14 Apr 2020
ഒരു കഥ സൊല്ലട്ടമാ...
2 Mar 2020
ശേഷിപ്പുകൾ
ഒറ്റയടിപ്പാത
6 Dec 2019
പുതിയ ആകാശം
29 Aug 2019
വൈദികരുടെ മാതാപിതാക്കൾക്ക്
കുഞ്ഞുനാളിലെ ആദ്യ ഇഷ്ടം അല്ലെങ്കിൽ സ്വപ്നം, ബലിയർപ്പിക്കുന്ന പുരോഹിതന്റെ അടുത്ത് നിൽക്കുന്ന അൾത്താര ബാലനാവുക. പിന്നീട് ആ ഇഷ്ടം വളർന്ന് ഒരു പുരോഹിതനിലേക്ക് എത്തി. തിളങ്ങുന്ന ഒരു വസ്ത്രത്തിനപ്പുറം, സ്തുതികൾ കിട്ടുന്ന ആ പദവിക്കപ്പുറം ഇനിയും വളരേണ്ട ഒരു മുഖമുണ്ട് എന്ന് കാണിച്ചുതന്ന ഒരു അച്ചനുണ്ട്. കുഞ്ഞുനാളിലെ പച്ചകെടാത്ത ഓർമ്മയാണത്.
വൈകുന്നേരങ്ങളിൽ സ്കൂൾവിട്ട് പള്ളി മുറ്റത്തോടെയാണ് വീട്ടിലേക്ക്... ചില ദിവസങ്ങളിൽ കാണുന്ന ഒരു ആൾക്കൂട്ടമുണ്ട്. അച്ചനോട് ആവശ്യങ്ങൾ പറയാനും സഹായത്തിനായും നിൽക്കുന്ന ഒരു കൂട്ടം. പട്ടിണി പറഞ്ഞാൽ അച്ചൻ ചെയ്തിരുന്ന ഒരു കാര്യം അവർക്ക് ഒരു സഞ്ചി അരി കൊടുക്കുക എന്നതായിരുന്നു. അത് വാങ്ങി സന്തോഷത്തോടെ പോയ എത്രയോ പേർ... ഇതിനെകുറിച്ച് അച്ചൻ ഒരിക്കൽ പ്പോലും പള്ളിയിൽ പറഞ്ഞിട്ടില്ല. അച്ചൻ പറയാതെ തന്നെ സുമനസ്സുകൾ അച്ചനെ സഹായിച്ചിരിക്കണം. ഞങ്ങൾ കുട്ടികൾക്ക് ഇതൊന്നും അത്ര ഗൗരവത്തിൽ മനസ്സിലായില്ലെങ്കിലും, അച്ചൻ യാത്രപറഞ്ഞു പോകുന്ന ദിവസം അതിലൊരു അപ്പാപ്പൻ പള്ളിമുറ്റത്ത് അച്ചന്റെ കാൽക്കൽ തൊട്ട് കരഞ്ഞ് നിലവിളിച്ചത് ഓർക്കുന്നു. പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് കാലം തിരിച്ചറിവുകൾ തന്നത്, ആരാണ് വൈദികനെന്ന്? ക്രിസ്തുവിന്റെ ഹൃദയമുള്ളവൻ - വൈദികൻ.
പൗരോഹിത്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ആക്രമിക്കപ്പെടുമ്പോഴും ചർച്ചചെയ്യപ്പെടുമ്പോഴും പൗരോഹിത്യമെന്ന കൂദാശയെ വിലമതിക്കുന്ന അതിൽ കറകൾ വീഴാതെ 'ക്രിസ്തു' എന്ന സത്യത്തെ മുൻ നിർത്തി യാത്രചെയ്യുന്ന വൈദികരും നമ്മുടെ നാട്ടിലുണ്ട്. മാനുഷികമായ പരിമിതികൾ ഉള്ള പച്ചയായ മനുഷ്യനെന്നതിലുപരി ആരാണവർ? ചെറുപ്പക്കാലത്ത് ഈ വഴിയോട് ഇഷ്ടം തോന്നി ആ പാത തിരഞ്ഞടുത്തവർ. ആ ഇഷ്ടം കൂടി കൂടി കാരുണ്യത്തിന്റെ മുഖമാകുമ്പോൾ അവൻ പുരോഹിതൻ. തീർച്ചയാണ് അപജയങ്ങൾ ഉണ്ട്, ചിലർ ഇടറുന്നുണ്ട്, പതറുന്നുമുണ്ട്. പക്ഷ അതിനെ പൊതുവൽക്കരിക്കുന്നിടത്താണ് ദുഃഖം.
ഒരു വൈദികനാകണം എന്ന ആഗ്രഹം പറയുമ്പോൾ അതിന് അര മനസ്സോടെ സമ്മതം നൽകി, കണ്ണിരോടെ യാത്രയാക്കുന്ന രണ്ടു മുഖങ്ങളുണ്ട് - മാതാപിതാക്കൾ. പിന്നീട് അരമനസ്സു മാറി അവർക്ക് എന്തു മാത്രം ഇഷ്ടമാണ് ഈ ജീവിതത്തെ! പിന്നീട് അത് അവരുടെയും കൂടി സ്വപ്നമാണ്. ഇന്നേറ്റവും കൂടുതൽ വേദനിക്കുന്നത് അവരാണ്. ഒരാൾക്കു വന്ന പരാജയം അല്ലെങ്കിൽ ഇടർച്ച എല്ലാവരുടെയും പരാജയമാക്കുമ്പോൾ... അതിനെ 'പുരോഹിത വർഗ്ഗത്തിന്റെ' ഇടർച്ചയാക്കുമ്പോൾ കണ്ണുകൾ കടലാകുന്നത് ആ മാതാപിതാക്കളുടെ യാണ്.
പ്രിയപ്പെട്ട മതാപിതാക്കളെ നിങ്ങൾ സങ്കടപ്പെടരുത്. കേൾക്കുന്ന 'വാർത്തകൾ' നിങ്ങളെ വേദനിപ്പികുന്നുണ്ട് എന്നറിയാം...പക്ഷെ ഓരോ വട്ടം കാണുമ്പോഴും നിങ്ങൾ ചേർത്ത് പിടിച്ച് നിർത്താറില്ലേ... അതിൽ എല്ലാം ശൂന്യമാകുന്നു... വേദനകളും കണ്ണീരും എല്ലാം... അതികമെന്നും സംസാരിക്കാതെ ഫോണിന്റെ അപുറത്തു നിന്ന് അപ്പൻ ചോദിക്കാറുള്ള പോലെ "ഇനി എന്നാ വരുന്നേ...? കുറേ ആയല്ലോ കണ്ടിട്ട്..!" നിങ്ങളുടെ കരുതലുകൾ നിങ്ങളുടെ ഹൃദയമിടിപ്പുകൾ ഞങ്ങൾക്കുള്ള പ്രാർത്ഥനകളാണ്. പ്രാർത്ഥിക്കണേ...
"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ
അവർ ദൈവത്തെ കാണും" മത്തായി.5:8
ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs
17 Aug 2019
അമ്പിളി
ജീവിതം ചിലപ്പോൾ 'അമ്പിളി'യെപ്പോലെയാണ്..! ഓടിക്കൊണ്ടിരിക്കും. അതൊരു സൈക്കിളിലാവുമ്പോൾ വേഗം കൂടും, തീവ്രത കടുപ്പമാകും. 'അമ്പിളി' സിനിമ നല്ല സിനിമയാണ്. കാലത്തിന്റെ ചില കണ്ണാടിപ്പൊട്ടുകൾ കഥയായ് പറയുന്ന കുഞ്ഞു ചിത്രം. അമ്പിളിയെപ്പോലൊരാൾ സ്നേഹിക്കാനുണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് നമ്മുക്കൊക്കെയുള്ളു. സ്നേഹം എന്ന സത്യത്തെ എത്രമാത്രം തള്ളി പറഞ്ഞാലും അതിങ്ങനെ പിറകെവരും...
മനസ്സിൽ സ്നേഹമുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ പറ്റില്ല. അവർ അതിന്റെ പിറകെ ഓടിക്കൊണ്ടിരിക്കും. അമ്പിളിയാണെങ്കിൽ അൽപ്പം വേഗത്തിലാക്കാൻ 'സൈക്കിളി'ലാണ് പിറകെ വരുന്നത്. മനസ്സിൽ ഒരുപാട് പ്രണയം ഉണ്ടെങ്കിൽ അത് ഒരു തരം ഭ്രാന്താണെന്ന് ചിത്രം പറയുന്നു. അങ്ങനെയാണെങ്കിൽ കേരളം ഇപ്പോ ഒരു ഭ്രാന്താലയം തന്നെ. ഈ മഴക്കാലത്ത് നമ്മൾ കണ്ടതും അതു തന്നെ. പ്രണയത്തിന്റെ സ്നേഹത്തിന്റെ ഭ്രാന്തൻമാരുടെ സ്ഥലം.
"മനസ്സിലാണ് നിൻ ജീവിതം, ഈ നിമിഷമാണ് നിൻ പറുദീസ... മുന്നോട്ട്... മുന്നോട്ട് ... മുന്നോട്ട് ...!"
ഫാ.ബിബിൻ ഏഴുപ്ലാക്കൽ mcbs
18 Mar 2019
സെക്യൂരിറ്റി
ആശുപത്രി പരിസരത്ത് കുറച്ചധികം സമയം വെറുതെ നിന്നപ്പോഴാണ് ലൂയി ചേട്ടനെ പരിചയപ്പെട്ടത്, സെക്യൂരിറ്റിയാണ്. വഴി പറഞ്ഞു കൊടുക്കാനും കടന്നു വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനുമൊക്കെ അതീവ ജാഗ്രതയോടെ ലൂയി ചേട്ടൻ നിൽക്കുന്നത് കാണാൻ രസമായിരുന്നു.
ഞങ്ങളുടെ സംഭാഷണങ്ങൾക്കിടയിലും അദ്ധേഹം അതൊക്കെ തുടർന്നുകൊണ്ടിരുന്നു. വീടടുത്താണ്, 2 മക്കൾ. ഏതൊരു കുടുംബത്തേയും പോലെതന്നെ ഭാരം മുഴുവൻ വഹിക്കുന്ന വിയർക്കുന്ന ഒരപ്പൻ. തൻ്റെ ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും പറയുമ്പോഴും ഒരു പുഞ്ചിരി നഷ്ടമാക്കാതെ പറയാൻ ലൂയി ചേട്ടനു കഴിഞ്ഞു. പതിവു രീതിയിൽ 'എല്ലാം ശരിയാകും' എന്ന മനപാഠ ഉത്തരത്തിൽ അവിടം വിടുമ്പോൾ തൊട്ടാണ് സെക്യൂരിറ്റി ചേട്ടൻമാരെ നിരീക്ഷിച്ചു തുടങ്ങുന്നത്. എൻ്റെ അപ്പൻ്റെ പ്രായമാണ് പലർക്കും. പ്രായത്തിൻ്റെ ആലസ്യമൊക്കെ ഉണ്ടായിട്ടുപോലും സ്വന്തമായി വിയർപ്പൊഴുക്കുന്ന ചിലർ.
രാവിലെ മുതൽ ഒരു യൂണിഫോമിൻ്റെ പിൻബലത്തിൽ ആ ഇടത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്താൻ അവരിങ്ങനെ നിലകൊള്ളുന്നു. സുരക്ഷിതത്വമാണവർ തരുന്നത്. പ്രായത്തിൻ്റെ തളർച്ചകളുണ്ടെങ്കിലും അവർ സെക്യൂരിറ്റികളാണ്. ഒന്ന് തള്ളിയാൽ ഇടറി വീഴുന്ന ദുർബലരാണതിൽ പലരും, എങ്കിലും അവർ സെക്യൂരിറ്റികളാണ്.
മാർച്ച് 19 ഔസേപ്പിതാവിൻ്റെ ഓർമ്മയാണ്. ജോസഫും അത്രമാത്രമല്ലേ ചെയ്തത്. സെക്യൂരിറ്റി ചേട്ടൻ്റെ പണി. തിരുകുടുംബത്തെ സുരക്ഷിതമാക്കി. ഒരശ്രദ്ധ കൊണ്ടു പോലും മറിയത്തിനും കുഞ്ഞിനും മങ്ങലുണ്ടാകരുതെന്ന് ആഗ്രഹികുന്ന അപ്പനാണവൻ. നമ്മുടെ അപ്പൻമാരും ജോസഫിനെപ്പോലെ തന്നെ.....
ജീവിതം സുരക്ഷിതമാക്കാൻ വെയിലു കൊള്ളുന്നവർ. എല്ലാ അപ്പൻമാർക്കും ജോസഫിൻ്റെ മുഖമാണ്.സംരക്ഷണത്തിൻ്റെ ചിറകുകൾക്കിടയിൽ അവർ നമ്മെ ചേർത്തു പിടിക്കുന്നതിൻ്റെ ബലത്തിലാണ് ഓരോ കുടുംബവും പറന്നുയരുന്നത്.
നസ്രത്തിലെ ആ താനാണ് താരം. വിയർപ്പിൻ്റെ, തൊഴലിൻ്റെ ആത്മീയ ദൂരം അവനിൽ നിന്ന് തുടങ്ങുകയാണ്. തിരുകുടുംബത്തിന് സുരക്ഷിതത്വം നൽകുക എന്നതായിരുന്നു ജോസഫിൻ്റെ വിളി. ഒരു സെക്യൂരിറ്റിയാവുക. അപ്പൻ ആലിപ്പഴം പോലാണെന്ന് കേട്ടിട്ടുണ്ട്. അമ്മയെന്ന മഴയിൽ ഇടയ്ക്കൊക്കെ നമ്മൾ നനയാറുണ്ട്. പക്ഷെ അപ്പൻ ആലിപ്പഴം പ്പോലെ.....! വർഷത്തിൽ ഒന്നോ രണ്ടോ.., അത്രയുള്ളു. സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും ചില സ്വർഗ്ഗീയ നിമിഷങ്ങൾ നൽകാൻ അപ്പൻമാർ ഇടയ്ക്കൊക്കെ വരും..... സുവിശേഷത്തിലെ ജോസഫിനെപ്പോലെ, ആലിപ്പഴം പോലെ.
ജോസഫുമാർ നമ്മുടെ അപ്പൻമാരാണ്. ഇത് അവരുടെ ദിനം കൂടിയാണ്. അധികമൊന്നും സ്നേഹം പുറത്തു കാണിക്കാതെ അവരിങ്ങനെ ഗൗരവത്തിൻ്റെ മുഖംമൂടിയിൽ ഉള്ളു നിറയെ തുളുമ്പുന്ന സ്നേഹവുമായി കൂടെയുണ്ട്. തച്ചനും ഉണ്ണിമിശിഹായെ വളർത്തിയവനുമായ ജോസഫിനെ ഓർക്കുന്ന ഇന്ന് നമ്മുടെ കുടുംബത്തെ സെക്യൂരിറ്റിമാരെ ഓർക്കാം. ദൂരെ വല്ലോം ആണെങ്കിൽ ഒന്ന് വിളിക്കാം. അതുമല്ലെങ്കിൽ മിഴി പൂട്ടി ഒന്നോർക്കാം.
കുഞ്ഞുനാൾ മുതൽ വളർത്തിയെടുത്ത് ചിറകുകൾക്ക് ജീവൻ നൽകിയ അപ്പനെ. ആ വിയർപ്പിൽ നമ്മുടെ അന്നമുണ്ട്. ജീവിതത്തിന് ഒരു 'സെക്യൂരിറ്റി' ഉണ്ട്. തച്ചനാണ് താരം, ജോസഫ് !
മാർച്ച് 19
(ഔസേപ്പിതാവിൻ്റെ മരണതിരുനാൾ)
ഫാ. ബിബിൻ ഏഴുപ്ലാക്കൽ Mcbs
7 Mar 2019
പ്രിയപ്പെട്ട അമ്മയ്ക്ക്
"അമ്മയ്ക്കൊരു പനി വന്നാൽ നിശ്ചലമായി പോകുന്ന കടലുകളാണ് ഓരോ വീടും" എഴുതിയത് ഒരു ചങ്ങാതിയാണ്. ഈ പെൺ ദിനത്തിൽ ശിരസ്സു നമിച്ച് ആ പാദങ്ങളിൽ തൊട്ടെ മതിയാവു! നമ്മുടെ അമ്മമാരുടെ. ഒരേ സമയം ഒരുപാട് കുട്ടികളെ താലോലിക്കാനും ജീവതത്തിലെ മുറിവുണക്കാനും അവൾക്കാണ് എളുപ്പം. പലപ്പോഴും പുരുഷ വീരൻമാരേക്കാൾ അവൾക്കാണ് വേദന താങ്ങാൻ കഴിയുക. ഒരു കുടുംബത്തിന് നൽകുവാൻ വേണ്ടുവോളം സ്നേഹവും കരുതലും അവളിലുണ്ട്. അതിജീവനത്തിൻ്റെ പാഠങ്ങൾ നിങ്ങളാണ് പഠിപ്പിക്കുന്നത് അമ്മമാരേ! നിങ്ങൾ അതിജീവിക്കുന്നതും ഞങ്ങൾക്കു വേണ്ടിയല്ലേ...!
ഒട്ടുമിക്ക ദിവസങ്ങളിലും നിറമിഴികളോടെ അരികിൽ വരുന്ന ഒരു അമ്മയുണ്ട്. വാക്കുകൾ അധികമില്ലാത്ത ഒരമ്മ. കണ്ണീരിൽ കുതിർന്ന ആ സാരി തുമ്പിൽ എത്ര കടലുകളുണ്ടാവും...! പറയുന്നത് മുഴുവൻ മകനെ കുറിച്ചാ... ഒരു വാക്കു പോലും കുറ്റമല്ല. മറിച്ച് അവൻ നടന്നു പോകേണ്ട അല്ലെങ്കിൽ അവൻ നന്നാവേണ്ട നല്ല വഴികളെക്കുറിച്ച്. ഒടുവിൽ ഒരു ഗദ്ഗദമുണ്ട്... " ശരിയാകുമായിരിക്കും അല്ലേ... ശരിയാകൂന്നേ..!
ഇത്രമാത്രം സ്നേഹവും കരുതലും തരാൻ മറ്റാർക്കാണ് പറ്റുക. എഴുതപ്പെടുന്നതും പറയപ്പെടുന്നതുമെല്ലാം അമ്മമാരേകുറിച്ചാണ്. ഇനിയും കണ്ണുതുറന്ന് കാണാൻ പാകത്തിൽ അവരൊക്കെ ഇവിടെത്തന്നുണ്ട്.
ജീവിതത്തിൽ അമ്മ ഇല്ലാതാകുന്ന നിമിഷം തൊട്ട് നമ്മുക്ക് വയസ്സായി തുടങ്ങുന്നു.എത്ര തളർന്നാലും വൈകിയാലും ഓടിചെന്നാൽ കിട്ടുന്ന ഒരു മടിതട്ട് നഷ്ടമാകുന്നു. ഇടയ്ക്കൊക്കെ ഒരു പനി വരുന്നത് നല്ലതാ... അമ്മയുടെ സ്നേഹം നിറച്ച ചുക്കുകാപ്പി കൂടിക്കാൻ, ആ സ്നേഹത്തിൻ്റെ വാത്സല്യം നെറ്റിയിൽ തലോടലായറിയാൻ, രാത്രിയിൽ പനിച്ച് വിറച്ച് അമ്മയുടെ ചാരെ കിടന്നുറങ്ങാൻ... ഇടയ്ക്കൊക്കെ ഒരു പനി നല്ലതാ..! ഇനി അതുമല്ലെങ്കിൽ ആ സ്നേഹത്തിൻ്റെ ഓർമ്മയിൽ നിറയാൻ.
ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ജീവിതത്തിൽ കാത്തിരിക്കാൻ ആരുമില്ലെന്ന്... ഡിയർ ബ്രോ, രാത്രി വൈകി വീട്ടിലേക്ക് ചെല്ലുക. വെള്ളമൊഴിക്കാതെ ചോറിന് കാവൽ നിൽക്കുന്ന ഒരു നിഴൽ അടുക്കളയിലുണ്ടാവും. ആ കാത്തിരിപ്പിൻ്റെ പേരാണ് അമ്മ. 'എനിക്കറിയാം' എന്ന് നീ പറയുന്നത് വരെ നിന്നെ അറിഞ്ഞത് നിൻ്റെ അമ്മയായിരുന്നു. ആ നീ ഇപ്പോ പറയുവാ," ഈ അമ്മക്ക് ഒന്നും അറിയില്ലെന്ന്" ഇന്ന് ഫേസ് ബുക്കിൽ വായിച്ച നന്ദുവിൻ്റെ പോസ്റ്റ് കിടുവാ...
" അമ്മേ...
വനിതാദിനമായിട്ട് എന്താ പരിപാടി..?"
" അടുപ്പത്ത് അരിയിട്ടിട്ടുണ്ട്,
കറിയുണ്ടാക്കാൻ അരിയാനെടുക്കണം,
വീടടിച്ചു വാരണം,
പിന്നെ തുണിയൊക്കെ അലക്കിയിട്ടിട്ട് 'ചന്ദനമഴ' കാണണം"
ആഹാ... ബെസ്റ്റ്!
(വനിതാ ദിനം 2019)
ഫാ. ബിബിൻ ഏഴുപ്ലാക്കൽ MCBS
20 Jan 2019
കൂട്ട്= സൗഹൃദങ്ങളുടെ സുവിശേഷം
ഇത് ഈ കാലഘട്ടത്തിന്റെ പുസ്തകമാണ്. ബന്ധങ്ങളുടെ പവിത്രത ബോബിയച്ചന്‍ കൂട്ടിലൂടെ കോറിയിടുന്നു. അച്ചന്‍ ഇന്നുവരെ എഴുതിയതും എഴുതുന്നതുമൊക്കെ കൂട്ടിനെക്കുറിച്ചാണ്. ദൈവത്തോടും സഹോദരനോടും എങ്ങനെ ചങ്ങാത്തത്തിലാകാമെന്ന്. അതിന്റെ ക്ലൈമാക്‌സാണ് കൂട്ട് എന്ന പുസ്തകം.
കാലഘട്ടത്തിന്റെ പുതിയ സിംഫണി പോലെ നെഞ്ചില്‍ വന്നു തൊടുന്ന പുസ്തകമാണ് ഇത്. നിനയ്ക്കാതെ പെയത മഴയില്‍ ഒരു മാത്ര കേറി നില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഇങ്ങനെ,ഒരാളുടെ ജീവിതത്തില്‍ ചങ്ങാതിക്കുള്ള സ്ഥാനം കോറിയിട്ടുകൊണ്ടാണ് അച്ചന്‍ പുസ്തകം ആരംഭിക്കുന്നത് തന്നെ.
ഇരുനൂറോളം പേജുകളിലായി ഇപ്രകാരം ചങ്ങാത്തത്തിന്റെ സ്വപ്‌നത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കുമാണ് നെഞ്ചില്‍ തൊടുന്ന ഭാഷയുമായി ഗ്രന്ഥകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എപ്പോഴും ആരെങ്കിലുമൊക്കെ ചേര്‍ന്നുനില്ക്കുമ്പോഴാണ് ജീവിതം ലാവണ്യത്തിലാകുന്നതെന്നും. അതിനൊരു കൂട്ട് വേണമെന്നും ഈ പുസ്തകം ഓരോ വായനക്കാരനെയും ഓര്‍മ്മിപ്പിക്കുന്നു. സൗഹൃദത്തിന്റെ സുവിശേഷം വായിക്കുന്ന അനുഭവമാണ് ഇവിടെ നമുക്ക് ലഭി്ക്കുന്നത്.
കൂട്ട്
ബോബി ജോസ് കട്ടിക്കാട്
ഇന്ദുലേഖ പ്രസാധനം
വില:195
#bookreviews
7 Jan 2019
മഴയുടെ വീട്ടിലേക്ക് പോകാം #book_review
എഴുത്തിന്റെ തനതായ ശൈലി കൊണ്ട് വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കൃതിയാണ് ജോസ് സുരേഷിന്റെ മഴയുടെ വീട്. ധ്യാനിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഴിയുന്ന വിധത്തിലുള്ള 26 ലേഖനങ്ങള്‍. വായനയുടെ നല്ലകാലം വായനക്കാരന് ആശംസിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ പുസ്തകം ആരംഭിക്കുന്നത്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ചിന്തകളാല്‍ സമ്പന്നമാണ് ഈ വീട്. എഴുത്തുകാരന്റെ പരന്ന വായനയുടെയും തത്വചിന്തയുടെയും ശക്തി വായനക്കാരന് ഇവിടെ അനുഭവവേദ്യമാണ്. കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവരായ നമുക്ക് നമ്മള്‍സ്ഥിരം കണ്ടു മറക്കുന്ന കാഴ്ചകളെയും സാഹചര്യങ്ങളെയും മറ്റൊരു വീക്ഷണത്തില്‍ കാണാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുന്നു. ഓര്‍മ്മകള്‍ കൊണ്ട് പണിതീരാത്ത വീടുപോലെ ബാല്യം മുതല്ക്കുള്ള പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഒരു ചിത്രം പോലെ ഇവിടെ അനുഭവവേദ്യമാകുന്നു. ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകളാണ് എന്ന് ഇത് വായിക്കുമ്പോള്‍ ഏതൊരാളും പറഞ്ഞുപോകും. നമുക്ക് നമ്മോട് തന്നെ തോന്നേണ്ട സ്‌നേഹവിചാരങ്ങളെ ദൈവത്തോട് ചേര്‍ത്തുവച്ചുകൊണ്ട് ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുകയാണ് അക്ഷരങ്ങളിലൂടെ. ക്രിസ്തുവിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: പങ്കുവയ്ക്കലുകളുടെ അപകടമായിരുന്നു ക്രിസ്തുവിന്റെജീവിതം.സ്വപ്‌നം പങ്കുവച്ചുതുടങ്ങി, പിന്നെ സ്‌നേഹം, വിശുദ്ധി കഴിവുകള്‍. അവസാനം അവനെ തന്നെ പങ്കുവയ്ച്ചു. ഈ ദര്‍ശനത്തിലേക്ക് ക്രിസ്തു ദര്‍ശനത്തിലേക്ക് ഒരു വേള മിഴി തുറന്ന് നോക്കാന്‍ ഈ പുസ്തകം വായിച്ചടയ്ക്കുമ്പോള്‍ തോന്നും. ഇതിലെ കുറിപ്പുകള്‍ ആത്മാര്‍ത്ഥതയുടെ അക്ഷരങ്ങളാണ്. ക്രിസ്തു പെയ്തിറങ്ങുന്ന ആ വീട്ടിലേക്ക്, മഴയുടെ വീട്ടിലേക്ക് പോകാന്‍ പ്രേരണയും സ്വാധീനവും നല്കുന്നതാണ് ഈ പുസ്തകം. ആ വാതില്‍ തുറക്കാന്‍ ഈ പുസ്തകം തുറന്ന് നമുക്ക് നിശ്ശബ്ദമാകാം. ദൈവം പെയ്തിറങ്ങും. തീര്‍ച്ച.
മഴയുടെ വീട്
ജോസ് സുരേഷ്
തിയോ ബുക്‌സ്
വില: 75
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS
6 Nov 2018
"ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലെ"..? ബെന്യാമിന്റെ ആടുജീവിതത്തിന്‍റെ
ആദ്യഅദ്യായത്തിലെ വരികള്‍.
ആഗ്രഹങ്ങള്‍ അസ്തമിച്ച മനുഷ്യരുടെ മനസ്സുവായിക്കുവാന്‍ ഇടയായപ്പോള്‍ മനസ്സിലായി ആഗ്രഹങ്ങളോടൊപ്പം അവരില്‍ അവസാനിച്ചത് പ്രതീക്ഷകള്‍ ആണെന്ന്.
ചിലരെങ്കിലും മരണത്തിന്‍റെ മണം കാത്തിരിപ്പുണ്ട്. നമ്മുടെ ഉറ്റവരുടെ ആഗ്രങ്ങളിലേക്ക് ഒന്ന് നടന്നാലോ...! അത് ചിലപ്പോള്‍ അപ്പന് നല്‍കുന്ന ഒറ്റമുണ്ടാകാം, അമ്മക്ക് നല്‍കുന്ന ഫോണ്‍വിളിയാകാം... ചിലരെങ്കിലും ഈ ആഗ്രഹങ്ങളൊക്കെയും മനസ്സിലിട്ടു താരാട്ട് പാടുന്നുണ്ട്...ചാര്‍ളി ചാപ്ലിന്‍ പറയുന്നപോലെ "ജീവിതമെന്നാല്‍ ആഗ്രങ്ങളല്ലാതെ മറ്റെന്താണ്.."
ഈ കൊച്ചു ജീവിതത്തില്‍ ക്ലെച്ചുപിടിക്കാതെ വഴിമുട്ടി നില്‍ക്കുന്നവരുമുണ്ടെന്നേ... ഒരു പുഞ്ചിരി കൊണ്ട് പോലും ഹാപ്പിയാകുന്നവരുള്ള നാടാണിത്.
ഓര്‍ക്കണം നമ്മുടെ ഉറ്റവരുടെ ആഗ്രഹങ്ങളായിരുന്നു ഇന്നത്തെ "നാം"..!
ബിബിന്‍ ഏഴുപ്ലാക്കല്‍
കണക്ക്
പേര് വിനു.
വിനുകുട്ടനെന്ന് വീട്ടിലും
വിനു മാത്യുവെന്ന് സ്കൂളിലും വിളിച്ചു.2
കണക്കു ടീച്ചർ പറഞ്ഞ
കണക്കുകൾക്കെല്ലാം
വിനു മാത്യു ഒന്നാമനായി.
വിനു കുട്ടനാണ് അച്ഛന്റെ
കീശയിലെ ചില്ലറകൾ എണ്ണിയിരുന്നതും.
കണക്കിന്റെ രസം പിടിച്ച വിനു മാത്യു
എഴുതിയ പരീക്ഷകളെല്ലാം ഒന്നാമൻ.
വിനുക്കുട്ടൻ എണ്ണിയ
ചില്ലറ തുട്ടുകൾ
കൂടി വച്ചിട്ടതിൽ നിന്നൊരെണ്ണം
നീട്ടുമ്പോൾ തിളങ്ങിയ
ദിനേശന്റെ പീടികയിലെ
പ്യാരീസ് മിഠായി.
ഓണ പരീക്ഷയുടെ
മാർക്കുവന്ന ദിവസം,
കണക്ക് ടീച്ചർ വിളിച്ചു...
അമ്പിളി കൃഷ്ണൻ - 18
വിഷ്ണു cv- 21
ജോൺ പോൾ - 34
വിനു മാത്യു - 48 വെരി ഗുഡ്.
" എല്ലാരും കണ്ടു പഠിക്ക് "
തിടുക്കത്തിൽ
കുതിച്ചു ചാടി വീട്ടിലേക്ക്
ഓടിയ വിനു കുട്ടൻ അച്ഛനെ നോക്കി
"അച്ഛാ.... 48 "
ചേർത്ത് പിടിച്ച് അച്ഛൻ
"ഇന്ന് കീശയിൽ ചില്ലറയില്ല
കവിളത്ത് ഞാൻ രണ്ട് മുത്തം തരാം...
"50 ന്റെ തിളക്കത്തിൽ വിനുകുട്ടൻ"
കണക്കുകൾ പിഴയ് ക്കാതിരിക്കറ്റെ.
ബിബിൻ ഏഴുപ്ലാക്കൽ
5 Nov 2018
പ്രളയം കഴിഞ്ഞിട്ടില്ല
സത്യത്തിൽ പ്രളയം കഴിഞ്ഞിട്ടില്ല! കേരളത്തിന്റെ ഹൃദയത്തിൽ പ്രളയത്തിന്റെ അംശങ്ങൾ ഇന്നും ഇരമ്പുന്നുണ്ട്. എന്നിട്ടും കോലാഹലങ്ങളുടെയും, അക്രമങ്ങളുടെയും നടുവിൽ നിൽക്കാനാണ് നമുക്കിഷ്ടം. മുക്കുവർ, പ്രളയത്തിൽ രക്ഷയുടെ വഞ്ചിയൊരുക്കിയവർ സങ്കടപ്പെടുന്നു കാണും... ഇത്രമാത്രം ചേർത്തുപിടിച്ചിട്ടു പോലും നമ്മൾ പോരിനിറങ്ങിയതിനെയോർത്ത്...
പ്രളയം പഠിപ്പിച്ച ചില പാഠങ്ങൾ മറന്നു പോകരുത്. അത്ര നിസ്സഹയരാണ് ചിലപ്പോൾ മനുഷ്യർ. ചില വീണ്ടുവിചാരം നമ്മുക്ക് നല്ലതു തന്നെ...
നന്മയുടെ ശേഷിപ്പുകൾ ബാക്കിയുണ്ടാവണം എന്ന ഓർമ്മപ്പെടുത്തലാണ് പ്രളയം തന്നത്, പഠിപ്പിച്ചത്. പക്ഷെ നമ്മൾ മറന്നു... ഒരു ചങ്ങാതി ആ ദിവസങ്ങളിൽ കുറിച്ചിട്ടത് ഓർക്കുന്നു"പ്രകൃതി വിതച്ചത് പ്രളയം, പ്രളയം കൊയ്യുന്നതോ... പ്രണയമാണ് "
ശരിയാണ് പ്രളയം അപരനെ സ്നേഹിക്കാനാണ് പഠിപ്പിച്ചത്, അത് അങ്ങനെ തന്നെയാണ്. പക്ഷെ അത്ര ചൂടാറും മുൻപുതന്നെ നാം തള്ളി പറഞ്ഞു തുടങ്ങി, കല്ലുകൾ എടുത്ത് തുടങ്ങി, പല കൊടികൾ നാട്ടിതുടങ്ങി, ചൂടേറിയ ചർച്ചകൾക്കും കളമൊരുക്കി.
ഓർമ്മകൾ പ്രളയകാലത്തേക്ക് സഞ്ചരിക്കുന്നു... മെല്ലെയാണ്...! ശക്തമായ അതിജീവനത്തിന്റെ കഥകൾ, പോരാടിയ വഞ്ചികളും അതിലെ മാലാഖമാരായ നമ്മുടെ ചേട്ടൻമാരും, ദുരിതാശ്വാസ ക്യാമ്പിൽ പൂക്കളമിട്ട് സദ്യയുണ്ട നമ്മുടെ കഴിഞ്ഞ ഓണം, സ്വന്തം മേൽക്കൂര കാണാതെ നമ്മൾ ഒരുമിച്ച് ഉറങ്ങിയ സ്കൂളുകൾ, അരി തൊട്ട് പെങ്ങന്മാർക്കുള്ള പാഡുകൾ വരെ നാം ആദരവോടെ സ്വരൂപിച്ചെടുത്തു, അന്ന് ചർച്ച ചെയ്യാനും പരസ്പരം പറയാനുക്കുമൊക്കെ ഒന്നേ ഉണ്ടായിരുന്നുള്ളു... അതിജീവനം! പരസ്പരം ജീവിതം തിരിച്ചുപിടിക്കാനുള്ള വെമ്പലായിരുന്നു നമുക്ക്.
ഇടയ്ക്ക് മിഴി പൂട്ടി ഒന്നിരിക്കണം... ഓർമിച്ചെടുക്കണം....ആരുടെയൊക്കെയോ കരുണകൊണ്ട് മാത്രം എന്ന നിലനിർത്തിയ സ്നേഹത്തേകുറിച്ച്...
എന്റെ സ്വപ്നങ്ങളെയും ഉറ്റവരെയുമൊക്കെ ബാക്കിയാക്കിയത് ഇവിടെ നന്മയുടെ ശേഷിപ്പുകൾ ബാക്കിയുള്ളതുകൊണ്ട് മാത്രമാണ്.
അഭിപ്രായ വിത്യാസങ്ങളും ഇഷ്ടകേടുകളുമൊക്കെ നമുക്ക് വേണം, " ജീവൻ " എന്ന മഹനീയതയെ ബഹുമാനിച്ചുകൊണ്ട് മാത്രം. കാരണം ആരുടെയൊക്കെയോ കരുതലിന്റെ, സ്നേഹത്തിന്റെ മിച്ചം മാത്രമാണ് ഞാൻ. ഡാമിൽ നിന്ന് ആർത്തുലച്ചു വരുന്ന വെള്ളത്തിന്റെ ശബ്ദം കേൾക്കാതെ, കുത്തിയൊലിച്ചുവരുന്ന മണ്ണും മരവും കാണാതേ, തന്റെ കൈകളിൽ പനി കൊണ്ട് വിറയ്ക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ച് ചെറുതോണി പാലത്തിനു കുറുകെ ഓടിയ കന്നയ്യയെ നാം മറന്നോ...? കുട്ടിയുമായി കുത്തൊഴുക്ക് കടന്ന് കന്നയ്യ കുമാർ ഓടി കയറിയത് മലയാളി ഹൃദയത്തിലേക്കാണ്.... കന്നയ്യയെപ്പോലെ പലരും ഓടി... പലരും ചേർന്നു നിന്നിട്ടുമുണ്ട്... ഓർക്കണം. ഓർത്തേപ്പറ്റു....
മിഴി പൂട്ടുന്നു. കണ്ണുകൾ അൽപ്പം കഴിഞ്ഞെ ഇനി തുറക്കുന്നുള്ളു...പ്രളയം ഉള്ളിൽ തന്നെയുണ്ട്. ജലം ഉയരുന്നതും, താഴുന്നതുമൊക്കെ ഉള്ളിൽ തന്നെയുണ്ട്....! ഓർമ്മകളെ മറയരുതേ...!
🌿🕊🕊🌿
ഫാ. ബിബിൻ ഏഴുപ്ലാക്കൽ Mcbs
