Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

20 Jan 2019

കൂട്ട്= സൗഹൃദങ്ങളുടെ സുവിശേഷം

ഇത് ഈ കാലഘട്ടത്തിന്റെ പുസ്തകമാണ്. ബന്ധങ്ങളുടെ പവിത്രത ബോബിയച്ചന്‍ കൂട്ടിലൂടെ കോറിയിടുന്നു. അച്ചന്‍ ഇന്നുവരെ എഴുതിയതും എഴുതുന്നതുമൊക്കെ കൂട്ടിനെക്കുറിച്ചാണ്. ദൈവത്തോടും സഹോദരനോടും എങ്ങനെ ചങ്ങാത്തത്തിലാകാമെന്ന്. അതിന്റെ ക്ലൈമാക്‌സാണ് കൂട്ട് എന്ന പുസ്തകം. 

കാലഘട്ടത്തിന്റെ പുതിയ സിംഫണി പോലെ നെഞ്ചില്‍ വന്നു തൊടുന്ന പുസ്തകമാണ് ഇത്. നിനയ്ക്കാതെ പെയത മഴയില്‍ ഒരു മാത്ര കേറി നില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഇങ്ങനെ,ഒരാളുടെ ജീവിതത്തില്‍ ചങ്ങാതിക്കുള്ള സ്ഥാനം കോറിയിട്ടുകൊണ്ടാണ് അച്ചന്‍ പുസ്തകം ആരംഭിക്കുന്നത് തന്നെ. 

ഇരുനൂറോളം പേജുകളിലായി ഇപ്രകാരം ചങ്ങാത്തത്തിന്റെ സ്വപ്‌നത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കുമാണ് നെഞ്ചില്‍ തൊടുന്ന ഭാഷയുമായി ഗ്രന്ഥകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എപ്പോഴും ആരെങ്കിലുമൊക്കെ ചേര്‍ന്നുനില്ക്കുമ്പോഴാണ് ജീവിതം ലാവണ്യത്തിലാകുന്നതെന്നും. അതിനൊരു കൂട്ട് വേണമെന്നും  ഈ പുസ്തകം ഓരോ വായനക്കാരനെയും ഓര്‍മ്മിപ്പിക്കുന്നു. സൗഹൃദത്തിന്റെ  സുവിശേഷം വായിക്കുന്ന അനുഭവമാണ് ഇവിടെ നമുക്ക് ലഭി്ക്കുന്നത്.

കൂട്ട്
ബോബി ജോസ് കട്ടിക്കാട്
ഇന്ദുലേഖ പ്രസാധനം
വില:195

#bookreviews


7 Jan 2019

മഴയുടെ വീട്ടിലേക്ക് പോകാം #book_review


എഴുത്തിന്റെ തനതായ ശൈലി കൊണ്ട്  വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കൃതിയാണ് ജോസ് സുരേഷിന്റെ മഴയുടെ വീട്. ധ്യാനിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഴിയുന്ന വിധത്തിലുള്ള 26 ലേഖനങ്ങള്‍. വായനയുടെ നല്ലകാലം വായനക്കാരന് ആശംസിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ പുസ്തകം ആരംഭിക്കുന്നത്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ചിന്തകളാല്‍ സമ്പന്നമാണ് ഈ വീട്. എഴുത്തുകാരന്റെ പരന്ന വായനയുടെയും തത്വചിന്തയുടെയും ശക്തി വായനക്കാരന് ഇവിടെ അനുഭവവേദ്യമാണ്. കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവരായ നമുക്ക് നമ്മള്‍സ്ഥിരം കണ്ടു മറക്കുന്ന കാഴ്ചകളെയും സാഹചര്യങ്ങളെയും മറ്റൊരു വീക്ഷണത്തില്‍ കാണാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുന്നു. ഓര്‍മ്മകള്‍ കൊണ്ട് പണിതീരാത്ത വീടുപോലെ ബാല്യം മുതല്ക്കുള്ള പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഒരു ചിത്രം പോലെ ഇവിടെ അനുഭവവേദ്യമാകുന്നു. ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകളാണ് എന്ന് ഇത് വായിക്കുമ്പോള്‍ ഏതൊരാളും പറഞ്ഞുപോകും. നമുക്ക് നമ്മോട് തന്നെ തോന്നേണ്ട സ്‌നേഹവിചാരങ്ങളെ ദൈവത്തോട് ചേര്‍ത്തുവച്ചുകൊണ്ട്  ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുകയാണ് അക്ഷരങ്ങളിലൂടെ. ക്രിസ്തുവിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: പങ്കുവയ്ക്കലുകളുടെ അപകടമായിരുന്നു ക്രിസ്തുവിന്റെജീവിതം.സ്വപ്‌നം പങ്കുവച്ചുതുടങ്ങി, പിന്നെ സ്‌നേഹം, വിശുദ്ധി കഴിവുകള്‍. അവസാനം അവനെ തന്നെ പങ്കുവയ്ച്ചു. ഈ ദര്‍ശനത്തിലേക്ക് ക്രിസ്തു ദര്‍ശനത്തിലേക്ക് ഒരു വേള മിഴി തുറന്ന് നോക്കാന്‍ ഈ പുസ്തകം വായിച്ചടയ്ക്കുമ്പോള്‍ തോന്നും. ഇതിലെ കുറിപ്പുകള്‍ ആത്മാര്‍ത്ഥതയുടെ അക്ഷരങ്ങളാണ്. ക്രിസ്തു പെയ്തിറങ്ങുന്ന ആ വീട്ടിലേക്ക്, മഴയുടെ വീട്ടിലേക്ക് പോകാന്‍ പ്രേരണയും സ്വാധീനവും നല്കുന്നതാണ് ഈ പുസ്തകം. ആ വാതില്‍ തുറക്കാന്‍ ഈ പുസ്തകം തുറന്ന് നമുക്ക് നിശ്ശബ്ദമാകാം. ദൈവം പെയ്തിറങ്ങും. തീര്‍ച്ച.

മഴയുടെ വീട്
ജോസ് സുരേഷ്
തിയോ ബുക്‌സ്
വില: 75

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

6 Nov 2018

"ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലെ"..? ബെന്യാമിന്റെ ആടുജീവിതത്തിന്‍റെ 
ആദ്യഅദ്യായത്തിലെ വരികള്‍.
ആഗ്രഹങ്ങള്‍  അസ്തമിച്ച മനുഷ്യരുടെ മനസ്സുവായിക്കുവാന്‍  ഇടയായപ്പോള്‍ മനസ്സിലായി ആഗ്രഹങ്ങളോടൊപ്പം അവരില്‍ അവസാനിച്ചത് പ്രതീക്ഷകള്‍ ആണെന്ന്.
ചിലരെങ്കിലും മരണത്തിന്‍റെ മണം കാത്തിരിപ്പുണ്ട്. നമ്മുടെ ഉറ്റവരുടെ ആഗ്രങ്ങളിലേക്ക് ഒന്ന് നടന്നാലോ...! അത് ചിലപ്പോള്‍ അപ്പന് നല്‍കുന്ന ഒറ്റമുണ്ടാകാം, അമ്മക്ക് നല്‍കുന്ന ഫോണ്‍വിളിയാകാം... ചിലരെങ്കിലും ഈ ആഗ്രഹങ്ങളൊക്കെയും മനസ്സിലിട്ടു താരാട്ട് പാടുന്നുണ്ട്...ചാര്‍ളി ചാപ്ലിന്‍ പറയുന്നപോലെ "ജീവിതമെന്നാല്‍ ആഗ്രങ്ങളല്ലാതെ മറ്റെന്താണ്.." 
ഈ കൊച്ചു ജീവിതത്തില്‍ ക്ലെച്ചുപിടിക്കാതെ  വഴിമുട്ടി നില്‍ക്കുന്നവരുമുണ്ടെന്നേ... ഒരു പുഞ്ചിരി കൊണ്ട് പോലും ഹാപ്പിയാകുന്നവരുള്ള നാടാണിത്.
ഓര്‍ക്കണം നമ്മുടെ ഉറ്റവരുടെ  ആഗ്രഹങ്ങളായിരുന്നു ഇന്നത്തെ "നാം"..!
                                   ബിബിന്‍ ഏഴുപ്ലാക്കല്‍