‍ക്കാന്‍. അതെ ഹൃദയത്തില്‍ നിന്നാണ് ഇതൊക്കെ പരക്കുന്നത്, സ്നേഹത്തിന്‍റെ,കരുണയുടെ, നന്ദിയുടെ സുഗന്ധങ്ങള്‍.
                              തിരക്കില്‍ കൈവിട്ടുപോയ ബലൂണ്‍ എത്തി പിടിക്കാന്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ മകനെ പരതുന്ന അപ്പന്‍റെ ഹൃദയം. കൈവിട്ടുപോകുന്ന സ്വത്താണ് മകന്‍. അവനുവേണ്ടി ഹൃദയമാണ് പരതുന്നത്.കൈവിട്ടു പോകുമ്പോഴേ ഈ
ബന്ധങ്ങളുടെയൊക്കെ വിലയറിയു. ഇനിയും ഈ കൂട്ടത്തില്‍ തപ്പിയെടുക്കാന്‍ ഒരു കൂട്ടം പേരുണ്ട്. പലപ്പോഴായി ഞാന്‍ കൈവിട്ടു കളഞ്ഞ ചിലര്‍. ഈ കൂട്ടത്തില്‍ എവിടെയോ അവര്‍ ഒറ്റയ്ക്ക് നില്‍പ്പുണ്ട്.ഹൃദയംകൊണ്ട് ഞാനൊന്ന് പരതട്ടേ...
-------ബിബിൻ ഏഴുപ്ലാക്കൽ 

സ്വപ്‌നങ്ങള്‍ തന്ന കലാം.... (ഓര്‍മ്മ )


      ചിലര്‍ ഓര്‍മ്മകളില്‍ അവസാനിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വപ്നങ്ങളില്‍ ഇന്നും ജീവിക്കുന്നു.ചിറകുകള്‍ക്ക് അഗ്നിയോളം തീവ്രതയോടെ, ഉയരേ പറക്കാന്‍ പറഞ്ഞ ഇന്ത്യ കണ്ട ഒരു നല്ല നേതാവ്. അതിലുപരി ഒരു നല്ല മനുഷ്യത്മാവ്. അതായിരുന്നു ഡോ.അബ്ദുള്‍ കലാം. ഇത്ര മാത്രം യുവാക്കളെ സ്വാധിനിച്ച ഒരു ഇന്ത്യന്‍  നേതാവുണ്ടോ  എന്ന് തന്നെ സംശയം. വാക്കുകള്‍ക്ക് മുര്‍ച്ചയും, വീക്ഷണങ്ങള്‍ക്ക് ആഴവുമുണ്ടായിരുന്നു കലാമിന്. സ്വപ്നങ്ങളേകുറിച്ച് .... ഇന്ത്യ കാണേണ്ട സ്വപ്നങ്ങളേകുറിച്ചുള്ള വ്യക്തമായ ബോധ്യമാണ് കലാമിന് ഇത്ര മാത്രം വ്യക്തികളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞത്.
                                "നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുക....." സ്വപ്നം കാണാത്ത ആരാണുള്ളത്. എന്നാല്‍ ഉറക്കത്തില്‍ ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ടാലോ....? അതായിരുന്നു കലാമിന്‍റെ സ്വപ്‌നങ്ങള്‍.
ഈ സ്വപ്നങ്ങള്‍ക്കായി ഏകാഗ്രമായ ഉപാസനയ്ക്കായി അദ്ദേഹം നമ്മെ ഓര്‍മ്മെടുത്തി.നമ്മുടെ ജീവിതത്തില്‍ നമ്മുക്കു
അതിജീവിക്കാ നാവത്ത സ്വപ്‌നങ്ങള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു....
                നമ്മുടെ സ്വപനങ്ങള്‍ നമ്മുടേതല്ല എന്നാണ് കലാമിന്‍റെ നിരീക്ഷണം.ഇന്ന് ഞാന്‍ കാണുന്ന സ്വപ്‌നങ്ങള്‍ നാളെയുടെതാണ്.
"കുട്ടികളുടെ നല്ല നാളെക്കായി നമ്മുടെ ഇന്നിനെ സമര്‍പ്പിക്കുക"
ആ സമര്‍പ്പണത്തില്‍ നാളെയുടെ ഇന്ത്യ ഉയര്‍ന്നു വരും. കലാമിന്‍റെ ജീവിതം പരതിയാല്‍ നമ്മുക്ക് മനസ്സിലാവും, വിയര്‍പ്പിന്‍റെ നനവാര്‍ന്ന കഥകള്‍... കഷ്ടതകള്‍ നിറഞ്ഞ, വേദനകള്‍ പടര്‍ന്ന ജീവിതത്തില്‍നിന്ന് അദ്ദേഹം ഇന്ത്യയുടെ പ്രഥമ സ്ഥാനം അലങ്കരിച്ചതിന്‍റെ ശോഭ.അദ്ദേഹം പറയുകയുണ്ടായി, "മനുഷ്യന്‍ കഷ്ടതകളെ അഭിമുഖികരിക്കണം.എന്നാലെ അവന് വിജയങ്ങള്‍ ആസ്വദിക്കാന്‍ കഴിയു". രാമേശ്വരത്തിന്‍റെ വഴിയോരങ്ങളില്‍ ഇന്നുമുണ്ട് കലമെന്ന ബാലന്‍റെ വിയര്‍പ്പും സ്വപങ്ങളും.
                       "ആകാശത്തേക്ക് നോക്കു.... നമ്മള്‍ ഒറ്റക്കല്ല. പ്രപഞ്ചം തന്നെ നമ്മുടെ സുഹൃത്താണ്. സ്വപ്നം കാണുകയും, യത്നിക്കുകയും ചെയ്യുന്നവര്‍ക്ക്‌ നല്ലതുമാത്രം നല്‍കാന്‍ അത് പദ്ധതിയിടുന്നു." പ്രകൃതിയുടെ സ്പന്ദനം അറിഞ്ഞതുകൊണ്ടാവണം ഇന്ത്യയുടെ ശാസ്ത്രരംഗത്ത് അദ്ദേഹം നടത്തിയ സംഭാവനകള്‍ ഇന്ന് സ്മരിക്കപ്പെടുന്നത്. അതുകൊണ്ടാണ് നമ്മുടെ സ്വപ്‌നങ്ങള്‍ ഈ പ്രപഞ്ചത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് അദേഹം പറയുന്നത്.
                    കഠിനാധ്വാനത്തിന്‍റെ യാത്രകളില്‍ മാത്രമേ, ദൈവം സഹായത്തിനെത്തു എന്ന് കലാം.എത്ര മാത്രം തീവ്രമാണ് ഈ വാക്കുകള്‍. ഇത് അദേഹം പറഞ്ഞില്ലെങ്കില്‍ തന്നെ ആ ജീവിതത്തില്‍ നിന്ന് അത് നമ്മുക്ക് വായിച്ചെടുക്കാം. ഒരു ഉത്തമ നേതാവായി കലാം ഇന്ത്യയുടെ ഹൃദയം തോട്ടത് ഈ കഠിനാധ്വാനത്തിന്‍റെ സ്വപ്ന ചിറകുകളിലൂടെയാണ്.ഒരിക്കല്‍ കലാം പറഞ്ഞു....
" ഒരു നേതാവിനെ നിര്‍വചിക്കാന്‍ എന്നെ അനുവദിക്കു....,
അദ്ദേഹത്തിന് ദീര്‍ഘ വീക്ഷണവും അഭിനിവേശവും വേണം. ഒരു പ്രശ്നത്തെയും ഭയക്കരുത്,പ്രശനങ്ങളെ എങ്ങനെ പരാജയപെടുതണമെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം. അതിലുപരി അദ്ദേഹം സത്യസന്ധ നായിരിക്കണം." ഇതിനെയൊക്കെയാണ് അബ്ദുള്‍ കലാം പരാജയപെടുത്തിയത് തന്‍റെ എളിയ ജീവിതത്തില്‍.
              എന്തുമാത്രം കോളേജുകളിലും സ്കുളുകളിലുമാണ്  ഈ സ്വപ്നത്തിന്‍റെ അഗ്നി പടര്‍ന്നത്.യുവാക്കളെയും കുട്ടികളെയും പ്രചോദിപ്പിച്ച് അവര്‍ക്ക് അഗ്നിയുടെ ചിറകുകള്‍ ധരിക്കാന്‍ ബോധ്യങ്ങള്‍ നല്‍കിയ കലാം. പ്രിയപ്പെട്ട കലാം താങ്കള്‍ ഇനിയും ജീവിക്കും. കാരണം താങ്കള്‍ കണ്ട സ്വപ്‌നങ്ങള്‍ ഞങ്ങള്‍ ഇന്നു ആസ്വദിക്കുന്നു, ആ സ്വപനങ്ങള്‍ ഇനി ഞങ്ങള്‍ പറയാം പുതിയ തലമുറയോട്. കലാം പറഞ്ഞു.." വിത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കണം.പുതിയത് കണ്ടുപിടിക്കണം.ഇതുവരെ ആരും പോകാത്ത പാതകളിളുടെ സഞ്ചരിക്കണം, കഴിയില്ലെന്ന് കരുതുന്നവ നേടണം.പ്രശനങ്ങളെ കീഴടക്കണം....വിജയിക്കണം." കേരളത്തില്‍  ഒരിക്കല്‍ കലാം വന്നപ്പോള്‍ ഒരു കോളേജു സന്ദര്‍ശിച്ചു.
അവരുമായുള്ള സംവാദത്തില്‍ ഒരു ആണ്‍കുട്ടി കലാമിനോട് ചോദിച്ചു, " ആകാശത്തിലും ഭുമിയിലും പറന്നുയരാന്‍ താങ്കളുടെ ചിറകുകള്‍ക്ക് ശക്തി നല്‍കുന്നത് ആരാണ്....?
കലാമിന്‍റെ മറുപടി... "തീര്‍ച്ചയായും ആത്മാവ് ശരീരം എന്നിവയുടെ പരിശുദ്ധിയാണ് പ്രധാനം... അവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചിറകടിച്ചുയരാം"  കലാം നിരന്തരം പറയുമായിരുന്നു, " രാജ്യം അഴിമതി രഹിതവും സുന്ദര ഹൃദയവുമുള്ളതാകണമെങ്കില്‍ സമുഹത്തിലെ മുന്ന് അംഗങ്ങള്‍ക്ക് ചിലത് ചെയ്യാനുണ്ട്. അച്ഛന്‍, അമ്മ, അധ്യാപകന്‍ എന്നിവരാണവര്‍." സമുഹത്തോടും കുടുംബത്തോടും ഒരു മനുഷ്യന്‍ കാണിക്കേണ്ട നന്മകള്‍ എന്നും കലാം എന്ന മനുഷ്യസ്നേഹിയില്‍ നിറഞ്ഞുനിന്നു.
                     "നിങ്ങള്‍ക്ക് സുര്യനെപോലെ ശോഭിക്കാന്‍ നിങ്ങള്‍ സുര്യനെപോലെ ഉരുകണം" കലാമിന്‍റെ വാക്കുകളാണിത്.
അഗ്നി ചിറകുള്ള പക്ഷി.... താങ്കള്‍ ഇനിയും ജീവിക്കും,അല്ല താങ്കള്‍ ഇനിയാണ് ജീവിക്കുനത് ഇന്ത്യയില്‍. മരണവേളയില്‍പോലും
 കര്‍മ്മനിരതനായ സ്വപ്നതീര്‍ഥാടക.... താങ്കള്‍ ഇനിയും ജീവിക്കും.
കാരണം താങ്കള്‍ ഇന്ത്യയിലെ സാധാരണക്കാരോട് പറഞ്ഞത് സ്വപ്നങ്ങളേകുറിച്ചായിരുന്നു. താങ്കള്‍ ചിറകടിച്ചുയരുന്ന ഈ വേളയില്‍, ഇന്ന് ഇന്ത്യയുടെ ആത്മാവില്‍ പലയിടത്തും ചിറകടികള്‍ ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു... താങ്കള്‍ പറഞ്ഞ അഗ്നിയുടെ ചിറകുകള്‍ ധരിച്ച് ഒരു നല്ല ഇന്ത്യക്കായി.... പ്രിയപ്പെട്ട കലാം സാര്‍, താങ്കള്‍ ജീവിക്കുന്നു... സ്വപ്നങ്ങളുടെ മനുഷ്യന് പ്രണാമം.നന്ദി.
-----------------------------------ബിബിന്‍ ഏഴുപ്ലാക്കല്‍

27 Jun 2015

കണ്ണാടിയും കരയും

ഒരുനാൾ കണ്ണാടിയും കരഞ്ഞുതുടങ്ങും
എന്തിനെന്നോ ..?
ഇതിൽ നോക്കി ഞാൻ പറയുന്ന
 നുണകൾ കേട്ട്... !

3 Feb 2015

അന്ന

മഴക്കാലം അല്ലാഞ്ഞിട്ടും ചാറ്റൽ മഴയുണ്ടായിരുന്നു ...
കാറിൻറെ ഗ്ലാസിൽ മഴത്തുള്ളികൾ ചിന്നിചിതറുന്നു...
യാത്രയ്ക്കിടയിൽ അന്ന ചോദിച്ചു ..." ജോ ... റിസൾട്ട് പോസിറ്റീവ് ആയിരിക്കും അല്ലെ ...?
"ഇല്ല അന്ന ... എനിക്കൊന്നും ഇല്ല" ജോ പറഞ്ഞു .
ആശുപത്രിയിലേക്കയിരുന്നു  അന്നയും ജോയും .

അന്നയുമായുള്ള വിവാഹനിശ്ചയശേഷമാണ് ജോയുടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്!
അതുപിന്നിട് ഇരുകുടുംബങ്ങളെയും വിഷമിപ്പിച്ചു.
ആദ്യ  തന്നെ ഡോക്ടർ പറഞ്ഞു ..."പരിശോധിക്കണം അതിനുശേഷമേ പറയാൻ പറ്റു..."

ജോയും അന്നയും ആ പരിശോധനയുടെ റിസൽട്ട് വാങ്ങാനാണ് പൊയ്ക്കൊണ്ടിരിക്കുന്നത് .
നിശബ്ദമായ യാത്ര .
വർഷങ്ങൾ ഒന്നിച്ചു ജീവിച്ച ഒരു ബന്ധം അവരെ കീഴ്പെടുത്തി .
ഇനി മറ്റൊരു വിവാഹം അന്നയ്ക്കു ചിന്തിക്കാനെ കഴിയില്ല!
അന്ന ചോദിച്ചു ..." ജോ ... നിനക്ക് വിഷമമില്ലേ..."
"ഇല്ല അന്ന... എനിക്ക് രോഗമൊന്നും വരില്ല" അവൻ സമാധാനിപ്പിച്ചു.
ആശുപത്രി അടുത്തപ്പോൾ അന്ന പറഞ്ഞു " ജോ .. രോഗമുണ്ടാകാതിരിക്കാൻ ഞാൻ ഒത്തിരി നേർച്ചകൾ നേർന്നിട്ടുണ്ട്‌..."
ജോ പുഞ്ചിരിച്ചു .
" നമുക്ക് പോകാം ...നേർച്ചകൾ നിറവേറ്റണം."
ആശുപത്രിയിലെത്തിയപ്പോൾ മഴ കുറഞ്ഞിരുന്നു.
അവർ സ്ഥിരം കാണുന്ന ഡോ. റോയിയുടെ മുറിയിലേക്ക് നടന്നു...

അന്ന ജോയെ നോക്കി.
ജോയുടെ മുഖം പ്രസന്നമായിരുന്നു.
അന്ന അസ്വസ്ഥയായിരുന്നു...
അവളുടെയുള്ളിൽ പ്രാർത്ഥനകൾ മാത്രം.

ഡോ. റോയ് അവരെ കാത്തിരിക്കുകയായിരുന്നു.
അയാൾ പുഞ്ചിരിച്ചുകൊണ്ട്‌ അവരെ നോക്കി...
റോയിയുടെ മുഖത്തുനിന്നു തന്നെ അന്ന വായിച്ചു!
"ജോയെ എനിക്ക് തിരിച്ചുകിട്ടി"

റോയിയുടെ വാക്കുകളും ജോ സുരക്ഷിതനെന്ന വാർത്തയും
അന്നയുടെ മിഴികൾ നനയിപ്പിച്ചു ...
ജോ അവളുടെ കണ്ണുകളുടെ തിളക്കം കണ്ടു...

"മരുന്നുകൾ മുടക്കരുത്... ok..." ഡോ. റോയ് പറഞ്ഞു.
ആശുപത്രിയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ജോയുടെ കൂടെനടന്നത് മറ്റൊരു അന്നയായിരുന്നു.

അവൾ വീട്ടുകാരെയും ബന്ധുക്കളെയും കൂട്ടുകാരെയും എല്ലാം വിളിച്ചു !
ആ സന്തോഷവാർത്ത‍ അറിയിച്ചു ..
അവർ യാത്ര തരിച്ചു .
മഴയും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു!!!

" നേർച്ചകൾ നിറവേറ്റണം..കുറെ സ്ഥലത്ത് പോകണം ...ജോ ...നാളെ തന്നെ നമുക്ക് പോയാലോ..."
ജോ പുഞ്ചിരിച്ചു ...
മഴ ശക്തിയോടെ പെയ്തിറങ്ങി ...
അന്ന വളരെ സന്തോഷത്തിൽ എന്തൊക്കെയോ പറയുന്നുണ്ട് ...
നീണ്ട യാത്രയാണ്‌ ...
ആ മഴയിൽ, സന്തോഷത്തിൽ അവൾ മയങ്ങി.

ജോയുടെ ഫോണ്‍ ശബ്ദിച്ചത് കേട്ടാണ് അന്ന ഉണർന്നത്.
-ഡോ. റോയ് -
ജോ ഫോണ്‍ എടുത്തില്ല .
വീണ്ടും ഫോണ്‍ മുഴങ്ങി...
-ഡോ. റോയ് -
"അതെടുക്കു ജോ ..." അന്ന പറഞ്ഞു .
"പിന്നെ എടുക്കാം "
അന്ന വീണ്ടും മയങ്ങി.
മഴപെയ്തുകൊണ്ടെയിരുന്നു...
വീടെത്തിയപ്പോൾ ജോ അവളെ വിളിച്ചു .
കാറ് വന്ന ശബ്ദംകേട്ടായിരിക്കണം എല്ലാവരും
മുൻപിൽത്തന്നെയുണ്ട് !
അന്നയാണ് എല്ലാവരോടും സംസാരിച്ചത് ..
അവളുടെ വാക്കുകൾ ആ വീട്ടിൽ സന്തോഷം പരത്തി.
വീണ്ടും ജോയുടെ ഫോണ്‍ മുഴങ്ങി
-ഡോ. റോയ് -
ഫോണ്‍ ഓഫ്‌ ചെയ്തു .
പുറകിലെ അടുക്കളയുടെ മുറ്റത്തേക്ക് അവൻ നടന്നു ..
നല്ല മഴ.
അവൻ ആ മഴയിൽ ഇറങ്ങിനിന്നു!
കണ്ണുകളടച്ച്‌ അവൻ അവിടെ നിന്നു ...
ആ മഴയത്ത് അവനും പൊഴിച്ചു മഴനീർതുള്ളികൾ ...
അവൻ പൊട്ടികരഞ്ഞു ...
ആ മഴയിൽ  അലിഞ്ഞുതീരുന്നതായി അവനു തോന്നി...
അന്നയിൽനിന്നും താനും ഡോ. റോയിയും മറച്ചുവച്ച  രോഗകാര്യം
അവനെ വീണ്ടും വീണ്ടും കരയിപ്പിച്ചു ...
അന്ന വിളിച്ചു .."ജോ കയറി വാ ...ഇനി പനി പിടിപ്പിക്കേണ്ട..."
ജോ അന്നയെ നോക്കി...
അന്ന ചിരിച്ചു .
                         

1 Feb 2015

കിളിക്കൂട്‌

തീര്‍ച്ചയായും നമുക്കിതൊക്കെ ഒരു യാത്രയാണ്‌.
എവിടെനിന്നോ തുടങ്ങി മറ്റെവിടെയോ അവസാനിക്കുന്ന യാത്ര.
ആത്മനോമ്പരങ്ങളെ ഗുരുവിന്‍റെ ചില്ലകളിലേക്ക് ചേര്‍ത്തുനിര്‍ത്തി, ജീവിതത്തിന്‍റെ ഇമ്പങ്ങളെ, നൊമ്പരങ്ങളെ സമര്‍പ്പിച്ചുള്ള യാത്ര.
ഈ യാത്രയില്‍ ഗുരു നമ്മെ ഓര്‍മ്മിപ്പിക്കുന്നു-
വിരിച്ചു നീട്ടിയ മുറിപാടുള്ള കൈകള്‍ ഒരു ആഹ്വാനം പോലെ ....
അവന്‍റെ ചില്ലകളിലേക്ക് ചേക്കേറി അവിടെ ഒരു കൂടൊരുക്കാനുള്ള ആഹ്വാനം. അതിനാലാവണം ഈ യാത്രയെ ചിലര്‍ കുരിശിന്‍റെ യാത്രയെന്നൊക്കെ വിളിക്കുന്നത്‌!
എന്നാല്‍ ഈ കുരിശുയാത്ര ഇനി പ്രത്യാശനിറഞ്ഞതാക്കാം.
കാരണം -
ഈ കുരിശില്‍ ഒരു കൂടുണ്ട്‌.
വിരിച്ചുപിടിച്ച ആ മരചില്ലയില്‍ ഒരു കിളിയുണ്ട് ...
എന്റെ വരവും കാത്തൊരു കിളി.
ഒരു അമ്മ കിളി .
കിളിക്കൂട്‌ നിന്നെ കാത്തിരിപ്പുണ്ട്‌-
ഈ യാത്രയില്‍.

മുഖംമുടി കഥ


പണ്ട് പണ്ട് ...
ആരോ മുഖംമുടി വച്ച കഥയാണിത് !
"ഇന്നു മുഴുവന്‍ മുഖംമുടിയില്‍'
അജണ്ടയതായിരുന്നു.
കുറുക്കനും കോഴിയും,
പുലിയും കഴുതയുമെല്ലാം -
മുഖംമുടിയായി വന്നു!
രസം കലര്‍ന്ന കളി-
സന്ധ്യയടുത്തു.
മുഖംമുടി കളിയുടെ അവസാനം-
നേതാവ് പറഞ്ഞു-
'ഇനി മുഖംമുടി അഴിക്കാം"
ശ്രമങ്ങള്‍ നടന്നതല്ലാതെ,
ആര്‍ക്കും കഴിഞ്ഞില്ല-
മുഖംമുടി അഴിക്കാന്‍!
ശ്രമങ്ങള്‍ തുടര്‍ന്നു...
ഇരുട്ട് പടര്‍ന്നു തുടങ്ങിയപ്പോള്‍ -
ഓരോരുത്തരായി പിന്‍വാങ്ങി!
കിട്ടിയ മുഖംമുടിയില്‍!
പുതിയ മുഖത്തില്‍.
ചിലര്‍ ചിരിച്ചു!
ചിലര്‍ കരഞ്ഞു!
അതാരും കണ്ടില്ല !

ചില മറവികൾ

പിറവിതൊട്ടിന്നുമി-
സായാഹ്നതീരങ്ങളിൽ -
മറവിയുണ്ടെന്ന നേരിൽ ,
ഞാൻ നിറയുന്നു.
തിരതലോടിയ-
താരട്ടുപട്ടിലും ,
മറവിക്കുതരാൻ കൈപ്പുനീർ !
സ്കുൾമുറ്റങ്ങളും തൊടികളും,
തോരാതെ നിറയുന്ന -
ബാല്യകാലങ്ങളും -
മറവിയിൽ വിടചൊല്ലിയപ്പോൾ .
അരുതായ്മകൾ ഒഴിയാതെ ,
നിലകൊണ്ട മുറ്റത്ത്‌-
പുണ്യം കൈപിടിച്ചതും നയിച്ചതും,
മറവിയാണ് !
നൊമ്പരങ്ങളുടെ മലമുകളും,
ഇമ്പമുള്ള താഴ്‌വരകളും,
മറവികളിൽ ഇടംതേടി.
അറുതികളില്ലാതെ കൈവന്ന -
കുറ്റങ്ങൾ ,
അപരനും മറന്നെങ്കിൽ!
ചില മറവികൾ നല്ലതല്ലേ ?
യാത്രയുണ്ട് ...
മറവികളിലേക്ക്
നന്മകളിലേക്ക് ...

കാലം

ഞാന്‍ പോയ വഴികളിലൂടെ
വീണ്ടും ഒരു യാത്രപോയി
കണ്ടില്ലെന്നു മാത്രമല്ല
കേട്ടില്ല ഒന്നും!
പണ്ട് .....
കണ്ടുകരഞ്ഞ കാഴ്ചകളും
കേട്ടുതളര്‍ന്ന വാക്കുകളും
ഒന്നും ,
എന്നെതേടി എത്തിയില്ല .
ഇതിനെ ഞാന്‍ കാലം എന്ന് വിളിച്ചു ...
കാലം .

സ്വബോധം

നേഴ്സിന്‍റെ കൈയ്യില്‍ കണ്‍തുറക്കാതെ-
വെള്ളകച്ചയില്‍ ഞാന്‍...!
ആദ്യമായി കണ്ടതിന്‍റെ അമ്പരപ്പും,
അത്ഭുതവും അച്ഛനില്‍.
ഞാന്‍ കണ്‍തുറന്നു-
വളര്‍ന്നു...
വളര്‍ച്ചയില്‍ കേട്ട രോഷങ്ങള്‍
എന്‍റെ ബുദ്ധിയേപറ്റി-
തെറ്റിനെപറ്റി.
വിധിയെന്നെഴുതി വിങ്ങിയ ബാല്യം -
കാത്തിരുന്നു എന്‍റെ ബോധോദയം!
കാലം കടന്നതല്ലാതെ കേട്ടില്ല -
ഒന്നും, ഒന്നും.
ചുളിവും, കൂനും കീഴടക്കി-
ഞാന്‍ കിടക്കയിലെത്തി.
അവിടെയും കേട്ടുഞാന്‍-
മര്‍മ്മരങ്ങള്‍.
ഒടുവില്‍ കണ്ണടച്ചപ്പോള്‍-
ആരോ മുത്തിയിട്ട്,
ഒരു കെട്ടുപൂക്കള്‍ നെഞ്ചില്‍വച്ചു പറഞ്ഞു-
"പാവം".
കേട്ടവരെല്ലാം കോറസുപാടി-
"പാവം"!
അന്നെനിക്ക് സ്വബോധംകിട്ടി-
സ്വബോധം!

ഒപ്പ്

ജീവിതത്തില്‍ എത്രയോപേരാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത്. അല്ലെങ്കില്‍ ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീര്‍ക്കുന്നത്. ജീവിതം അനാഥമായി വിങ്ങിതീര്‍ക്കുന്നവര്‍.
ബസ്സിലും, റോഡിലും, ബോട്ടിലും...
സ്ഥിരമായി എത്രയോപേരെ നാം കാണുന്നു. പല മുഖങ്ങളും അപരിചിതമാണ്. എല്ലാ ദിവസവും തമ്മില്‍ തമ്മില്‍ കാണുന്നുവെങ്കിലും അങ്ങോട്ടുമിങ്ങോട്ടും പേരുപോലും നാം ചോദിക്കില്ല. ഒരു ദിവസം കണ്ടിലെങ്കില്‍ കണ്ടില്ല.
അത്രയേ ഉള്ളു ജീവിതം. അതിനപ്പുറം നമ്മുക്കെവിടെ നേരം. "എന്നെകൊണ്ട് ഒരു പ്രയോജനവും ഇല്ലാത്തആള് എന്നെ കാണാന്‍, അല്ലെങ്കില്‍ എന്നോടൊന്നു സംസാരിക്കാന്‍ വന്നിട്ടുണ്ടോ? "
പലപ്പോഴും കാണാന്‍ വരുന്നതാരാ...?
പെന്‍ഷന്‍കാശിന്‍റെ പാതി വാങ്ങാന്‍ വരുന്ന മരുമോളും, വര്‍ഷത്തില്‍ ഒന്നു വന്നുപോകുന്ന മകനും...
ജീവിതം ഇങ്ങനെയൊക്കെയാ ...
ചിലരെങ്കിലും ജീവിതത്തിന്‍റെ എവിടെയൊക്കെയോവച്ച് മറന്നുപോയി- സ്വപ്നം കാണാന്‍.
ആരെങ്കിലും ഉണ്ടെന്ന തോന്നല്‍ വേണം മനുഷ്യന്,
വല്ലപ്പോഴും "ഇപ്പോളെങ്ങനെഉണ്ടെന്നു" ചോദിക്കാന്‍ ആരെങ്കിലുമൊക്കെ വേണം നമുക്ക് .
അതെ എന്നെ അറിയാത്ത ഞാന്‍ അറിയാത്ത  ആര്‍ക്കെങ്കിലുമൊക്കെ മാറ്റി വയ്ക്കുന്ന നമ്മുടെ സമയം അല്ലെങ്കില്‍ ഒരു സഹായം 
ജീവിനുള്ളടുത്തോളം കാലം ആരും മറക്കില്ല.
അതാണ് ഈ ലോകത്തെ നിന്‍റെ ഒപ്പ്.

കാത്തിരിപ്പ്‌

മരക്കൊമ്പില്‍ വിളഞ്ഞുനില്ക്കുകന്നത്
മണ്ണും,മഴയും,ആകാശവും ഒരുമിച്ച സങ്കലനം .
എന്നും അപ്പമായി ഉള്ളില്‍വരുന്ന  തമ്പുരാനും ഒരു സങ്കലനത്തെപറ്റി ഓര്‍മ്മപെടുത്തുന്നു .
ദൈവവും ഞാനും സമാഗമിക്കുന്ന ആത്മീയ അനുഭവത്തിന്റെു സങ്കലനം.
ഞാനും ക്രിസ്തുവും ഒന്നായി പുതിയ ആകാശവും ഒരു പുതിയ ഭുമിയും തീര്‍ക്കുന്ന  ആത്മീയ നിമിഷം .
ഇന്നും അവന്‍ കാത്തിരിക്കുകയാണ്‌ ...
നഷ്ട്ടപെട്ട എന്നെ ...
വീടുവിട്ടുപോയ എന്നെ ...
തള്ളിപറയാന്‍ തയ്യാറാകുന്ന എന്നെ ...
ഒറ്റികൊടുക്കാന്‍ തുട്ടുകള്‍കൂട്ടിയ  എന്നെ ...
ജീവിതം മുഴുവന്‍ സ്നേഹം എന്ന ഒറ്റവാക്കിലുടെ ക്രിസ്തു എനിക്കായി അവതരിപ്പിച്ചിട്ടും-
ഞാന്‍ മറന്നുപോകുന്നു,
അവന്‍ കാത്തിരിക്കുന്നത് ....
എന്‍റെ  കാലുകഴുകി മുത്താന്‍ ...
അവസാന തുള്ളിപോലും പങ്കുവയ്ക്കാന്‍.

മനുഷ്യനായി അവതരിക്കാന്‍ അവിടുന്ന് ഒരു സ്ത്രീയില്‍ ഒതുങ്ങി-
പിന്നെ അവിടുന്ന് പാപികള്‍ക്കിടയില്‍  ഒതുങ്ങി-
ഒടുവില്‍ ഒരു കല്ലറയിലും .
പിന്നെ ഇന്നവന്‍ നമ്മുക്കിടയില്‍ ഒതുങ്ങിയിരിക്കുന്നു...
ഒരു കുഞ്ഞപ്പത്തോളം ചെറുതായി ...
ആരെയും ഒതുക്കാതെ സ്വയം ഒതുങ്ങനുള്ള ക്ഷണമാണിത് .

തീക്കനലില്‍ എരിയുന്ന ജീവിതംപേറുന്ന നമുക്കൊക്കെ
ഈ അപ്പം ഒരു ആശ്വാസമാണ് ...
എന്‍റെ മനസ്സില്‍ ഒരുകടലിരമ്പുമ്പോള്‍ ഈ അപ്പം ആശ്രയമാണ് ...
അനുഭവങ്ങളുടെ മുര്‍ച്ച വാളുകള്‍ ചങ്ക് തുളയ്ക്കുമ്പോള്‍
വന്നിരിക്കാന്‍ പറ്റിയ സന്നിധി.
വേദനിക്കുന്ന കുഞ്ഞിന് പറ്റിച്ചേര്‍ന്നു  കരയാന്‍ ഒരമ്മയുടെ നെഞ്ചുണ്ട്!
കുഞ്ഞിളം പ്രായം കഴിഞ്ഞാല്‍ പിന്നെ കരയാനും പരിഭവം പറയാനും ആശ്വാസം തേടാനും പറ്റിയ ഒരിടം മാത്രമേ ഉള്ളു-
അത് ഈ അപ്പത്തിന്‍റെ ചുവട്ടിലാണ് ...
സ്നേഹിക്കുന്ന അമ്മയുടെ സാന്നിധ്യത്തില്‍ നാം എല്ലാം മറക്കില്ലേ,
അമ്മയോട് എല്ലാം പറയില്ലേ ...
അതുപോലെ അമ്മയേക്കാളും സ്നേഹം നിറഞ്ഞ സന്നിധി.
തന്‍റെ മക്കള്‍ക്ക്‌ വേണ്ടി ചങ്ക് കൊത്തിപറിച്ച് ജീവരക്തം കൊടുക്കുന്ന പക്ഷിയെപോലെ അമ്മയുടെ ചോരയാണ് കുഞ്ഞുങ്ങള്‍ക്ക്‌ ‌ ഔഷധി .
കുഞ്ഞിന് ജീവന്‍ വയ്ക്കുമ്പോള്‍ തള്ളപക്ഷി പിടഞ്ഞു മരിക്കുന്നു .
ഇങ്ങനെ ഒരു ജീവിതം മുഴുവന്‍ സഹനത്തിന്റെ ചൂളയിളുടെ കടന്നുപോയി എനിക്കുവേണ്ടി പിടഞ്ഞു മരിച്ചവനാണ് എന്നും അപ്പത്തില്‍ വരുന്ന തമ്പുരാന്‍.
ദൈവമേ നിന്‍റെ കാത്തിരിപ്പിലേക്ക് ഇനി എന്‍റെ യാത്ര.
എന്റെ പിതാവിനോട് ഒന്നേ ചോദിക്കാനുള്ളൂ..,ജീവിത വഴികളിൽ പ്രാർത്ഥനവെളിച്ചം നഷ്ടമാകാതെ സദാ അങ്ങയോടോത്തു വസിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ..
ആരെന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കും . (യോഹ.15,5)
ദൈവമേ നിന്‍റെ കാത്തിരിപ്പിലേക്ക് ഇനി എന്‍റെ യാത്ര.

26 Jan 2015

നിശ്വാസങ്ങള്‍

ഒടുവിലെത്തുന്ന-
മരണമുഖം
എന്നോടു മാന്ത്രിക്കുന്നു...
നിനച്ചതും,
പകച്ചതും,
കഴിഞ്ഞതും,
കൊഴിഞ്ഞതുമെല്ലാം-
എനിക്കുവേണ്ടിയുള്ള
പോരാട്ടങ്ങള്‍ .
എന്‍റെ ജീവിതത്തിന്‍റെ
നിശ്വാസങ്ങള്‍...
ഒരു പക്ഷെ,
മരണത്തിനും
ഒരു ഹൃദയമുണ്ട്.

ഒരു മിനിറ്റ്

ചലിക്കുന്ന ഘടികാരത്തില്‍-
സെക്കന്റ് സൂചിയുടെ  മൊഴി...
"അടുത്ത മിനിറ്റില്‍
നിന്‍റെ മരണം"
ദൈവമേ...
ഭയപ്പാടോടെ, നെഞ്ചിടിപ്പോടെ ഞാന്‍!
ടക്..... ടക്.... ടക് ....
സൂചിയും ഹൃദയവും .
ഒരു മിനിറ്റ്!!!
ഞാന്‍ ചോദിച്ചു -
"ഞാന്‍ ഇവിടെത്തന്നെ ഉണ്ടല്ലോ..."
പരിഹാസഭാവത്തില്‍
സെക്കന്റ് സൂചി പറഞ്ഞു ...
കഴിഞ്ഞ മിനിറ്റില്‍ നീ മരിച്ചു!
ശരിയാണല്ലോ ....
പാഴായ  എത്രയോ -
മരണ മിനിറ്റുകള്‍!
കഷ്ടം. :)

വചനം

അകതാരിലൊരഗ്നി-
കനലൂതുമ്പോള്‍ ഇന്നി,
പടിയിറക്കത്തില്‍
അയവിറക്കുന്നു ഞാന്‍ ഓര്‍മ്മകള്‍.
അക്ഷരകൂട്ടിലെ ആദ്യവരികളും-
എഴുത്തും കുറിപ്പുമെല്ലാം.
ഓര്‍മ്മകളിലെന്നെ തലോടിടും,
ഇനിയുമെത്താന്‍ കൊതിക്കുന്ന-
ബാല്യ കാലത്തിന്‍  മുറ്റത്ത്‌.
"തിരികെ നടക്കേണ്ട തിരിച്ചറിഞ്ഞാല്‍
മതിയെന്ന മാഷിന്‍റെ വചനം"
ശേഖരിക്കാന്‍ മറന്ന അക്ഷരകൂട്ടുകള്‍-
ഇന്നും കാത്തിരിപ്പുണ്ടെന്ന തോന്നല്‍!
മതിവരുവോളം പകരാന്‍-
ഇന്നെനിക്കൊരു ഹൃദയമുണ്ടെങ്കില്‍,
അതെനിക്കുതന്നതിനു നന്ദി !!!
ഓര്‍മ്മിക്കാന്‍ അതുമതി-
"തിരികെ നടക്കേണ്ട
തിരിച്ചറിവുകള്‍ മതിയെന്ന് "