Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

2 Mar 2020

ഒറ്റയടിപ്പാത


 "ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വെച്ചു. ഞാൻ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവർ ആരുമില്ല, ഓടിയൊളിക്കാൻ ഇടമില്ല, എന്നെ രക്ഷിക്കുവാൻ ആളുമില്ല."

 ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നിൽക്കുന്ന മൂന്നാം സ്ഥലം. അത്രമേൽ സ്നേഹത്തിന്റെ നോട്ടം കൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയിൽ നിന്ന്,  വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാൻ പറ്റാത്ത ഞാൻ  അത്ര ചെറുതാണ്. സഹനങ്ങളുടെ മുറിപ്പാടുകളിൽ നിന്ന് ഉയിർക്കാൻ എനിക്കെന്തേ കഴിയാത്തത്? കല്ലുകൾ നിറഞ്ഞ വഴികലാണെന്നറിഞ്ഞിട്ടും കുരിശുമായി നീങ്ങാൻ മടിച്ചുനിൽക്കുന്ന ഭീരുവാണ് ഞാൻ. ആദ്യ വീഴ്ചയിലെ കുരിശ് വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പോകുന്ന ഭീരു. 
 അല്പമെങ്കിലും ക്ലേശം ഉണ്ടാകുമ്പോൾ സഞ്ചാരം സുഖമാക്കാൻ പുൽത്തകിടിയും ഇന്റർലോക്കുമൊക്കെ ഒരുക്കുന്ന ഈ കാലത്ത് മനസ്സിലും ഞാൻ ഈ സുഖ വഴികൾ ഒരുക്കിയിരിക്കുകയാണ്. നീ നടന്ന ഒറ്റയടിപ്പാത, കുരിശിന്റെ പാത അത്ര നിസ്സാരമല്ല. അതിന് കൈപ്പുണ്ട്‌. അതിനു വിലയുണ്ട്. എന്നിട്ടും വീഴ്ചകളിൽ പതറി ഞാൻ നിൽക്കുകയാണ്. വീണ്ടും പുതുചുവടുകൾ വച്ച്, സഹനത്തിന്റെ വഴിയിൽ ചരിക്കുവാൻ എനിക്ക് അത്ര മാത്രം ബുദ്ധിമുട്ടാണ്. വീഴ്ചകൾ ഉണ്ടാകുമ്പോൾ എന്നെത്തന്നെ  നിയന്ത്രിക്കുവാൻ പഠിപ്പിക്കണമേ എന്നു മാത്രമാണ് പ്രാർത്ഥന. 

 എത്രമാത്രം ഇടറുമ്പോഴും വീഴുമ്പോഴും തീരത്ത് ഒരാൾ നിൽപ്പുണ്ട്. അതിജീവനത്തിന്റെ  അപ്പം വിളമ്പുന്നവൻ. ആത്മാവിനെ അൾത്താരയാക്കുന്ന  ക്രിസ്തു സ്നേഹം. ആ മിഴികളിൽ നോക്കുമ്പോൾ വീഴ്ചകൾക്ക് ആക്കം കുറയുമെന്നു മാത്രമല്ല, കയറിവരാൻ അവൻ നീട്ടുന്ന  കരങ്ങൾ പിടിച്ചുകൊണ്ട് അവൻ നടന്ന ഒറ്റയടിപ്പാതയിൽ പോകാൻ ഒരു ബലമൊക്കെ കിട്ടും. ഇനിയും ആ തീരത്തേക്ക് ഞാൻ അടുത്തിട്ടില്ല. ഇനിയും ആ മിഴികളിൽ ഞാൻ നോക്കിയിട്ടില്ല. ഇതും തിരിച്ചറിവാണ് അവന്റെ ഒറ്റയടിപ്പാതയിൽ നടക്കാനുള്ള സുവിശേഷത്തിലെ തിരിച്ചറിവ്. 

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs 

No comments:

Post a Comment